ഇസ്ലാമാബാദ്: ഇന്ത്യക്കെതിരേ വീണ്ടും യുദ്ധഭീഷണി മുഴക്കി പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ പാകിസ്താന് കനത്ത നാശനഷ്ടമാണ് വരുത്തിവെച്ചതെന്നും ഇതിനെതിരേ എല്ലാ പാകിസ്താനികളും ഒന്നിക്കണമെന്നും ബിലാവൽ ഭൂട്ടോ ആഹ്വാനം ചെയ്തു. സിന്ധ് സർക്കാരിന്റെ സാംസ്കാരികവകുപ്പ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു ഭൂട്ടോയുടെ യുദ്ധഭീഷണി.
'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ കനത്ത നാശനഷ്ടമാണ് പാകിസ്താന് വരുത്തിവെച്ചത്. മോദിക്കും ഈ ആക്രമണങ്ങൾക്കുമെതിരേ നാം ഒന്നിക്കേണ്ടത് അത്യാവശ്യമാണ്', ഭൂട്ടോ പറഞ്ഞു. സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചാൽ പാകിസ്താന് യുദ്ധമല്ലാതെ മറ്റൊരു മാർഗവുമില്ലെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു.
'ആറ് നദികളും തിരിച്ചുപിടിക്കാനുള്ള യുദ്ധത്തിന് പാകിസ്താൻ ശക്തരാണ്. ഇന്ത്യ ഈ പാത തുടർന്നാൽ ദേശീയ താത്പര്യം സംരക്ഷിക്കുന്നതിനായി യുദ്ധ സാധ്യകളുൾപ്പെടെ പരിഗണിക്കും. അതല്ലാതെ ഞങ്ങൾക്ക് മറ്റു വഴികളില്ല', ബിലാവൽ ഭൂട്ടോ പറഞ്ഞു. ഞങ്ങളല്ല യുദ്ധം തുടങ്ങിവെച്ചത്. ഓപ്പറേഷൻ സിന്ദൂർ പോലെ ഇനിയും ആക്രമണം നടത്താനാണ് ശ്രമമെങ്കിൽ പാകിസ്താനിലെ ഓരോ പ്രവിശ്യയിലേയും ജനം പോരാടാൻ തയ്യാറാണ്. ജയിക്കാതെ തങ്ങൾ തലകുനിക്കില്ലെന്നും ബിലാവൽ ഭൂട്ടോ പ്രസംഗത്തിൽ ഭീഷണി ഉയർത്തി.
യുഎസ് സന്ദര്‍ശനത്തിനിടെ പാക് സൈനിക മേധാവിയും ഇന്ത്യയ്‌ക്കെതിരേ ആണവ ഭീഷണി ഉയർത്തിയതിന് പിന്നാലെയാണ് ബിലാവൽ ഭൂട്ടോയുടെയും പ്രസ്തവന. പാകിസ്താന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തിയാല്‍ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിവിടാന്‍ മടിക്കില്ലെന്നായിരുന്നു പാക് സൈനിക മേധാവി അസിം മുനീറിന്റെ ഭീഷണി. 'ഞങ്ങൾ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങൾ ഇല്ലാതാകുമെന്നു തോന്നിയാല്‍, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങൾ കൂടെ കൊണ്ടുപോകും', എന്നായിരുന്നു ബിസിനസുകാരനും ഓണററി കോണ്‍സുലുമായ അദ്‌നാന്‍ അസദ് ടാമ്പയില്‍ സംഘടിപ്പിച്ച ബ്ലാക്ക്-ടൈ അത്താഴവിരുന്നില്‍ പങ്കെടുത്തവരോട് മുനീര്‍ പറഞ്ഞത്.
ആണവായുധം കാട്ടിയുള്ള ഭീഷണി പാകിസ്താന്റെ പതിവ് ശൈലിയാണെന്നും ഈ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ മറുപടി നൽകിയിരുന്നു. ഇത്തരം പരാമര്‍ശങ്ങളില്‍ അടങ്ങിയിരിക്കുന്ന നിരുത്തരവാദിത്വത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന് സ്വന്തമായി നിഗമനത്തിലെത്താം. ഇന്ത്യയുടെ സൗഹൃദ രാജ്യത്തിന്റെ മണ്ണില്‍ വെച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയെന്നത് ഖേദകരമാണെന്നും അസിം മുനീറിന്റെ പരാമർശത്തിന് പിന്നാലെ ഇന്ത്യ വ്യക്തമാക്കിയിരുന്നു.
Content Highlights: Pakistan Renews War Threats Against India Over Indus Water Treaty Concerns
Published: 12 Aug 2025, 01:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented