വാഷിങ്‌ടൺ: സൈബർ ആക്രമണ ഭീതിയെത്തുടർന്ന് അവശ്യസാധനങ്ങൾ വൻതോതിൽ വാങ്ങിക്കൂട്ടി അമേരിക്കക്കാർ. തുടർച്ചയായി വിവിധ മേഖലകളിൽ സാങ്കേതികതടസ്സങ്ങൾ ഉണ്ടായതിനെത്തുടർന്ന് രാജ്യവ്യാപകമായി സൈബർ ആക്രമണം നടക്കുന്നുണ്ടെന്ന ഭീതിയിലാണ് അടിയന്തര സാധനങ്ങൾ ജനങ്ങൾ വൻതോതിൽ വാങ്ങി സൂക്ഷിക്കാൻ തുടങ്ങിയത്. ബാങ്കിങ് സേവനങ്ങൾ, വിമാന സർവീസുകൾ, പ്രമുഖ ടെക് കമ്പനികളുടെ സേവനങ്ങൾ എന്നിവ തടസ്സപ്പെട്ടതോടെയാണ് ജനങ്ങൾക്കിടയിൽ ആശങ്ക പടർന്നത്.

To advertise here,

കഴിഞ്ഞ ആഴ്ച മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് സേവനങ്ങൾ തടസ്സപ്പെട്ടതോടെയാണ് സാങ്കേതിക തകരാറുകൾ ആരംഭിച്ചത്. തൊട്ടടുത്തദിവസം എയർ ട്രാഫിക് കൺട്രോളിലുണ്ടായ തകരാറിനെത്തുടർന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ രാജ്യത്തുടനീളം വിമാനങ്ങൾ നിലത്തിറക്കാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ചേസ് ഉൾപ്പെടെയുള്ള പ്രമുഖ ബാങ്കുകളുടെ സേവനങ്ങളിലും തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തു. യുണൈറ്റഡ് എയർലൈൻസിന്റെ സാങ്കേതിക സംവിധാനങ്ങളെയും ആപ്പിൾ സേവനങ്ങളെയും ഈ തടസ്സം ബാധിച്ചു.

ഈ സംഭവങ്ങളൊന്നും സൈബർ ആക്രമണം മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ, ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവ ഒരുമിച്ച് സംഭവിച്ചത് ഇവ തമ്മിൽ ബന്ധമുണ്ടോ എന്ന സംശയത്തിനും ജനങ്ങളുടെ പരിഭ്രാന്തിക്കും കാരണമായി. ഇതോടെ ഭക്ഷണസാധനങ്ങളും മറ്റ് അടിയന്തര അവശ്യവസ്തുക്കളും വാങ്ങിക്കൂട്ടാനും സാമ്പത്തിക കാര്യങ്ങൾ സുരക്ഷിതമാക്കാനും ജനങ്ങൾ തിടുക്കം കാട്ടി.

ജനങ്ങളുടെ ആശങ്ക പ്രമുഖ റീട്ടെയ്‌ലർ ശൃംഖലയായ കോസ്കോ പോലുള്ള സ്റ്റോറുകളുടെ വിൽപനയിൽ വലിയ വർധനവുണ്ടാക്കി. അരി, ടിന്നിലടച്ച ഭക്ഷണങ്ങൾ, കുപ്പിവെള്ളം, പേപ്പർ ഉൽപ്പന്നങ്ങൾ, ജനറേറ്ററുകൾ, ബാറ്ററികൾ എന്നിവയുടെ വിൽപനയിൽ വലിയ വർധനവ് കണ്ടതായി കോസ്റ്റ്‌കോ അറിയിച്ചു. സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളാണ് ഈ അസാധാരണ ആവശ്യകതയ്ക്ക് കാരണമെന്നാണ് അവരുടെ വിലയിരുത്തൽ.

അതേസമയം, ഈ സാങ്കേതിക തടസ്സങ്ങൾക്ക് പിന്നിൽ സൈബർ ആക്രമണമാണെന്ന വാദം ട്രംപ് ഭരണകൂടം തള്ളി. ഈ സംഭവങ്ങൾക്ക് പരസ്പരം ബന്ധമില്ലെന്ന് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ പറഞ്ഞു. ഇതൊരു വിദേശ രാജ്യത്തിന്റെ ആസൂത്രിത ആക്രമണമല്ലെന്ന് ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് ജേ ക്ലേട്ടനും വ്യക്തമാക്കി.