ടെൽ അവീവ്/ഗാസ: ഹമാസിന്റെ അൽ ഖസ്സാം ബ്രിഗേഡ് കമാൻഡർ സമീർ അബു യൂനിസ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. സമീർ അബു യൂനിസിന്റെ മരണം സ്ഥിരീകരിക്കുന്നതായി ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് വ്യക്തമാക്കി. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനുനേരെ നടന്ന ആക്രമണം ആസൂത്രണം ചെയ്യുന്നതിലും മേൽനോട്ടം വഹിക്കുന്നതിലും പ്രധാന പങ്കുവഹിച്ചയാളാണ് സമീർ അബു യൂനിസ്.
തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് പടിഞ്ഞാറുള്ള അൽ മവാസിയിൽ നടന്ന ആക്രമണത്തിലാണ് അബു യൂനിസ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. അൽ ഖസ്സാം ബ്രിഗേഡിന്റെ റഫ ബ്രിഗേഡ് കമാൻഡറായ അബു യൂനിസിനെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം. 53-കാരനായ അബു യൂനിസിന്റെ മൃതദേഹം ലഭിച്ചതായും ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായും ഗാസ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസ്സാൽ എ.എഫ്.പിയോട് വ്യക്തമാക്കി.
ഇസ്രയേൽ സൈന്യവും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും ചേർന്ന് അബു യൂനിസിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഞായറാഴ്ച പുലർച്ചെ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പിന്നീട് ലഭ്യമാക്കുമെന്നും സൈന്യം വ്യക്തമാക്കിയെങ്കിലും വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. അതേസമയം, അബു യൂനിസിന്റെ മരണം സ്ഥിരീകരിച്ച അൽ ഖസ്സാം ബ്രിഗേഡ് ഇസ്രയേലിന്റെ ആക്രമണത്തെ അപലപിച്ചു.
Content Highlights: Hamas al-Qassam Brigades commander Samir Abu Yunis was killed in an Israeli airstrike in southern Gaza, a death confirmed by the militant group.
Published: 15 Nov 2026, 09:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented