
ബുക്കറസ്റ്റ്: പോളണ്ടിന് പിന്നാലെ റൊമാനിയയുടെ വ്യോമാതിര്‍ത്തിയിലും റഷ്യന്‍ ഡ്രോണുകളുടെ കടന്നുകയറ്റം. ശനിയാഴ്ചയാണ് യുക്രൈന് നേരേയുള്ള ആക്രമണത്തിനിടെ അതിര്‍ത്തിയോട് ചേര്‍ന്ന് തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് റഷ്യന്‍ ഡ്രോണുകളെത്തിയതെന്ന് റൊമാനിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യന്‍ ഡ്രോണുകളുടെ കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ നാറ്റോ രാജ്യമാണ് റൊമാനിയ.
ഇക്കഴിഞ്ഞ ബുധനാഴ്ച മറ്റൊരു നാറ്റോ രാജ്യമായ പോളണ്ടിന്റെ വ്യോമാതിര്‍ത്തിയിലും റഷ്യന്‍ ഡ്രോണുകളെത്തിയിരുന്നു. റഷ്യയുടെ ഡ്രോണുകള്‍ വെടിവെച്ചിട്ടതായി പോളണ്ട് സ്ഥിരീകരിക്കുകയുംചെയ്തു. ഇതിനുപിന്നാലെയാണ് റൊമാനിയന്‍ വ്യോമാതിര്‍ത്തിയിലും റഷ്യന്‍ ഡ്രോണുകളെത്തിയത്.
യുക്രൈന്‍ അതിര്‍ത്തിയില്‍ രണ്ട് എഫ്-16 യുദ്ധവിമാനങ്ങള്‍ നിരീക്ഷണം നടത്തുന്നതിനിടെയാണ് റഷ്യന്‍ ഡ്രോണുകള്‍ കണ്ടെത്തിയതെന്നാണ് റൊമാനിയന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്. ചിലിയ വെചെ ഗ്രാമത്തില്‍നിന്ന് 20 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് മാറിയാണ് ഡ്രോണുകള്‍ കണ്ടതെന്നും എന്നാല്‍, ഇത് പിന്നീട് റഡാറില്‍നിന്ന് അപ്രത്യക്ഷമായെന്നും പ്രതിരോധമന്ത്രാലയം പറഞ്ഞു. ജനവാസമേഖലകള്‍ക്ക് മുകളിലൂടെയല്ല ഡ്രോണുകള്‍ പറന്നതെന്നും അപകടഭീഷണിയുണ്ടായിട്ടില്ലെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
അതേസമയം, റൊമാനിയയുടെ വ്യോമാതിര്‍ത്തിയിലേക്കുള്ള റഷ്യയുടെ കടന്നുകയറ്റം വെറുമൊരു അബദ്ധമായിരിക്കില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലെന്‍സ്‌കി പ്രതികരിച്ചു. ഇത് റഷ്യ യുദ്ധം വിപുലീകരിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, സംഭവത്തില്‍ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: Romania reports Russian drone incursion during attack on Ukraine, becoming the second NATO nation
Published: 14 Sept 2025, 09:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented