ന്യൂഡൽഹി: നിർണായക ഉന്നതതലയോഗം വിളിച്ചുചേർത്ത് ബിജെപി. നവംബർ ഒന്നാം തീയതി ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ റാലി രാംലീലാ മൈതാനത്ത് നടക്കാനിരിക്കേയാണ് നീക്കം. പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കാനുള്ള കൂടിയാലോചനകൾ നടത്താനാണ് ഉന്നതതലയോഗമെന്നാണ് വിവരം. ഞായറാഴ്ച വൈകുന്നേരം ബിജെപി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായും പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീനും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

To advertise here,

ബിജെപിയുടെ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും പങ്കെടുത്തേക്കുമെന്നാണ് വിവരം. എസ്‌ഐആർ വിഷയത്തിൽ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരത്തെ പ്രതിരോധിക്കാൻ വാർത്താചാനലുകളിലെ ചർച്ചകൾ, സാമൂഹികമാധ്യമങ്ങൾ തുടങ്ങിയവയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ആവിഷ്‌കരിക്കുക എന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട.

'വോട്ട് സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന പേരിൽ റാലിയും രാം ലീലാ മൈതാനത്ത് ഡൽഹി ചലോ എന്ന പേരിൽ മാർച്ചും നവംബർ ഒന്നാം തീയതി സംഘടിപ്പിക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. എസ്‌ഐആർ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാണ് ആവശ്യം. പ്രതിഷേധത്തിന് പരമാവധി ആളുകളെ എത്തിക്കാനാണ് കോൺഗ്രസ് നീക്കം. ഇതിന്റെ ഭാഗമായി കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും ഉൾപ്പെടെയുള്ള നേതൃത്വം ഉത്തർ പ്രദേശ്, ഹരിയാണ, ഡൽഹി തുടങ്ങിയിടങ്ങളിലെ പ്രാദേശികനേതൃത്വവുമായി കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്.