ജറുസലേം: ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിനു ശേഷം സമാധാനം പുലര്‍ന്ന ഒരു പുലരിയില്‍ നോവ അര്‍ഗമാനിയും അവിനാട്ടന്‍ ഓറും നേരില്‍ കണ്ടു, 738 ദിവസങ്ങള്‍ക്കു ശേഷം. സങ്കടവും സന്തോഷവും നിറഞ്ഞ നിമിഷങ്ങളില്‍ ഇരുവരും പരസ്പരം ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തു. ആ നിമിഷങ്ങള്‍ ഇസ്രയേല്‍ സൈനികര്‍ ഒപ്പിയെടുത്തു. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി തിങ്കളാഴ്ച മോചിപ്പിക്കപ്പെട്ട 20 ബന്ദികളില്‍ ഒരാളായിരുന്നു 32-കാരനായ അവിനാട്ടന്‍ ഓര്‍. ഒട്ടും സമയം പാഴാക്കാതെ ഓര്‍ എത്തിയത് കാമുകിയായനോവ അര്‍ഗമാനിയെ കാണാനായിരുന്നു. ഇസ്രയേല്‍ സൈന്യം ഒരുക്കിയ പ്രത്യേക കേന്ദ്രത്തില്‍വെച്ചാണ് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ആദ്യമായി കണ്ടത്. അത്രയും വികാരഭരിതമായിരുന്നു ഇരുവരുടെയും ഒന്നിക്കല്‍.

To advertise here,

റീ ക്രോസിങ്ങിലെ ഒരു മുറിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ഓര്‍ തന്റെ കാമുകി നോവയുടെ കവിളില്‍ ആര്‍ദ്രമായി ചുംബിക്കുന്ന ചിത്രം ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ചിട്ടുണ്ട്. 'നോവ അര്‍ഗമാനിയും അവിനാട്ടന്‍ ഓറും ഒടുവില്‍ വീണ്ടും ഒന്നിക്കുന്നു,' എന്ന അടിക്കുറിപ്പോടെയാണ് സേന ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

രണ്ടു വര്‍ഷം മുമ്പ്. കൃത്യമായി പറഞ്ഞാല്‍ 2023 ഒക്ടോബര്‍ ഏഴിന് ജീവിതം ആഘോഷിക്കാന്‍ സംഗീതോത്സവത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നോവ അര്‍ഗമാനിയും അവിനാട്ടന്‍ ഓറും. ഹമാസ് ഇസ്രയേലിലേക്ക് കടന്നുകയറിയ അന്ന് ഇരുവരും ഹമാസിന്റെ തടവിലായി. തെക്കന്‍ ഇസ്രയേലിലെ ഹമാസ് ആക്രമണത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു നോവ സംഗീതോത്സവം നടന്ന പ്രദേശം. 360-ഓളം പേരാണ് അവിടെ കൊല്ലപ്പെട്ടത്. ആ ഒക്ടോബര്‍ ഏഴിനാണ് തങ്ങള്‍ അവസാനമായി കണ്ടതെന്ന് നോവയും ഓറും പറഞ്ഞു. ഇസ്രയേലില്‍ അതിക്രമിച്ച് കയറിയ ഹമാസ് ഒരു മോട്ടോര്‍ സൈക്കിളില്‍ നോവയെ ഗാസയിലേക്ക് ബലമായി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ പങ്കാളി ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാതെയാണ് ഇരുവരും വര്‍ഷങ്ങള്‍ തള്ളിനീക്കിയത്.

നോവ അര്‍ഗമാനിയെ പിന്നീട് 245 ദിവസത്തെ തടവിനുശേഷം കഴിഞ്ഞ വര്‍ഷം ജൂണില്‍ ഐഡിഎഫ് രക്ഷപ്പെടുത്തിയിരുന്നു. അതിനുശേഷം, ഇസ്രയേല്‍ ബന്ദികളുടെ മോചനത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നു നോവ.

അതേസമയം ജീവനോടെയുള്ള തങ്ങളുടെ പൗരന്മാര്‍ മുഴുവന്‍ ഹമാസിന്റെ തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ടതായി ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. ഹമാസ് തടവിലാക്കിയ 20 ഇസ്രയേലി ബന്ദികളെയാണ് മോചിപ്പിച്ചത്. ആദ്യം ഏഴു പേരെയും പിന്നീട് 13 പേരെയുമാണ് കൈമാറിയത്. റെഡ് ക്രോസ് വഴിയായിരുന്നു കൈമാറ്റം. ബന്ദികളെല്ലാം ഇപ്പോള്‍ ഇസ്രായേലില്‍ സുരക്ഷിതരാണെന്ന് ഇസ്രായേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു.