ഇസ്ലാമാബാദ്: പാകിസ്താനി ടെലിവിഷൻ അവതാരകയെ വീട്ടിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 92 ന്യൂസിലെ അവതാരകയും പ്രോഗ്രാം ഹോസ്റ്റുമായ റാബിയ അഹ്‌സാ (41)നിനേയാണ് ഞായറാഴ്ച റാവൽപിണ്ടിയിലെ ഗുൽഷാനാബാദിലെ വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.

To advertise here,

സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് അഹ്‌സാൻ താഹിർ ഖാനെ പോലീസ് കസ്റ്റഡിയിലെടുത്തു. തോക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് കിടപ്പുമുറിയിൽവെച്ച് റാബിയ വെടിയേറ്റ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഈസമയം, അവരുടെ സഹോദരിയും അമ്മയും വീടിന് പുറത്തായിരുന്നു. വെടിയൊച്ച കേട്ട് ഓടി അകത്തെത്തിയ സഹോദരി കണ്ടത് രക്തത്തിൽ കുളിച്ച നിലയിലുള്ള റാബിയയുടെ മൃതദേഹമായിരുന്നു. റാബിയയുടെ ഭർത്താവിന്റെ കൈവശം തോക്കുമുണ്ടായിരുന്നു.

റാബിയയുടെ കഴുത്തിന് താഴെയും ശരീരത്തിന് പിന്നിലുമായാണ് വെടിയേറ്റത്. തോക്കിന്റെ ലൈസൻസ് പോലീസിന് മുന്നിൽ ഹാജരാക്കാൻ താഹിറിന് കഴിഞ്ഞിട്ടില്ല. പ്രാഥമിക ചോദ്യംചെയ്യലിൽ താനാണ് റാബിയയെ കൊലപ്പെടുത്തിയതെന്ന് താഹിർ സമ്മതിച്ചെന്നാണ് വിവരം.