അറ്റ്‌ലാന്റ: റഷ്യ-യുക്രൈൻ യുദ്ധം ഉൾപ്പെടെ നിർണായക ആഗോള വിഷയങ്ങളിൽ അഭിപ്രായ ഐക്യത്തിലെത്താനാകാതെ ജി-20 വിദേശകാര്യ മന്ത്രിമാരുടെ യോഗം സമാപിച്ചു. യു.എസിലെ അറ്റ്‌ലാന്റയിൽ നടന്ന ദ്വിദിന ചർച്ചകൾക്കൊടുവിൽ സമവായത്തിലെത്താനാകാഞ്ഞതോടെ സംയുക്തപ്രസ്താവന പുറത്തിറക്കിയില്ല. പകരം യോഗ അധ്യക്ഷനായ യു.എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ചർച്ചകളുടെ സംഗ്രഹം ഉൾക്കൊള്ളുന്ന അധ്യക്ഷപ്രസ്താവന പുറത്തിറക്കി.

To advertise here,

യുക്രൈൻ, ഇറാൻ യുദ്ധങ്ങൾ, അമേരിക്കയുടെ വ്യാപാര തീരുവകൾ, ദക്ഷിണ ചൈനാക്കടലിലെ ചൈനീസ് നീക്കം തുടങ്ങിയ വിഷയങ്ങളിലാണ് ഭിന്നത രൂക്ഷമായത്. റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയി ലാവ്റോവിന്റെ സാന്നിധ്യത്തിൽ പ്രതിഷേധിച്ച യൂറോപ്യൻ പ്രതിനിധികൾ വിട്ടുനിൽക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് പതിവ് ഗ്രൂപ്പ് ഫോട്ടോയും റദ്ദാക്കി.

ഡിസംബർ 14, 15 തീയതികളിൽ മയാമിയിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആതിഥേയത്വം വഹിക്കുന്ന ജി-20 ഉച്ചകോടിക്ക് മുന്നോടിയായാണ് വിദേശകാര്യമന്ത്രിതല യോഗം.

ജയ്ശങ്കർ-റൂബിയോ കൂടിക്കാഴ്ച

ജി-20 യോഗ വേളയിൽ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-യു.എസ്. ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതി ഇരുവരും വിലയിരുത്തി. കാനഡ, അർജന്റീന, മെക്‌സിക്കോ, ബ്രസീൽ, ജർമനി എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും ജയ്ശങ്കർ ചർച്ചനടത്തി. അമേരിക്ക, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും ജയ്ശങ്കർ പങ്കെടുക്കും.