കീവ്: യുക്രൈനിലെ ഒരു സ്കൂൾ കെട്ടിടത്തിന് നേരെയുണ്ടായ റഷ്യയുടെ ബോംബാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. 50 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും അധികൃതരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലുള്ള ആളുകൾ അഭയം പ്രാപിച്ചിരുന്ന ഒരു സ്കൂൾ കെട്ടിടത്തിന് നേരെയാണ് ആക്രമണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി പറഞ്ഞു. കെട്ടിടത്തിന് നേരെ റഷ്യ ചുരുങ്ങിയത് ഒമ്പത് ബോംബുകളെങ്കിലും വർഷിച്ചു. 'ഈ യുദ്ധത്തിലെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്ന്' എന്നും ആക്രമണത്തെ സെലൻസ്കി വിശേഷിപ്പിച്ചു.

To advertise here,

അഭയകേന്ദ്രമായും ജീവകാരുണ്യ സഹായ വിതരണ കേന്ദ്രവുമായാണ് ഈ സ്‌കൂൾ കെട്ടിടം ഉപയോഗിച്ചിരുന്നത്. ആക്രമണങ്ങളെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്തതും യൂറോപ്യൻ യൂണിയൻ ധനസഹായത്തോടെ പുതുതായി നിർമ്മിച്ചതുമായ കോൺക്രീറ്റ് ബേസ്മെന്റിലാണ് ഇവർ ഉണ്ടായിരുന്നതെന്ന് പ്രാദേശിക ഗവർണർ മിക്കാലോ സെമിൻ പറഞ്ഞു. എന്നാൽ ബോംബുകളുടെ ശക്തമായ ആഘാതം കാരണം കോൺക്രീറ്റ് ഘടന തകരുകയും തീപ്പിടിത്തം ഉണ്ടാകുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.