
ആംസ്റ്റർഡാം: ഗാസയിലെ ഇസ്രയേൽ സൈനിക നടപടിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഡച്ച് സർക്കാരിനോട് ആവശ്യപ്പെട്ട് നെതർലൻഡ്സ് തലസ്ഥാനമായ ആംസ്റ്റർഡാമിൽ വമ്പൻ റാലി. ഞായറാഴ്ച നടന്ന ഈ പ്രകടനത്തിൽ രണ്ടു ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തെന്ന് സംഘാടകരിലൊരാളായ ആംനസ്റ്റി ഇന്റർനാഷണലിന്റെ നെതർലൻഡ്സ് ഘടകം അവകാശപ്പെട്ടു. 'റെഡ് ലൈൻ' മാർച്ച് എന്നറിയപ്പെട്ട ഈ പ്രതിഷേധത്തിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും ചുവന്ന വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്.
ഇസ്രയേലിനുമേൽ കർശനമായ വ്യാപാര ഉപരോധങ്ങൾ ഏർപ്പെടുത്തുക, ആയുധ വിൽപ്പനയും കയറ്റുമതിയും പൂർണമായി അവസാനിപ്പിക്കുക, ഗാസയിൽ നടക്കുന്ന വംശഹത്യക്കെതിരെ നടപടികൾ സ്വീകരിക്കുക എന്നിവയായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ. നിലവിലുള്ള നയതന്ത്ര സമ്മർദങ്ങളും നിയന്ത്രണങ്ങളും പര്യാപ്തമല്ലെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. ഗാസ സംഘർഷത്തെത്തുടർന്ന് നെതർലൻഡ്സും ഇസ്രയേലും തമ്മിലുള്ള ബന്ധത്തിൽ നേരത്തെതന്നെ വിള്ളലുകൾ വീണിരുന്നു.
ഗാസയിൽ സംഭവിക്കുന്നത് ക്രൂരവും മാനുഷിക വിരുദ്ധവുമാണെന്ന് പ്രതിഷേധത്തിൽ പങ്കെടുത്തവർ ആരോപിച്ചു. ഡച്ച് സർക്കാർ ഇതിൽ ഒന്നും ചെയ്യുന്നില്ല, ഗൗരവമുള്ള യാതൊരു നടപടിയും സ്വീകരിക്കാൻ അവർ ധൈര്യപ്പെടുന്നില്ലെന്നും സമരക്കാർ ആരോപിച്ചു. പ്രതിഷേധത്തെത്തുടർന്ന് ആംസ്റ്റർഡാമിലെ പ്രധാന തെരുവിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു.
2023 ഒക്ടോബർ ഏഴിന് ഹമാസ് നേതൃത്വത്തിൽ ഇസ്രയേലിന്റെ തെക്കൻ മേഖലയിൽ ഉണ്ടായ ആക്രമണത്തെത്തുടർന്നാണ് ഗാസയിൽ ഇസ്രയേൽ സൈനിക നടപടി ആരംഭിച്ചത്. അന്നത്തെ ആക്രമണത്തിൽ 1,200-ഓളം പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇസ്രയേലിന്റെ സൈനിക ആക്രമണത്തിൽ പതിനായിരക്കണക്കിന് പലസ്തീനികൾ കൊല്ലപ്പെടുകയും ഗാസയുടെ വലിയൊരു ഭാഗം തകരുകയും ചെയ്തു.
Content Highlights: Over 200,000 protestors participated in a massive 'Red Line' march in Amsterdam, urging the Dutch government to implement strict trade embargoes and halt arms sales over the Gaza conflict.
Published: 09 Nov 2026, 05:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented