ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മൂന്നാം കക്ഷിയുടെ മധ്യസ്ഥത തേടാന്‍ ഇന്ത്യ ഒരിക്കലും സമ്മതിച്ചിട്ടില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദര്‍. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ വെടിനിര്‍ത്തല്‍ സാധ്യമാക്കാന്‍ ഇടപെട്ടുവെന്ന യുഎസ് പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ തള്ളിക്കൊണ്ടാണ് പാക് വിദേശകാര്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.
മെയ് മാസത്തിലാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കുള്ള വാഗ്ദാനം അമേരിക്ക മുന്നോട്ടുവെച്ചത്. ഇരുകൂട്ടരും അംഗീകരിക്കുന്ന സ്ഥലത്ത് ചര്‍ച്ചകള്‍ നടത്താമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ജൂലൈയില്‍ നടന്ന ചര്‍ച്ചയില്‍, മൂന്നാമതൊരു പങ്കാളിയെ ആവശ്യമില്ലെന്ന് ഇന്ത്യ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ അറിയിച്ചതായി ഇഷാഖ് ദര്‍ പറഞ്ഞു. പാകിസ്താനുമായുള്ള പ്രശ്‌നം പൂര്‍ണമായും ഉഭയകക്ഷി വിഷയമാണെന്ന് ഇന്ത്യ ആവര്‍ത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ച നടത്താന്‍ ഇടപെടാന്‍ അമേരിക്കയോടോ മറ്റേതെങ്കിലും രാജ്യത്തോടോ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇഷാഖ് ദര്‍ അടുത്തിടെയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ആക്രമണത്തില്‍ കനത്ത നഷ്ടങ്ങളുണ്ടായതിനെ തുടര്‍ന്ന് വെടിനിര്‍ത്തലിന് പാകിസ്താന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദര്‍ തുറന്നുസമ്മതിച്ചു.
ആണവശക്തികളായ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചുവെന്ന് അവകാശപ്പെട്ടിരുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദങ്ങള്‍ക്ക് വിരുദ്ധമാണ് ദാറിന്റെ പരാമര്‍ശം. ഇത് അമേരിക്കയ്ക്കും ട്രംപിനും പുതിയ നാണക്കേട് നല്‍കിയിരിക്കുകയാണ്. ഇന്ത്യയുടെ ആക്രമണത്തില്‍ നിരവധി തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ തിരിച്ചടി നേരിട്ടതോടെയാണ് പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിച്ചതെന്നും ദറിന്റെ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്നു.
മെയ് പത്തിന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിര്‍ത്തലിന് തൊട്ടുപിന്നാലെ തന്റെ ഇടപെടല്‍ വിജയം കണ്ടെന്ന് അവകാശപ്പെട്ട് ട്രംപ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒരു രാത്രി നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം സമ്പൂര്‍ണ്ണവും ഉടനടിയുള്ളതുമായ വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും സമ്മതിച്ചതായി അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇരു രാജ്യങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഒരു 'ആണവയുദ്ധം' താന്‍ വ്യക്തിപരമായി തടഞ്ഞുവെന്ന് നാല്‍പതിലധികം തവണ പലവേദികളിലായി ട്രംപ് ആവര്‍ത്തിച്ചിട്ടുണ്ട്. ഇത് തന്റെ രാഷ്ട്രതന്ത്രജ്ഞതയുടെ തെളിവാണെന്ന് യൂറോപ്യന്‍ നേതാക്കളുമായും നാറ്റോ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകളിലും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് പാക് വിദേശകാര്യമന്ത്രിയുടെ തുറന്നുപറച്ചില്‍.
അതേസമയം മൂന്നാം കക്ഷിയുടെ ഇടപെടലില്‍ പാകിസ്താന് വിരോധമില്ലെന്നും അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദര്‍ വ്യക്തമാക്കി. ഞങ്ങള്‍ സമാധാനത്തെ സ്‌നേഹിക്കുന്ന രാജ്യമാണ്. ചര്‍ച്ചകളാണ് മുന്നോട്ടുള്ള വഴി എന്നാണ് വിശ്വസിക്കുന്നത് പക്ഷെ കൈയ്യടിക്കണമെങ്കില്‍ രണ്ട് കൈകള്‍ വേണം, ഇന്ത്യയും കൂടി തയ്യാറായാല്‍ മാത്രമേ അത്തരം ചര്‍ച്ചകള്‍ മുന്നോട്ടുപോവുകയുള്ളൂ. ഇന്ത്യ അനുകൂലമായി പ്രതികരിച്ചാല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: India refused third party role in truce talks: Pak minister busts Trump claim
Published: 16 Sept 2025, 07:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented