വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ മുതലാണ് പാക് അധീന കാശ്മീരിൽ പ്രതിഷേധം ആരംഭിച്ചത്

ഇസ്ലാമാബാദ്: പാക് അധീന കശ്മീരിൽ (പിഒകെ) പ്രതിഷേധക്കാർക്കുനേരെ പാക് സുരക്ഷാസേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 23 പേർക്ക് പരിക്കേറ്റു. പിന്നാലെ സൈന്യത്തിനെതിരെ പാകിസ്താനിൽ നിന്ന് തന്നെ രൂക്ഷമായ വിമർശനം ഉയർന്നു. പാക് അധീന കാശ്മീർ ഗാസയെ പോലെയാണെന്നും സുരക്ഷാസേന ഇസ്രയേൽ പ്രതിരോധസേനയെ (ഐഡിഎഫ്) പോലെയാണെന്നുമാണ് പാക് സാമൂഹികമാധ്യമങ്ങളിൽ ഉയർന്ന വിമർശനം.
വ്യാഴാഴ്ച റാവലകോട്ടിലാണ് പാക് സുരക്ഷാസേന വെടിവെപ്പും ഡ്രോൺ ആക്രമണവും നടത്തിയതെന്നാണ് പാകിസ്താനിലെയും കശ്മീരിലെയും മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തത്. കത്തിയമരുന്ന വീടിന്റെ ദൃശ്യങ്ങളും റോക്കറ്റ് ആക്രമണം നടന്നെന്ന റിപ്പോർട്ടുകളും ഒപ്പം പുറത്തുവന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്കരികിൽ പ്രതിഷേധക്കാർ വിലപിക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചു. പാക് സൈന്യത്തിന്റെ നടപടിക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വ്യാഴാഴ്ചത്തെ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തത്. എന്നാൽ കുട്ടികൾ ഉൾപ്പെടെ 12 പേർ മരിച്ചിരിക്കാമെന്നാണ് ചില പാക് മാധ്യമപ്രവർത്തകർ പറയുന്നത്.
നവംബർ അഞ്ചിന് നടത്തിയ സുരക്ഷാ നടപടിയാണ് പുതിയ സംഘർഷത്തിന് വഴിവെച്ചത്. ജമ്മു കാശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (ജെഎഎസി) നേതൃത്വത്തിൽ നടന്ന പ്രതിഷേധം അവസാനിപ്പിക്കാനായിരുന്നു നടപടി. പാക് റേഞ്ചേഴ്സ്, ഫ്രണ്ടിയർ കോർപ്സ്, പോലീസ് എന്നിവരാണ് പ്രതിഷേധ കേന്ദ്രങ്ങൾ ഒഴിപ്പിക്കാനെത്തിയത്. ജൂൺ മുതൽ പ്രതിഷേധം തുടരുന്ന ജെഎഎസിനെ പാകിസ്താൻ നിരോധിച്ചിരുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ അടിസ്ഥാന അവകാശങ്ങൾ ഉറപ്പാക്കണമെന്നും 38 ഇന ആവശ്യങ്ങൾ നടപ്പാക്കണമെന്നുമാണ് സംഘടനയുടെ പ്രധാന ആവശ്യം.
ഡ്രോൺ ആക്രമണത്തിൽ തകർന്ന പ്രദേശങ്ങളിൽനിന്ന് ലഭിച്ച ബോംബുകളുടെ അവശിഷ്ടങ്ങൾ ജെഎഎസി നേതാവ് സർദാർ ഉമർ നസീർ ഒരു വീഡിയോയിൽ പ്രദർശിപ്പിച്ചു. വിവിധ ദിശകളിൽനിന്ന് ഡ്രോണുകൾ പ്രതിഷേധ ക്യാമ്പുകൾക്കുനേരെ ആക്രമണം നടത്തുകയാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. പാക് സുരക്ഷാസേനയുടെ നടപടി ശക്തമായ സാഹചര്യത്തിൽ റാവലകോട്ടിലേക്ക് എത്താൻ അദ്ദേഹം പ്രദേശവാസികളോട് ആഹ്വാനം ചെയ്തു.
ഇസ്ലാമാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സീമ ബാലിയും പാക് നടപടിക്കെതിരേ വിമർശനവുമായി രംഗത്തെത്തി. താൻ കാശ്മീരിയാണെന്നും നേരത്തേ പാകിസ്താൻ അനുകൂലിയായിരുന്നുവെന്നും അവർ എക്സിൽ കുറിച്ചു. എന്നാൽ പാകിസ്താൻ ജനങ്ങളെ നിരാശപ്പെടുത്തി. ഖൈബർ പഖ്തൂൺഖ്വയിലെയും ബലൂചിസ്താനിലെയും ജനങ്ങളെ വർഷങ്ങളായി അവഗണിച്ച പാകിസ്താൻ, ഇപ്പോൾ കാശ്മീരിലെ സമാധാനപരമായ പ്രതിഷേധക്കാർക്കെതിരേയും ബലപ്രയോഗം നടത്തുകയാണ്. പാക് സുരക്ഷാസേന ഐഡിഎഫിനെപ്പോലെയാണ് പെരുമാറുന്നതെന്നും സീമ ബാലി കുറിച്ചു.
ഗാസയിലെയും പാക് അധീന കശ്മീരിലെയും ദൃശ്യങ്ങൾ തമ്മിൽ താരതമ്യം ചെയ്ത് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാശ്മീരി ആക്ടിവിസ്റ്റ് സുഹൈബ് ഖാനും രംഗത്തെത്തി. ഇന്ത്യയിൽ നിരോധിക്കപ്പെട്ട, ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടുമായി (ജെകെഎൽഎഫ്) ബന്ധമുള്ളയാളാണ് അദ്ദേഹം. റാവലകോട്ടിൽ പാക് സേനയുടെ ഡ്രോൺ ആക്രമണത്തിനുശേഷം കത്തിയ വീടുകൾ ഗാസയിലേതിന് സമാനമായ ഭീതിജനകമായ കാഴ്ചകളാണ് സമ്മാനിക്കുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. പലസ്തീനായാലും പാക് അധീന കശ്മീരായാലും അധിനിവേശ ശക്തികൾ ക്രൂരത കാട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആക്രമണത്തിനെതിരായ പ്രതിഷേധങ്ങളുടെയും മൃതദേഹങ്ങളുമായുള്ള വിലാപയാത്രകളുടേയും കത്തിയമരുന്ന കെട്ടിടങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിബിസി ന്യൂസ് റിപ്പോർട്ടർ അലി മുസ്തഫയും ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ എക്സിലൂടെ പങ്കുവെച്ചു. പാക് അധീന കശ്മീരിലെ ജനങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളും വീഡിയോകളുമാണ് അദ്ദേഹം പങ്കുവെച്ചത്. റാവലകോട്ടിലെ ബസ് ടെർമിനലിന് സമീപമുള്ള വീട് കത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഒരു പോസ്റ്റിലുണ്ടായിരുന്നത്. സുരക്ഷാസേനയാണ് വീടിന് തീയിട്ടതെന്ന് വീഡിയോ ചിത്രീകരിച്ചയാൾ ആരോപിക്കുന്നുണ്ട്. എന്നാൽ വീടിനുള്ളിൽ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ലെന്ന് മുസ്തഫ പറഞ്ഞു. സ്ഫോടകവസ്തുക്കളോ പീരങ്കി ആക്രമണമോ ആണോ തീപിടിത്തത്തിന് കാരണമായതെന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷാസേനാംഗങ്ങൾ തമ്മിൽ നടന്നതായി പറയപ്പെടുന്ന ആശയവിനിമയത്തിന്റെ ശബ്ദരേഖയും മുസ്തഫ പങ്കുവെച്ചു. മൂന്നോ നാലോ റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ ഉപയോഗിച്ച് ഈ വീടിന് നേരെ ആക്രമണം നടത്തണമെന്ന നിർദേശം ശബ്ദരേഖയിലുണ്ടെന്നാണ് ആരോപണം. എന്നാൽ ഈ റെക്കോഡിങ്ങിന്റെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ആക്രമണത്തിൽ കൊല്ലപ്പെട്ട ജെഎഎസി പ്രവർത്തകരുടെ മൃതദേഹങ്ങൾ പ്രതിഷേധക്കാർ പൊതുജനമധ്യത്തിൽ പ്രദർശിപ്പിച്ചുവെന്ന വിവരവും മുസ്തഫ പങ്കുവെച്ചു. 'ഞങ്ങൾക്ക് ഉത്തരം നൽകൂ! ഈ അടിച്ചമർത്തലിന് ഉത്തരം നൽകൂ!' എന്ന് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
രാഷ്ട്രീയ പ്രാതിനിധ്യം വേണം, വിലക്കയറ്റം തടയണം, പാക് സർക്കാരിന്റെ ദശാബ്ദങ്ങളായുള്ള വിവേചനം അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പാക് അധീന കശ്മീരിൽ ജൂൺ മുതൽ ജെഎഎസിയുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്. പാകിസ്താനിലെ മറ്റ് പ്രദേശങ്ങളിൽ താമസിക്കുന്ന കശ്മീരി അഭയാർഥികൾക്കായി നിയമസഭയിൽ 12 സീറ്റുകൾ മാറ്റിവെച്ചതാണ് പ്രധാന തർക്കവിഷയങ്ങളിലൊന്ന്. ഈ സീറ്റുകൾ ഉപയോഗിച്ച് പാക് സർക്കാർ പ്രാദേശിക രാഷ്ട്രീയത്തിൽ ഇടപെടുകയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. തദ്ദേശീയരുടെ രാഷ്ട്രീയ അധികാരത്തെ കവർന്നെടുക്കുന്ന നടപടിയാണ് ഇതെന്നും അവർ പറയുന്നു.
വൈദ്യുതി നിരക്ക് കുറയ്ക്കുക, ഗോതമ്പിന് സബ്സിഡി നൽകുക, മെച്ചപ്പെട്ട ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ജെഎഎസിയുടെ 38 ഇന ചാർട്ടറിലുണ്ട്. കൂടുതൽ രാഷ്ട്രീയ സ്വയംഭരണവും സംഘടന ആവശ്യപ്പെടുന്നു. പ്രദേശത്ത് വലിയ തോതിൽ ജലവൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഉയർന്ന വൈദ്യുതി ബില്ലുകൾ നൽകേണ്ടിവരുന്ന സാഹചര്യവും പ്രതിഷേധത്തിന് കാരണമാണ്. പ്രദേശത്തെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നതും സാധാരണക്കാരുടെ മരണങ്ങളും രാഷ്ട്രീയ ഇടപെടലുകളും ജനരോഷം വർധിപ്പിച്ചിട്ടുണ്ട്.
ജൂണിൽ ഭീകരവിരുദ്ധ നിയമങ്ങൾ പ്രകാരം ജെഎഎസിനെ പാകിസ്താൻ നിരോധിച്ചതോടെയാണ് പ്രക്ഷോഭം കൂടുതൽ ശക്തമായത്. സംഘടനയുടെ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ആശയവിനിമയ സംവിധാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ഇതിനെതിരേയും പ്രതിഷേധം ശക്തമായി. മാസങ്ങളായി സുരക്ഷാസേനയുടെ നടപടികൾ തുടരുമ്പോഴും പ്രക്ഷോഭം അവസാനിച്ചിട്ടില്ല. പാക് അധീന കശ്മീരിലെ പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രമായി റാവലകോട്ടും മാറിയിട്ടുണ്ട്. സുരക്ഷാസേനയുടെ പുതിയ നടപടിയോടെ പ്രദേശത്തെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
Content Highlights: Seven people were killed and 23 injured in Rawalakot after Pakistani security forces used drones and rocket attacks against protesters led by the Joint Awami Action Committee in Pakistan-occupied Kashmir.
Published: 06 Nov 2026, 06:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented