
ലാഹോര്‍: പാകിസ്താനിലെ ബാലാക്കോട്ടിലെ തഹസിലില്‍ നടന്ന മതപരിപാടിയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളും ഭീകരവാദ അനുകൂല പ്രസംഗങ്ങളും നടന്നതായി സ്ഥിരീകരിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം. പരിപാടിയില്‍ ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ മസൂദ് ഇല്ല്യാസും പാകിസ്താനിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതന്മാരും പങ്കെടുത്തതായും സ്ഥിരീകരിച്ചിട്ടുണ്ട്. പാകിസ്താനെ സംരക്ഷിക്കാനാണ് ഭീകരപ്രവർത്തനം നടത്തുന്നതെന്ന് പരിപാടിയിൽ മസൂദ് ഇല്ല്യാസ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഈ പരാമർശം വ്യക്തമാക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. തോക്കേന്തിയ കൂട്ടാളികളുടെ സംരക്ഷണത്തില്‍ പ്രസംഗിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഭീകരവാദ വികാരങ്ങള്‍ നിറഞ്ഞതായിരുന്നു ഇല്ല്യാസിന്റെ പ്രസംഗം എന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരം.
ഗാദി ഹബീബുള്ള പട്ടണത്തില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. പൂര്‍ണമായും മതപരമായ പരിപാടിയാണ് സംഘടിപ്പിച്ചിരുന്നത്. ആഗോള ഭീകരനായ മസൂദ് അസ്ഹറിനെ ഭീകരനായി മുദ്രകുത്തുന്നതിനെ ഇല്ല്യാസ് കശ്മീരി വിമര്‍ശിച്ചതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. പ്രത്യയശാസ്ത്രപരമായ അതിര്‍ത്തികള്‍ക്കും ത്യാഗങ്ങള്‍ക്കുമായി മസൂദ് അസര്‍ നടത്തിയ 25 വര്‍ഷത്തെ പോരാട്ടത്തെ ഇല്ല്യാസ് പ്രകീര്‍ത്തിച്ചുവെന്നും വൃത്തങ്ങള്‍ പറയുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍ പാകിസ്താന്റെ പങ്ക് സ്ഥിരീകരിക്കുന്ന പരാമര്‍ശമായാണ് ഇന്ത്യ ഇതിനെ കാണുന്നത്.
പാകിസ്താന്റെ അതിര്‍ത്തി സംരക്ഷിക്കാനാണ് ഞങ്ങള്‍ ഭീകരതയെ പുല്‍കിയത്. അതിനായി ഡല്‍ഹിയോടും കാബൂളിനോടും കാണ്ഡഹാറിനോടും പോരാടി. എല്ലാം ത്യജിച്ചിട്ടും മെയ് 7-ന് ബഹാവല്‍പൂരില്‍ വെച്ച് മസൂദ് അസ്ഹറിന്റെ കുടുംബത്തെ ഇന്ത്യന്‍ സൈന്യം ചിന്നഭിന്നമാക്കിയതായി ഇല്ല്യാസ് പ്രസംഗത്തില്‍ പറയുന്നുണ്ട്. ഉറുദുവിലായിരുന്നു പ്രസംഗം. പഹല്‍ഗാം ആക്രമണത്തിനുള്ള ഇന്ത്യയുടെ സൈനിക പ്രതികരണമായ ഓപ്പറേഷന്‍ സിന്ദൂരില്‍ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചായിരുന്നു ഈ പരാമര്‍ശം.വൈകാരികമായിട്ടായിരുന്നു ഇതിനെ കുറിച്ച് മസൂദ് ഇല്ല്യാസ് പരാമർശിച്ചത്.
ഓപ്പറേഷന്‍ സിന്ദൂറില്‍ ബഹാവല്‍പൂരിലെ ജെയ്ഷെ ആസ്ഥാനം ഉള്‍പ്പെടെ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര താവളങ്ങളും പരിശീലന കേന്ദ്രങ്ങളും ഇന്ത്യന്‍ സൈന്യം തകര്‍ത്തിരുന്നു.കുടുംബത്തിലെ 10 പേര്‍ മരിച്ചതായി അസ്ഹറിന്റേതായി പുറത്തുവന്ന ഒരു പ്രസ്താവനയും സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചെങ്കിലും എല്ലാ ലക്ഷ്യങ്ങളും ശ്രദ്ധാപൂര്‍വ്വം പരിശോധിച്ച് ഭീകരപ്രവര്‍ത്തനവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയതാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ആരാണ് മസൂദ് അസര്‍?
ഇന്ത്യയ്ക്കെതിരായ നിരവധി ഭീകരാക്രമണങ്ങളില്‍ പ്രതിസ്ഥാനത്തുള്ള സംഘടനയാണ് ജെയ്‌ഷെ മുഹമ്മദ്. സംഘടനയുടെ സ്ഥാപകനാണ് മസൂദ് അസര്‍. 2001-ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം, ഏഴ് സൈനികരുടെ ജീവനെടുത്ത 2016-ലെ പത്താന്‍കോട്ട്, 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത 2019-ലെ പുല്‍വാമ തുടങ്ങി ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കി. 2019 മേയ് ഒന്നിന് യുഎന്‍ രക്ഷാസമിതി ആഗോളഭീകരനായി പ്രഖ്യാപിച്ചു.
1968-ല്‍ പാക് പഞ്ചാബിലെ ബഹവല്‍പുരിലായിരുന്നു ജനനം. സോവിയറ്റ്-അഫ്ഗാന്‍ യുദ്ധത്തില്‍ സജീവമായിരുന്ന ഭീകരസംഘടനയായ ഹര്‍ക്കത്തുല്‍ അന്‍സാറിലൂടെയായിരുന്നു തുടക്കം. 1998-ല്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി. കശ്മീരില്‍ ഭീകരവാദപ്രവര്‍ത്തനം നടത്താന്‍ ഹര്‍ക്കത്തുലിന്റെ പിന്തുണയുണ്ടെന്ന് 1998-ല്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ കണ്ടെത്തി. പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് 2001-ല്‍ ഇന്ത്യയുടെ ആവശ്യപ്രകാരം അസറിനെ പാകിസ്താന്‍ അറസ്റ്റുചെയ്‌തെങ്കിലും ഒരുവര്‍ഷത്തിനുശേഷം വിട്ടയച്ചു. മസൂദ് അസര്‍ ഇപ്പോഴും പാകിസ്താനിലുണ്ടെന്നാണ് വ്യാപകമായി കരുതപ്പെടുന്നതെങ്കിലും തെളിവുകളില്ല. മറ്റൊരു നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ തലവന്‍ ഹാഫിസ് സയീദിനെയും അസ്ഹറിനെയും കൈമാറാന്‍ ഇന്ത്യ പാകിസ്താനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അജ്ഞത നടിക്കുകയായിരുന്നു പാകിസ്താന്‍. ജൂലൈയില്‍ അല്‍ ജസീറയ്ക്ക് നല്‍കിയ ഒരഭിമുഖത്തില്‍ അസര്‍ അഫ്ഗാനിസ്ഥാനിലായിരിക്കാമെന്ന് പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സൂചിപ്പിച്ചിരുന്നു.
Content Highlights: Embraced Terrorism To Protect pakistan says masood ilyas jaishe commandar
Published: 16 Sept 2025, 09:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented