ഇന്ത്യയും പാകിസ്താനും തമ്മിൽ ഇനിയൊരു യുദ്ധമുണ്ടായാൽ, അല്ലെങ്കിൽ ഓപ്പറേഷൻ സിന്ദൂർ പോലൊരു ആക്രമണമുണ്ടായാൽ സൗദി അറേബ്യ പാകിസ്താനൊപ്പം നിൽക്കുമോ? ഇന്ത്യയെ ആക്രമിക്കാൻ സൗദി തയ്യാറാകുമോ? പാകിസ്താനും സൗദിയും തമ്മിൽ പ്രതിരോധ കരാർ ഒപ്പുവെച്ചതോടെ പലകോണുകളിൽനിന്നും ഉയർന്നുകേട്ട ചോദ്യമാണിത്. പാകിസ്താനോ സൗദിയോ മറ്റൊരു രാജ്യത്താൽ ആക്രമിക്കപ്പെട്ടാൽ ആ നീക്കം ഇരുരാജ്യങ്ങൾക്കും എതിരായ യുദ്ധമായി കണക്കാക്കപ്പെടും എന്ന കരാറിലെ വ്യവസ്ഥയാണ് ആശങ്കകൾക്ക് വഴിവെച്ചത്. ഇതോടെ ഇന്ത്യ-സൗദി ബന്ധത്തെ ഈ കരാർ ബാധിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. 

To advertise here,

റിയാദിൽവെച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാകിസ്താൻ പ്രധാനമന്ത്രി ഷഹബാദ് ഷരീഫും ചേർന്നാണ് ഇത്തരമൊരു കരാറിൽ ഒപ്പുവെച്ചത്. ഇതാദ്യമായല്ല സൗദിയും പാകിസ്താനും തമ്മിൽ പങ്കാളിത്തമുണ്ടാകുന്നത്. വർഷങ്ങൾക്ക് മുമ്പുതന്നെ ഇരുരാജ്യങ്ങളും തമ്മിൽ സൗഹൃദ ഉടമ്പടിയുണ്ട്. 1967 മുതൽ സൗദിയിലെ ഒരുവിഭാഗം കമാൻഡോകളെ പരിശീലിപ്പിക്കുന്നതും സാങ്കേതിക ഉപദേശം നൽകുന്നതും പാക് സൈന്യമാണ്. അത്തരത്തിൽ അവർ തമ്മിലൊരു സഹകരണം നിലനിൽക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയെന്നോണം സൈനിക മേഖലയിലും സുരക്ഷാ മേഖലയിലും സഹകരണം വർധിപ്പിക്കാൻ ഏറെക്കാലമായി ചർച്ചകൾ നടക്കുന്നുണ്ട്. അങ്ങനെയാണ് ഇരുരാജ്യങ്ങളും തമ്മിലിപ്പോൾ പ്രതിരോധ കരാറിലെത്തിയത്. എന്നാൽ നേരത്തെ പറഞ്ഞ അതിലെ സുപ്രധാനമായ വ്യവസ്ഥ കരാറിനെ സൂക്ഷ്മമായി നിരീക്ഷിച്ച് കരുതലോടെ നീങ്ങാൻ ഇന്ത്യയെ നിർബന്ധിതമാക്കി.  

നാറ്റോ പ്രതിരോധ ഉടമ്പടിക്ക് സമാനം

സാധാരണ ഗതിയിൽ പ്രതിരോധ രംഗത്ത് സാങ്കേതികമായി സഹകരിക്കുക, സംയുക്ത സൈനിക അഭ്യാസം നടത്തുക, പരിശീലന സ്ഥാപനങ്ങളിൽ സൈനിക ഉദ്യോഗസ്ഥർക്ക് പരസ്പരം പ്രവേശനം നൽകുക തുടങ്ങിയവാണ് പ്രതിരോധ സഹകരണ ഉടമ്പടികളിലൂടെ സാധ്യമാകുന്നത്. എന്നാൽ അതിനപ്പുറമുള്ള കരാറാണ് ഇവിടെ യാഥാർഥ്യമായത്. 

നാറ്റോ അംഗരാജ്യങ്ങൾക്കിടയിലെ പ്രതിരോധ ഉടമ്പടിക്ക് സമാനമാണ് പാക്-സൗദി കരാറിലെ വ്യവസ്ഥ. നാറ്റോ അംഗ്വതം ലഭിച്ചാൽ ആ അംഗരാജ്യത്തെ ആരെങ്കിലും ആക്രമിച്ചാൽ ഈ രാജ്യങ്ങളെല്ലാം ഒന്നിച്ച് തിരിച്ചടിക്കണമെന്നാണ് നാറ്റോയുടെ നിലപാട്. നിലവിലെ റഷ്യ-യുക്രൈൻ യുദ്ധത്തിനുള്ള കാരണംതന്നെ യുക്രൈന് നാറ്റോ അംഗത്വം കൊടുക്കാനുള്ള നീക്കമായിരുന്നു. യുക്രൈനെ റഷ്യ ആക്രമിച്ചാൽ, യുക്രൈൻ നാറ്റോ രാജ്യമായിരുന്നെങ്കിൽ അവർക്കായി അംഗരാജ്യങ്ങൾ തിരിച്ചടിച്ചേനെ. ഈ തീരുമാനമുണ്ടായപ്പോഴാണ് അത് നടപ്പാക്കുന്നതിന് മുമ്പേ റഷ്യ യുക്രൈനെതിരേ യുദ്ധം ആരംഭിച്ചത്. അതോടെ യുക്രൈന്റെ നാറ്റോ പ്രവേശനം നടക്കാതെ പോയി. സമാനമായ പ്രതിരോധ കരാറിലാണ് സൗദിയും പാകിസ്താനും ഒപ്പുവെച്ചത്. സൗദിക്കെതിരേ ആക്രമണമുണ്ടാൽ പാകിസ്താനും പാകിസ്താനെതിരേ ആക്രമണമുണ്ടായാൽ സൗദിയും തിരിച്ചടിക്കണമെന്നാണ് വ്യവസ്ഥ. 

അതായത് ഇതുപ്രകാരം ഇന്ത്യ പാകിസ്താനെ ആക്രമിച്ചാൽ അത് സൗദിക്കെതിരായ നീക്കമായികൂടി കണ്ട് സൗദി രംഗത്തിറങ്ങുന്ന സാഹചര്യംവരും. ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷം തുടർക്കഥ ആയതിനാൽ അവിടെയാണ് ഈ കരാറിന് പ്രാധാന്യമേറുന്നത്. അതിർത്തിയിൽ പാകിസ്താന്റെ അനാവശ്യ ഇടപെടലുകൾക്ക് എക്കാലവും ഇന്ത്യ ശക്തമായ മറുപടി നൽകാറുണ്ട്. കാർഗിൽ ഉൾപ്പെടെയുള്ള യുദ്ധങ്ങളിലും ബാലകോട്ട് ആക്രമണത്തിലും ഓപ്പറേഷൻ സിന്ദൂറിലും ഇന്ത്യയ്ക്ക് മുന്നിൽ അടിപതറിയ ചരിത്രമാണ് പാകിസ്താനുള്ളത്. സമീപകാലത്ത് ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ സൗദിയെ കൂട്ടുപിടിച്ചുള്ള പാകിസ്താന്റെ പ്രതിരോധ കരാർ ഇന്ത്യയ്ക്ക് വലിയ തലവേദനയാണ്. 

കരാറിലൂടെ സൗദി ലക്ഷ്യമിടുന്നതെന്ത്?

ഭാവിയിൽ ഇന്ത്യ-പാക് സംഘർഷമുണ്ടാകുമ്പോൾ സൗദി, പാകിസ്താനെ പിന്തുണയ്ക്കുമോ എന്നതാണ് ഇന്ത്യയുടെ ആശങ്ക. അതേസമയം, ഖത്തർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിനുള്ള താക്കീതെന്ന നിലയ്ക്കും ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഐക്യം അവരെ ബോധ്യപ്പെടുത്തുകയുമാണ് കരാറിലൂടെ സൗദി ലക്ഷ്യമിടുന്നത് എന്നാണ് വിലയിരുത്തൽ. പശ്ചിമേഷ്യയിൽ ഇസ്രയേലിന്റെ സ്വാധീനം വർധിക്കുന്ന സാഹചര്യം കൂടി കരാറുമായി കൂട്ടിവായിക്കാം. ഹമാസ് നേതാക്കളെ ലക്ഷ്യംവെച്ച് ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രണം സൗദിക്കും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതിനൊപ്പം ഇറാന്റെ ഭീഷണിയും അവർക്ക് തലവേദനയാണ്. ഈ ഭീഷണികൾ നിലനിൽക്കെ ആണവ ശക്തിയായ ഒരു രാജ്യവുമായുള്ള സഹകരണം സൗദിക്ക് അത്യാവശ്യമായിരുന്നു. പാകിസ്താനുമായുള്ള കരാറിലൂടെ ആ ലക്ഷ്യം സൗദി കൈവരിച്ചു. പാക് അണുവായുധങ്ങൾ കരാറിന്റെ ഭാഗമാണെന്ന് പാക് പ്രതിരോധ മന്ത്രി ക്വാജ അസീസ് ഒരു ടിവി അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താന് ആണവായുധ നിർമാണത്തിന് സാമ്പത്തിക സഹായം നൽകിയത് സൗദിയാണെന്ന പ്രചാരണങ്ങൾക്ക് ശക്തിപകരുന്നത് കൂടിയാണ് ഇരുവരുടേയും പുതിയ ബന്ധം.   

അമേരിക്കയ്ക്കുള്ള ഗൾഫ് രാജ്യങ്ങളുടെ മറുപടിയോ?

പശ്ചിമേഷ്യയിൽ അമേരിക്കയുടെ സുരക്ഷാ ഉറപ്പുകളെയാണ് സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഇത്രയും കാലം ആശ്രയിച്ചിരുന്നത്. എന്നാൽ അമേരിക്കയുടെ ആ സൈനിക സംരക്ഷണം പൂർണമല്ല എന്ന തിരിച്ചറിവാണ് ഖത്തറിലെ ഇസ്രയേൽ ആക്രമണം. ഇനിയും ഗൾഫ് രാജ്യങ്ങളെ ഇസ്രയേൽ ആക്രമിച്ചാൽ അമേരിക്കൻ സംരക്ഷണം കിട്ടില്ലെന്ന ചിന്ത സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്കുണ്ട്. അമേരിക്കയുടെ സഖ്യകക്ഷിയായ ഖത്തറിനെ വരെ ഇസ്രയേൽ ആക്രമിച്ചെങ്കിൽ തങ്ങൾക്കെതിരേയും ആക്രമണമുണ്ടാകാമെന്ന് സൗദിക്കും ആശങ്കയുണ്ട്. ഈ പശ്ചാത്തലത്തിൽ അമേരിക്കയ്ക്കുള്ള സൗദിയുടെ പരോക്ഷ മറുപടിയായും കരാറിനെ കാണാം. 

അതേസമയം ഈ കളിയിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് മറ്റൊരു വ്യാഖ്യാനമുണ്ട്. കാരണം ട്രംപ് ചുമത്തിയ അധികതീരുവയ്ക്ക് പിന്നാലെ ഇന്ത്യ ചൈനയുമായും റഷ്യയുമായും കൂടുതൽ അടുക്കുകയാണ്. ഈ സാഹചര്യത്തിൽ പാകിസ്താനെ മുന്നോട്ട് കൊണ്ടുവരാനുള്ള അമേരിക്കൻ തന്ത്രമാണോ ഇതെന്ന സംശയങ്ങളും ബലപ്പെട്ടു. എന്നാൽ ആത്യന്തികമായി ചൈനയെ ശത്രുവായി കാണുന്ന അമേരിക്ക ഇന്ത്യയെ കൈവിട്ടൊരു കളിക്ക് തയ്യാറായേക്കില്ലെന്ന് വാദിക്കുന്നവരുമുണ്ട്. എന്നാൽ ഇതെല്ലാം തള്ളുന്നതാണ് സൗദിയുടെ നിലപാട്. നിലവിലെ കരാറിനായുള്ള ചർച്ചകൾ നേരത്തെ തുടങ്ങിയത് ചൂണ്ടിക്കാട്ടി പശ്ചിമേഷ്യയിലെ ഇസ്രയേൽ നീക്കമല്ല കരാറിന് വഴിവെച്ചതെന്നാണ് സൗദിയുടെ വിശദീകരണം.  

സൗദിയെ കൂട്ടുപിടിച്ച പാക് തന്ത്രം വിലപ്പോകുമോ?

ഇന്ത്യയ്ക്കെതിരായ പോരാട്ടത്തിൽ ആരുടെയെങ്കിലും ഒരു സഹകരണം വേണമെന്നത് പാകിസ്താന്റെ കാലങ്ങളായുള്ള ആവശ്യമാണ്. ഒളിഞ്ഞും തെളിഞ്ഞും ചൈനയുടേയും തുർക്കിയുടേയും പിന്തുണയുണ്ടെങ്കിലും അത് മാത്രം പോര എന്ന പാകിസ്താന്റെ ബോധ്യമാണ് സൗദിയുമായുള്ള പ്രതിരോധ കരാർ. പശ്ചിമേഷ്യയിൽ ഇസ്രയേൽ മേൽകൈ നേടുന്ന നിലവിലെ പശ്ചാത്തലം കൃത്യമായി മുതലാക്കി കൂടിയാണ് പാകിസ്താൻ സൗദിയെ ഇത്തരമൊരു കരാരിലേക്ക് എത്തിച്ചത്. 

എന്നാൽ ഇന്ത്യയ്‌ക്കെതിരായ പോരാട്ടത്തിൽ പാകിസ്താൻ ലക്ഷ്യമിടുന്ന പോലെ സൗദിയിൽ നിന്ന് സഹകരണം ലഭിക്കാൻ സാധ്യത വളരെ കുറവാണ്. കാരണം സൗദിക്ക് ഇന്ത്യയുമായുള്ള അടുത്ത സൗഹൃദവും നയതന്ത്ര ബന്ധവും മാത്രമല്ല. അവരുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപര പങ്കാളി കൂടിയാണ് ഇന്ത്യ. 2024-25 വർഷത്തിൽ 4188 കോടി ഡോളറിന്റെ ഉഭയകക്ഷിവ്യാപാരമാണ് ഇരുരാജ്യങ്ങൾക്കും ഇടയിൽ നടന്നത്. പാകിസ്താന് സൗദിയുമായുള്ള വ്യാപാരം ഇതിനെക്കാൾ എത്രയോ കുറവാണ്. സൗദിയിൽനിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യങ്ങളിലൊന്നും ഇന്ത്യയാണ്. 

വ്യാപാര ബന്ധത്തിന് പുറമേ മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാർ സൗദിയിൽ ജോലി ചെയ്യുന്നുണ്ട്. സൗദിയിലെ പല മേഖലകളിലും ഇന്ത്യക്കാരുടെ സേവനം വിലമതിക്കാനാകാത്തതാണ്. അങ്ങനെയിരിക്കെ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയെ അകറ്റി ദരിദ്ര രാജ്യമായ പാകിസ്താനുമായി അടുപ്പം കൂട്ടാൻ സൗദിക്ക് ഒരു കാരണവശാലും സാധിക്കില്ല. ഇന്ത്യ സൗദി ബന്ധം മോശമാകാൻ പാകിസ്താൻ ആഗ്രഹിച്ചാൽ പോലും അതൊന്നും അത്ര എളുപ്പത്തിൽ നടക്കില്ല. 

സൗദി ഇന്ത്യയെ പിണക്കുമോ?

പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യയെ പിന്തുണച്ച രാജ്യമാണ് സൗദി. എന്നാൽ പാകിസ്താനിലെ ബാലാകോട്ടിൽ ഇന്ത്യ ആക്രമിച്ചപ്പോൾ അവർ പ്രതികരിച്ചിരുന്നുമില്ല. ഓപ്പറേഷൻ സിന്ദൂർ വേളയിലും സൗദി മൗനം പാലിച്ചു. കഴിഞ്ഞ ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റിയാദ് സന്ദർശനവേളയിൽ പഹൽഗാം ഭീകരാക്രമണത്തെയും സൗദി അപലപിച്ചിരുന്നു. അതായത് ഇന്ത്യയെ പിണക്കാൻ ഒരുകാലത്തും സൗദി ആഗ്രഹിച്ചിരുന്നില്ല. 

എങ്കിലും ഇന്ത്യയുമായി വളരെ അടുത്ത ബന്ധമുള്ള സൗദി, പാകിസ്താനുമായി പ്രതിരോധ കരാർ ഒപ്പുവെച്ചത് ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. ഇന്ത്യയുമായുള്ള പ്രശ്‌നത്തിൽ പാകിസ്താൻ എല്ലായ്‌പ്പോഴും സഹായം തേടുന്ന ചൈനയുമായി പോലും ഇത്തരമൊരു കരാർ പാകിസ്താനില്ല. ഇതും കരാറിനെ ഇന്ത്യ ഗൗരവത്തോടെ കാണാൻ കാരണമായി. കരാർ മേഖലയുടെ സ്ഥിരതയ്ക്കും ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും എന്ത് പ്രത്യാഘാതം ഉണ്ടാക്കുമെന്ന് പഠിക്കുമെന്നായിരുന്നു ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവന്നപ്പോൾ ഇന്ത്യയുടെ പ്രതികരണം. രാജ്യസുരക്ഷ ഉറപ്പാക്കുന്ന എല്ലാ നടപടികൾക്കും കേന്ദ്രം പ്രതിജ്ഞാബന്ധമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം സൗദി-പാകിസ്താൻ പ്രതിരോധ കരാർ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര വീഴ്ചയാണെന്നാണുമാണ് കോൺഗ്രസിന്റെ വിമർശനം. 

എന്നാൽ ഇന്ത്യയുമായുള്ള അടുത്ത ബന്ധത്തെ കരാർ ഒരുതരത്തിലും ബാധിക്കില്ലെന്ന് സൗദി വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഭാവിയിൽ ഇന്ത്യ-പാക് സംഘർഷമുണ്ടാകുമ്പോൾ കരാർ അനുസരിച്ച് സൗദിയുടെ നീക്കം എന്താകുമെന്ന് കണ്ടുതന്നെ അറിയേണ്ടിവരും. എന്തായാലും കണ്ണുമടച്ച് ഇന്ത്യയ്‌ക്കെതിരേ സൗദി നിലപാടെടുക്കാൻ വിദൂര സാധ്യത മാത്രമേയുള്ളു.