
ഒരാഴ്ചയ്ക്കിടെ മൂന്ന് തവണയാണ് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഗൾഫ് മേഖലയിൽ സന്ദർശനം നടത്തിയത്. മൂന്നാമത്തെ സന്ദർശനത്തിൽ സൗദി തലസ്ഥാനമായ റിയാദിലെത്തിയ പാക് പ്രധാനമന്ത്രി പക്ഷേ, വെറുംകൈയോടെയല്ല സ്വരാജ്യത്തേക്ക് മടങ്ങിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി തന്ത്രപരമായ ഉഭയകക്ഷി പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചാണ് ഷഹബാസ് ഷെരീഫ് ഇസ്ലാമാബാദിന് വിമാനം കയറിയത്. “ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരുരാജ്യത്തിനുമെതിരേയുള്ളതായി കണക്കാക്കും” എന്നതാണ് സൗദി-പാക് കരാറിലെ പ്രധാന വ്യവസ്ഥ. സുരക്ഷ വർധിപ്പിക്കുന്നതിനും അതിലൂടെ പ്രാദേശികസമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനുമുള്ള ഇരുരാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് കരാർ എന്നാണ് നേതാക്കൾ അഭിപ്രായപ്പെട്ടത്.
ഇസ്രയേലിന്റെ ഖത്തർ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താനും സൗദിയും കരാർ പ്രഖ്യാപിച്ചതെങ്കിലും ഇന്ത്യയെ സംബന്ധിച്ച് സുരക്ഷാ ആശങ്കയുണ്ടാക്കുന്നതാണ് കരാറും അതിലെ വ്യവസ്ഥകളും. ഇരുരാജ്യങ്ങൾക്കുമെതിരായ ഏത് ആക്രമണത്തിനുമെതിരേ സംയുക്ത പ്രതിരേധം ശക്തമാക്കാൻ കരാർ ലക്ഷ്യമിടുന്നു. ഇന്ത്യയും പാകിസ്താനും തമ്മിൽ സായുധസംഘർഷമുണ്ടായി നാലുമാസത്തിന് ശേഷമാണ് സൗദിയുമായി പാകിസ്താൻ ഒരു പ്രതിരോധ കരാറിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. എന്താണ് പാകിസ്താനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം? എന്താണ് സ്ട്രാറ്റജിക് മ്യൂച്വൽ ഡിഫൻസ് എഗ്രിമെന്റ് ? എങ്ങനെ ഇത് മധ്യേഷ്യയിൽ സമവാക്യത്തിൽ പ്രവർത്തിക്കുക?
സൗദി, പാകിസ്താന്റെ അടുത്ത സുഹൃത്ത്
പരമ്പരാഗതമായി പാകിസ്താനുമായി അടുത്ത സാമ്പത്തിക- സുരക്ഷാ ബന്ധങ്ങൾ നിലനിർത്തിവന്നിരുന്ന രാജ്യമാണ് സൗദി അറേബ്യ. മതം, തന്ത്രപരമായ സുരക്ഷ താൽപര്യങ്ങൾ, സാമ്പത്തിക പരസ്പരാശ്രിതത്വം എന്നിവയിൽ വേരൂന്നിയതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം. 1947 ഓഗസ്റ്റിൽ സ്വാതന്ത്ര്യം നേടിയ ശേഷം പാകിസ്താനെ അംഗീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. പാകിസ്താൻ സ്വതന്ത്രമായതിന് തൊട്ടുപിന്നാലെ ആരംഭിച്ച പങ്കാളിത്തം പതിറ്റാണ്ടുകളായി കൂടുതൽ ശക്തമായി വളർന്നു. 1951-ൽ ഇരുരാജ്യങ്ങളും ഒരു സൗഹൃദ ഉടമ്പടിയിൽ ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയവും സൈനികവും സാമ്പത്തികവുമായ സഹകരണത്തിന്റെ അടിത്തറയായിരുന്നു ഈ ഉടമ്പടി. തുടർന്നുള്ള ദശകങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെട്ടു. വർഷങ്ങളായി, പാകിസ്താൻ സൈന്യത്തെ നിരവധി തവണ സൗദിയിൽ വിന്യസിക്കുകയും ഗൾഫിലും പാകിസ്താനിലും സൗദി സൈനികർക്ക് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്.

1960-കളിൽ, പ്രാദേശിക സംഘർഷങ്ങളിൽ സൗദി അറേബ്യയെ സംരക്ഷിക്കാൻ പാകിസ്താൻ സൈനികരെ അയച്ചതോടെയാണ് സൈനിക ബന്ധം ആരംഭിച്ചത്. 1960-കളുടെ അവസാനത്തിൽ യെമനിൽ ഈജിപ്ത് നടത്തിയ സൈനിക നടപടിയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് പാക് സൈന്യം ആദ്യമായി സൗദിയിലെത്തുന്നത്. 1970-കളോടെ, മക്കയിലെ ഗ്രാൻഡ് മോസ്‌ക് പോലുള്ള സൗദിയിലെ പ്രധാന സ്ഥലങ്ങൾ സംരക്ഷിക്കുന്നതിൽ പാക് സൈന്യം പ്രധാന പങ്ക് വഹിച്ചിരുന്നു. 1982-ൽ, ഇരുരാജ്യങ്ങളും തങ്ങളുടെ സുരക്ഷാ പങ്കാളിത്തം ഔപചാരികമാക്കി. ആ വർഷം സൈനിക പരിശീലനം, ഉപദേശക പിന്തുണ, സൗദി മണ്ണിൽ സൈനിക വിന്യാസം എന്നിവ സാധ്യമാക്കുന്ന ഉഭയകക്ഷി സുരക്ഷാ സഹകരണ കരാർ ഒപ്പുവെച്ചു. വിവിധ സമയങ്ങളിൽ, 20,000 വരെ പാകിസ്താൻ സൈനികരെ രാജ്യത്ത് വിന്യസിച്ചിരുന്നു. സൗദി സൈന്യത്തിന് പരിശീലനം നൽകുകയും അവരുടെ പ്രതിരോധശേഷികൾ വികസിപ്പിക്കുന്നതിൽ സഹായിക്കുകയും ചെയ്തു. പാക് നിർമിത ആയുധങ്ങളുടെയും പ്രതിരോധ ഉപകരണങ്ങളുടെയും പ്രധാന ആവശ്യക്കാർ കൂടിയായിരുന്നു സൗദി അറേബ്യ. ഔദ്യോഗിക രേഖകൾ പ്രകാരം, 1967 മുതൽ പാകിസ്താൻ 8,000-ത്തിലധികം സൗദികളെ പരിശീലിപ്പിച്ചിട്ടുണ്ട്.
പാകിസ്താന്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പങ്കാളികളിൽ ഒന്നാണ് സൗദി അറേബ്യ. ഏകദേശം 3.5 ബില്യൺ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുവരും തമ്മിലുള്ളത്. പാകിസ്താന് വലിയ തോതിൽ എണ്ണ വിതരണം ചെയ്യുകയും പ്രതിസന്ധി ഘട്ടങ്ങളിൽ നേരിട്ടുള്ള നിക്ഷേപവും സാമ്പത്തിക സഹായവും നൽകുകയും ചെയ്യുന്നു. വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം, ഊർജ്ജം എന്നീ മേഖലകളിലും ഇരു രാജ്യങ്ങളും സഹകരിക്കുന്നു. ഇതിന് പുറമേ പലഘട്ടത്തിലും പാകിസ്താന് സൗദി അറേബ്യ കോടിക്കണക്കിന് ഡോളർ സഹായം നൽകിയിട്ടുണ്ട്. വലിയ തോതിൽ പാകിസ്താൻ സ്വദേശികൾ ജോലി ചെയ്യുന്ന സ്ഥലംകൂടിയാണ് സൗദി. രണ്ട് രാജ്യങ്ങളും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ (OIC) സ്വാധീനമുള്ള അംഗങ്ങളാണ്. ഇരു രാജ്യങ്ങളും അറിയപ്പെടുന്ന യുഎസ് സഖ്യകക്ഷികളുമാണ്.

എന്താണ് സ്ട്രാറ്റജിക് മ്യൂച്വൽ ഡിഫൻസ് എഗ്രിമെന്റ്?
പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സൗദി സന്ദർശനവേളയിലാണ് സ്ട്രാറ്റജിക് മ്യൂച്വൽ ഡിഫൻസ് എഗ്രിമെന്റ് (SMDA) എന്ന് വിളിക്കുന്നു പ്രതിരോധ കരാർ ഒപ്പുവെയ്ക്കുന്നത്. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനൊപ്പം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് 2025 സെപ്റ്റംബർ 17-ന് കരാറിൽ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരു ഔപചാരിക സുരക്ഷാ കരാറാണിത്. കൂടുതൽ വിശദാംശങ്ങൾ പരസ്യമാക്കിയിട്ടില്ലെങ്കിലും ആണവ സഹകരണം മുതൽ ഇന്റലിജൻസ് വിവരങ്ങൾ പങ്കിടുന്നത് വരെയുള്ള എല്ലാതരത്തിലുള്ള സൈനികസഹകരണവും കരാറിലുണ്ടെന്നാണ് വിവരം. ഇരു രാജ്യങ്ങൾക്കുമെതിരായ ഏതൊരു ആക്രമണവും രണ്ട് രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുകയും സംയുക്തമായി പ്രതികരിക്കുകയും ചെയ്യും എന്നതാണ് കരാറിന്റെ പ്രധാന വ്യവസ്ഥകളിലൊന്ന്. ഇതാകട്ടെ നാറ്റോയുടെ ആർട്ടിക്കിൾ അഞ്ചിന് സമാനമാണ്. മേഖലയിലെ സുരക്ഷയും സമാധാനവും വർധിപ്പിക്കുന്നതിനും സംയുക്ത സൈനികാഭ്യാസങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും പങ്കുവയ്ക്കുന്നതുൾപ്പെടെ പ്രതിരോധ സഹകരണം വികസിപ്പിക്കുന്നതിനും ഈ കരാർ ലക്ഷ്യമിടുന്നു.
പ്രതിരോധ സഹകരണ മേഖലകൾ വികസിപ്പിക്കുക, സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുക, മേഖലയിൽ ഇരു രാജ്യങ്ങളുടെയും സുരക്ഷയും സമാധാനവും ശക്തിപ്പെടുത്തുക എന്നിവയാണ് കരാറിന്റെ ലക്ഷ്യം. ദീർഘകാലാടിസ്ഥാനത്തിൽ പ്രതിരോധ മേഖലയിൽ സൗദിയുടെ സ്വയംപര്യാപ്തതയെ പിന്തുണയ്ക്കുന്നതിനായും കരാർ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. പ്രതിരോധ വ്യവസായ സഹകരണം, സാങ്കേതികവിദ്യ കൈമാറ്റം, സൈനിക മേഖലയിലെ ഒന്നിച്ചുള്ള ഉൽപാദനം, ശേഷി വർധിപ്പിക്കൽ, പരിശീലനം എന്നിവ കരാറിന്റെ ഭാഗമാണ്. കരാർ പ്രകാരം പാകിസ്താന്റെ ആണവപദ്ധതിയുടെ കുടക്കീഴിൽ സൗദി അറേബ്യക്കും അണിചേരാം. പ്രതിരോധ കരാർ പ്രകാരം ആവശ്യമെങ്കിൽ സുരക്ഷയ്ക്കായി തങ്ങളുടെ ആണവായുധങ്ങൾ സൗദി അറേബ്യയ്ക്ക് ഉപയോഗപ്പെടുത്താനാകുമെന്നാണ് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വെളിപ്പെടുത്തിയത്.

മധ്യേഷ്യയിൽ സമവാക്യം മാറുമ്പോൾ
ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് പിന്നാലെ മധ്യേഷ്യയിൽ വർധിച്ചുവരുന്ന അസ്ഥിരത, ഇറാന്റെ ഭീഷണിയെക്കുറിച്ചുള്ള ആശങ്കകൾ, മേഖലയിൽ യു.എസ്. നൽകിക്കൊണ്ടിരുന്ന സുരക്ഷാ ഉറപ്പുകളെക്കുറിച്ചുള്ള സംശയങ്ങൾ എന്നിവയ്ക്കിടയിലാണ് പാകിസ്താനും സൗദിയും പ്രതിരോധ സുരക്ഷാ കരാറിലേക്ക് എത്തുന്നത്. ഒരു അറബ് രാഷ്ട്രം ഒരു ആണവായുധ രാഷ്ട്രവുമായി ഒപ്പുവച്ച ആദ്യത്തെ പ്രധാന പ്രതിരോധ കരാറാണിത്. വലിയ ഭൗമരാഷ്ട്രീയ, സുരക്ഷാ, നയതന്ത്ര സ്വാധീനം ചെലുത്താൻ ശേഷിയുള്ളതാണ് കരാർ. ഒന്നാമതായി, ഇത് ഗൾഫ് മേഖലയും ഏഷ്യയും തമ്മിലുള്ള സുരക്ഷാ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും തന്ത്രപരമായ പരസ്പരാശ്രിതത്വം വർധിപ്പിക്കുകയും ചെയ്യും. രണ്ടാമതായി, മാറിക്കൊണ്ടിരിക്കുന്ന ഗൾഫ് സുരക്ഷാ സമവാക്യത്തിലേക്ക് ഏക മുസ്ലീം ഭൂരിപക്ഷ ആണവ ശക്തിയായ പാകിസ്താൻ ഔപചാരികമായി പങ്കാളിയാകും. മൂന്നാമതായി, ഇത് സൗദിയെ ദക്ഷിണേഷ്യയിലെ ഭൗമരാഷ്ട്രീയത്തിലേക്കും തർക്കങ്ങളിലേക്കും കൊണ്ടുവരുന്നു. പാകിസ്താന്റെ ഇന്ത്യയും ഇറാനുമായുള്ള അതിർത്തി സംഘർഷങ്ങൾ മുതൽ അഫ്ഗാനിസ്താനിലെ താലിബാനെതിരായ നീക്കത്തിന് വരെ.
ഖത്തറിൽ ഹമാസിനെതിരേ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് ശേഷം പ്രഖ്യാപിച്ച കരാറിന് വിശാലമായ ഭൗമരാഷ്ട്രീയ വ്യാപ്തി ഉണ്ടെങ്കിലും പ്രധാനമായും ഇസ്രയേലിനെ ലക്ഷ്യം വെയ്ക്കുന്നതായി വ്യാഖ്യാനമുണ്ട്. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം പരസ്പര പ്രതിരോധ ഉടമ്പടി, വൈവിധ്യവൽക്കരണ നയത്തിന്റെ ഭാഗമാണ്. പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ അമേരിക്ക നൽകി പോന്നിരുന്ന പ്രതിരോധം ദുർബലമാകുന്ന സാഹചര്യത്തിൽ. ഒരുതരത്തിൽ പറഞ്ഞാൽ പാകിസ്താനുമായുള്ള പ്രതിരോധ കരാർ സൗദിക്ക് ഒരു പ്രതിരോധ ഉപകരണമാണ്. അത് അവർക്ക് ഇസ്രയേലിൽ നിന്ന് സംരക്ഷണം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇസ്രയേലിന്റെ അനിയന്ത്രിതമായ സൈനിക പെരുമാറ്റം മേഖലയിലുടനീളം, പ്രത്യേകിച്ച് ദോഹയിലെ ആക്രമണത്തിന് ശേഷം ഭയം സൃഷ്ടിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും ഇതിന് വലിയ പ്രാധാന്യമുണ്ട്. എന്നാൽ മറുവശത്ത് സൗദിയും പാകിസ്താനും തമ്മിലുള്ള പ്രതിരോധ കരാർ ഇന്ത്യയുമായുള്ള സൗദിയുടെ ബന്ധത്തേയും ഇറാനുമായുമുള്ള പാകിസ്താന്റെ പങ്കാളിത്തത്തെയും ബാധിച്ചേക്കാം
പാകിസ്താനെ സംബന്ധിച്ചിടത്തോളം,കരാർ ഒരേ സമയം അവസരവും അപകടവുമാണ്. ഇസ്ലാമിക ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ പാകിസ്താൻ ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന ഏക മുസ്ലീം ഭൂരിപക്ഷ രാജ്യമാണ്. ഏക മുസ്ലീം ഭൂരിപക്ഷ ആണവശക്തിയും സൗദിയുടെ ദീർഘകാല സുരക്ഷാ പങ്കാളിയും എന്ന നിലയിൽ ആഗോള രാഷ്ട്രീയത്തിൽ കരാർ പാകിസ്താന് പുതിയ പ്രസക്തി നൽകുന്നു. പ്രധാന ഇസ്ലാമിക ശക്തിയെന്ന അവരുടെ അവകാശവാദത്തെ ഈ കരാർ ശക്തിപ്പെടുത്തുകയും നിർണായക സാമ്പത്തിക സഹായം സൗദിയിൽനിന്ന് ലഭിക്കുകയും ചെയ്യും. എന്നാൽ പാകിസ്താന്റെ ആണവായുധത്തെയും മിസൈൽ പദ്ധതിയെയും കുറിച്ചുമുള്ള ആശങ്കകൾ കരാറിന് വെല്ലുവിളിയാണ്. മേഖലയിലെ ആണവ വ്യാപനത്തെക്കുറിച്ച് യു.എസും ഇസ്രയേലും ആശങ്കകൾ ഉയർത്തിയേക്കും. പാകിസ്താന്റെ ആണവ, മിസൈൽ പരിപാടികൾ ഇസ്രയേലിന് നേരിട്ടുള്ള ഭീഷണി ഉയർത്തിയേക്കാം എന്ന തരത്തിലുള്ള ആശങ്കകൾ വർധിച്ചേക്കാം. ഇത് പാകിസ്താന്റെ ബാലിസ്റ്റിക് മിസൈൽ വികസനത്തിൽ പുതിയ ഉപരോധങ്ങൾക്കുള്ള സാധ്യതയും ക്ഷണിച്ചുവരുത്തും.

ഇന്ത്യയുടെ ആശങ്കയിൽ അർഥമുണ്ടോ?
ഇന്ത്യയെ സംബന്ധിച്ചിടത്തോളം കരാർ തന്ത്രപരമായ ആശങ്കകൾ ഉയർത്തുന്നു. സൗദി അറേബ്യയും പാകിസ്താനും തമ്മിൽ ഒപ്പുവെച്ച പ്രതിരോധക്കരാർ ഇന്ത്യ സസൂക്ഷ്മം വിലയിരുത്തുമെന്നാണ് വിദേശകാര്യമന്ത്രാലയം ആദ്യഘട്ടത്തിൽ പ്രതികരിച്ചത്. ദേശീയ സുരക്ഷയെയും ആഗോള-പ്രാദേശിക സ്ഥിരതയെയും ഇത് ഏത് തരത്തിൽ ബാധിക്കുമെന്നതിനെക്കുറിച്ച് പഠിക്കുമെന്നും മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരുരാജ്യത്തിനുമെതിരേയുള്ളതായി കണക്കാക്കുമെന്ന കരാറിലെ പ്രഖ്യാപനം ഇന്ത്യയുടെ ശ്രദ്ധയിലുണ്ടെന്നും രാജ്യത്തിന്റെ ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിലും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിലും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നുമാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. എന്നാൽ പാക്-സൗദി പ്രതിരോധക്കരാർ ഇന്ത്യയെ ബാധിച്ചേക്കില്ലെന്ന സൂചനയാണ് സൗദി അറേബ്യ നൽകിയത്. “ഏതെങ്കിലും പ്രത്യേക രാജ്യത്തിനോ ഏതെങ്കിലും സംഭവങ്ങളോടോ ഉള്ള മറുപടിയല്ല ഈ കരാർ. ഇന്ത്യയുമായി മികച്ച ബന്ധമാണ് സൗദിക്കുള്ളത്. ആ ബന്ധം വളർത്തും. അത് പ്രാദേശിക സമാധാനം നിലനിർത്തുന്നതിൽ വലിയ സംഭാവന നൽകും.”- സൗദി ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
സൗഹൃദത്തിന്റെ ഏറ്റവും ഊഷ്മളമായ കാലഘട്ടങ്ങളിലൂടെയാണ് ഇന്ത്യയും സൗദിയും കടന്നുപോകുന്നത്. ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാരപങ്കാളിയാണ് സൗദി. ഇന്ത്യയാകട്ടെ, സൗദിയുടെ രണ്ടാമത്തെ വലിയ വ്യാപാരപങ്കാളിയും. 2024-25 വർഷത്തിൽ 4188 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങൾക്കുമിടയിലും നടന്നത്. കരാറിലെ പ്രധാന വ്യവസ്ഥ ഇന്ത്യയെ ബാധിക്കില്ലെന്ന് സൗദി വൃത്തങ്ങൾ സൂചിപ്പിച്ചെങ്കിലും ഭാവിയിൽ പാകിസ്താനുമായി സംഘർഷമുണ്ടാകുമ്പോൾ കരാർ പ്രകാരം സൗദി അവരെ പിന്തുണയ്ക്കുമോയെന്നതാണ് ഇന്ത്യയുടെ ആശങ്ക. സൗദി പാകിസ്താനുമായി കൂടുതൽ അടുക്കുന്ന സാഹചര്യത്തിൽ അത് ഇന്ത്യ-സൗദി ബന്ധത്തിലും പ്രതിഫലിച്ചേക്കാം. വ്യാപാര സഹകരണം തുടർന്നാലും രാഷ്ട്രീയ വിശ്വാസം നിലനിർത്താൻ പ്രയാസമാകും. അതേസമയം, ഖത്തർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിനുള്ള താക്കീതെന്ന നിലയ്ക്കും ഇസ്‍ലാമിക രാഷ്ട്രങ്ങളുടെ ഐക്യം അവരെ ബോധ്യപ്പെടുത്തുകയുമാണ് കരാറിലൂടെ സൗദി ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ. അതേസമയം തന്നെ കരാർ ഇന്ത്യയെയും ഇസ്രയേലിനെയും കൂടുതൽ അടുപ്പിക്കാൻ സാധ്യതയുണ്ടെന്നും നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
Content Highlights: Defense Agreement Between Saudi Arabia and Pakistan A Closer Look at the Strategic Implications
Published: 20 Sept 2025, 12:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented