ഇന്ത്യ-പാകിസ്താൻ അതിർത്തി കടന്നതായി അവകാശപ്പെട്ട് പാക് മാധ്യമപ്രവർത്തക പങ്കുവെച്ച വീഡിയോ ചർച്ചയാകുന്നു. പാകിസ്താനിലെ കസൂറിലെ ഗന്ധ സിങ് ബോർഡറിന് സമീപത്തുവെച്ച് ഇന്ത്യയിലേക്ക് യാതൊരു സുരക്ഷാപരിശോധനയും ഇല്ലാതെ നടന്ന് കയറിയെന്ന് അവകാശപ്പെട്ടാണ് സന ഖാദിർ എന്ന മാധ്യമപ്രവർത്തക ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്.

To advertise here,

കസൂർ അതിർത്തിക്ക് അടുത്താണ് നിൽക്കുന്നതെന്നും 'ഏതാനും മുളകളും ഒരു ചരടും കൊണ്ട് ഇത് സുരക്ഷിത'മാണെന്നും അവർ വീഡിയോയിൽ അവകാശപ്പെടുന്നു. ഇന്ത്യയിലാണെന്ന് പറഞ്ഞ് അവർ കാണിച്ചുതരുന്ന ഒരു സ്ഥലത്ത് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത് കാണാം. ഇന്ത്യ ഇപ്പോഴും വികസിച്ചിട്ടില്ലെന്നും അവർ വീഡിയോയിൽ അവകാശപ്പെടുന്നു. താത്ക്കാലിക അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കാലെടുത്ത്‌ വെച്ചെന്നും അവർ പറയുന്നു.

ഈ വീഡിയോയ്ക്ക് താഴെയാണ് ഒട്ടേറെപ്പേർ വിമർശിച്ച് രംഗത്തെത്തിയത്. സന പറയുന്നത് മുഴുവൻ കള്ളമാണെന്നും കസൂർ അതിർത്തിയിലെ പാകിസ്താന്റെ അതിർത്തി പ്രദേശത്താണ് അവർ നിന്നിരുന്നതെന്നും ഗൂഗിൾ മാപ്പ് ചൂണ്ടിക്കാട്ടി ആളുകൾ പ്രതികരിച്ചു. ഈ പ്രദേശത്ത് വേലികളൊന്നും ഇല്ലെന്നും രണ്ട് രാജ്യങ്ങളുടേയും സൈന്യത്തിന് സഞ്ചരിക്കാനായി റോഡുകളാണുള്ളതെന്നും ചിലർ ചൂണ്ടിക്കാട്ടി. തെറ്റായ വിവരങ്ങളാണ് അവർ പങ്കുവെച്ചതെന്നും ഇത് വിശ്വസിക്കരുതെന്നും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.