ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തിരിച്ചുവരുമെന്ന അഭ്യൂഹങ്ങൾക്കിടെ ബംഗ്ലാദേശിൽ വീണ്ടും സംഘർഷവും കലാപവും. രാജ്യത്തിന്റെ മുൻ ഇടക്കാല സർക്കാരിലെ ചീഫ് അഡ്വൈസറും നൊബേൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസിന്റെ കുടുംബവീട് അക്രമികൾ തീയിട്ടതായി ബംഗ്ലാദേശ് പോലീസ് അറിയിച്ചു.

To advertise here,

ബുധനാഴ്ച രാത്രി വൈകി സംഭവിച്ച തീപ്പിടിത്തത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം. 2024ൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെത്തുടർന്ന് ഹസീന പുറത്താക്കപ്പെട്ടതിനുശേഷം ഇടക്കാല സർക്കാരിനെ നയിച്ച യൂനുസിനോട് അവാമി ലീഗ് പ്രവർത്തകർക്ക് കടുത്ത വിരോധമുണ്ട്. രാജ്യത്ത് നിലവിൽ നിരോധിക്കപ്പെട്ട ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതായാണ് വിവരം.

യൂനുസ് സ്ഥാപിച്ച ഗ്രാമീൺ ബാങ്കിന്റെ 22 ശാഖകൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ തീവെപ്പും ആക്രമണങ്ങളും ഉണ്ടായതായി ബാങ്ക് അധികൃതർ അറിയിച്ചു. 2024-ൽ ഇന്ത്യയിൽ അഭയംതേടിയ ഹസീന, തനിക്കെതിരെ വധശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ടെങ്കിലും അടുത്ത മാസം ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഹസീനയുടെ അവാമി ലീഗ് പ്രവർത്തകരും ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി പ്രവർത്തകരും വിവിധയിടങ്ങളിൽ ഏറ്റുമുട്ടലുണ്ടായി. രാഷ്ട്രീയ എതിരാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ രണ്ട് പ്രവർത്തകർ കൊല്ലപ്പെട്ടതായി വ്യാഴാഴ്ച പോലീസ് പറഞ്ഞു. ബുധനാഴ്ച മുതൽ 107 അറസ്റ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.

ഗോപാൽഗഞ്ച്-1 മണ്ഡലത്തിലെ എം.പി.യായ സെലിമുസ്സമാൻ സെലിമിന്റെ കാഷിയാനിയിലുള്ള വസതിക്കുനേരെ വ്യാഴാഴ്ച രാവിലെ ഒരു കൂട്ടം ആളുകൾ ആക്രമണം നടത്തി. അക്രമികൾ ബോംബുകൾ എറിയുകയും, വീട് അടിച്ചുതകർക്കുകയും, തീവെച്ച് നശിപ്പിക്കുകയും ചെയ്തു.

അവാമി ലീഗ് പ്രവർത്തകരും അനുഭാവികളും ചേർന്ന് മുക്സുദ്പൂർ പോലീസ് സ്റ്റേഷനും ഗ്രാമീൺ ബാങ്കിന്റെ ഒരു ശാഖയും തകർക്കുകയും തീവെക്കുകയും ചെയ്തതായി ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വ്യാഴാഴ്ച പുലർച്ചെ മുതൽ, ധാക്ക-ഖുൽന, ധാക്ക-ബാരിസാൽ ദേശീയപാതകളുടെ ഗോപാൽഗഞ്ച് ഭാഗങ്ങളിൽ പ്രതിഷേധക്കാർ മരങ്ങൾ മുറിച്ചിട്ട് റോഡ് തടസ്സപ്പെടുത്തി. ഇതിനെത്തുടർന്ന് വാഹനഗതാഗതം പൂർണ്ണമായും നിലച്ചു. ജില്ലയിലെ പല ഉൾറോഡുകളിലും തടസ്സങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

അവാമി ലീഗ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തലസ്ഥാന നഗരത്തെ കാര്യമായി ബാധിച്ചിട്ടില്ല. ഇതിനിടെ നിരവധി അവാമി ലീഗ് പ്രവർത്തകരും നേതാക്കളും അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.

അതിർത്തിക്കപ്പുറമുള്ള തങ്ങളുടെ യജമാനന്മാരെ പ്രീണിപ്പിക്കുന്നതിനായി 'ഒളിവിലുള്ള ഏകാധിപതി' വീണ്ടും ഗൂഢാലോചനകൾ ആരംഭിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി താരിഖ് റഹ്‌മാൻ ആരോപിച്ചു. കൊലപാതകങ്ങൾ, പൗരാവകാശങ്ങൾ നിഷേധിക്കൽ എന്നിവയിലൂന്നിയ രാഷ്ട്രീയത്തെ ബംഗ്ലാദേശിലെ ജനങ്ങൾ ഇനി സഹിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ ജനക്ഷേമത്തിനായി പ്രവർത്തിക്കുമ്പോൾ, നിക്ഷിപ്ത താൽപ്പര്യമുള്ള ഒരു വിഭാഗം രാജ്യത്തിനെതിരെ പുതിയ ഗൂഢാലോചനകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. 'ഒരുകാലത്ത് ജനങ്ങളുടെ നെഞ്ചിൽ തോക്കുചൂണ്ടി 17 വർഷത്തോളം രാജ്യം ഭരിച്ചവർ, വീണ്ടും ഗൂഢാലോചനകളിൽ ഏർപ്പെട്ടിരിക്കുകയാണ്,' അദ്ദേഹം പറഞ്ഞു.