ധാക്ക: ഷെയ്ഖ് ഹസീന നൽകിയ പുതിയ പാസ്‌പോർട്ടിനുള്ള അപേക്ഷ ബംഗ്ലാദേശ് സർക്കാർ നിരസിച്ചു. ഹസീനയുടേത് ഒരു 'നാടകം' മാത്രമാണെന്ന് വിശേഷിപ്പിച്ച ബംഗ്ലാദേശ് സർക്കാർ, തീവ്രവാദികൾക്ക് പാസ്‌പോർട്ട് നൽകില്ലെന്നും പറഞ്ഞു. ഇതിനൊപ്പം, ഇരുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളികളെ കൈമാറുന്ന കരാർ പ്രകാരം ഹസീനയെ ബംഗ്ലാദേശിന് കൈമാറാൻ ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തു.

To advertise here,

ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിയമസ്ഥാപനം വഴി ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിലാണ് ഹസീന പുതിയ പാസ്‌പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനും അപേക്ഷ നൽകിയത്. അന്താരാഷ്ട്ര മനുഷ്യാവകാശ തത്ത്വങ്ങളും ബംഗ്ലാദേശ് പൗരത്വവും മുൻനിർത്തി തങ്ങളുടെ കക്ഷിക്ക് എത്രയും വേഗം പുതിയ പാസ്‌പോർട്ടും തിരിച്ചറിയൽ കാർഡും അനുവദിക്കണമെന്നാണ് അഭിഭാഷകർ ഹൈക്കമ്മീഷനോട് അഭ്യർത്ഥിച്ചിരിക്കുന്നത്. 2024-ൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള താൽക്കാലിക സർക്കാർ ഹസീനയുടെ പാസ്‌പോർട്ടും തിരിച്ചറിയൽ കാർഡും റദ്ദാക്കിയിരുന്നു.

ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ ഈ അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറുകയായിരുന്നു. എന്നാൽ, നിയമസ്ഥാപനം അയച്ച ഇമെയിലിൽ ഹസീനയുടെ അനുമതിപത്രമോ ഔദ്യോഗിക രേഖകളോ ഉണ്ടായിരുന്നില്ലെന്നും അതിനാൽ ഹസീനയുടെ പേരിലാണ് അപേക്ഷ സമർപ്പിച്ചതെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നും ബംഗ്ലാദേശ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഹസീന രാജ്യത്തുനിന്ന് ഓടിപ്പോയതാണെന്നും പുതിയ പാസ്‌പോർട്ടുമായി തിരിച്ചെത്താനുള്ള നാടകത്തിന് ഇനി പ്രസക്തിയില്ലെന്നും ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ പ്രതികരിച്ചു. തിരിച്ചെത്താൻ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് കൃത്യമായ നിയമവഴിയുണ്ട്. ബംഗ്ലാദേശും ഇന്ത്യയും തമ്മിൽ കുറ്റവാളികളെ കൈമാറുന്ന കരാറുണ്ട്. ആ കരാർ പ്രകാരം ബംഗ്ലാദേശിന് കൈമാറാൻ ഇന്ത്യയോട് ആവശ്യപ്പെടുകയാണ് ചെയ്യേണ്ടത്. അങ്ങനെ തിരിച്ചെത്തി കോടതിയിൽ കീഴടങ്ങി ശിക്ഷ അനുഭവിക്കാമെന്നും കബീർ പറഞ്ഞു.

2024 ഓഗസ്റ്റിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് പ്രതിഷേധക്കാർ ധാക്കയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയതോടെയാണ് ഷെയ്ഖ് ഹസീനയ്ക്ക് അധികാരം ഒഴിഞ്ഞ് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടിവന്നത്. കഴിഞ്ഞ രണ്ടുവർഷമായി ഇന്ത്യയിൽ കഴിയുന്ന ഹസീനയ്‌ക്കെതിരെ ബംഗ്ലാദേശിലെ പ്രത്യേക ട്രിബ്യൂണൽ അവർ ഇല്ലാത്ത സമയത്ത് വിചാരണ നടത്തി വധശിക്ഷ വിധിച്ചിരുന്നു. 2024-ലെ പ്രക്ഷോഭത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടാനും ആയിരങ്ങൾക്ക് പരിക്കേൽക്കാനും ഇടയാക്കിയ നടപടികൾക്ക് ഉത്തരവിട്ടത് ഹസീനയാണെന്ന് കണ്ടെത്തിയാണ് ട്രിബ്യൂണൽ ഈ ശിക്ഷ വിധിച്ചത്.