ധാക്ക: നോബേല്‍ സമ്മാന ജേതാവും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ ഡോ. മുഹമ്മദ് യൂനുസിന് തടവുശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന കുറ്റത്തിനാണ് ആറുമാസത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്. യൂനുസിന് പുറമേ, ഇദ്ദേഹത്തിന്റെ സ്ഥാപനമായ ഗ്രാമീണ്‍ ടെലികോമിലെ മൂന്ന് ജീവനക്കാര്‍ക്കെതിരേയും നടപടിയുണ്ട്.

To advertise here,

തൊഴിലാളി ക്ഷേമ ഫണ്ട് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന പരാതിയിലാണ് ലേബര്‍ കോടതി ശിക്ഷ വിധിച്ചത്. ഫണ്ട് നടപ്പാക്കാതിരുന്നത് തൊഴില്‍നിയമങ്ങളുടെ ലംഘനമാണെന്നാണ് കണ്ടെത്തല്‍. 25,000 ടാക്ക പിഴത്തുകയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ 10 ദിവസത്തെ ജയില്‍വാസം കൂടുതലായി അനുഭവിക്കണം.

വിധിക്ക് പിന്നാലെ നാലുപേര്‍ക്കും കോടതി ഒരുമാസത്തേക്ക് ജാമ്യം അനുവദിച്ചു. 5,000 ടാക്കയുടെ ജാമ്യത്തുക കെട്ടിവെക്കണം. ലേബര്‍ കോടതി വിധിക്കെതിരെ ഇവര്‍ക്ക് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം.

അതേസമയം, ജനുവരി ഏഴിന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരക്കെ മുഹമ്മദ് യൂനുസിനെതിരായ ശിക്ഷാ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിച്ചു. ബംഗ്ലാദേശിലെ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കാണ് 2006-ൽ ഡോ. മുഹമ്മദ് യൂനുസിന് നോബേല്‍ സമ്മാനം ലഭിച്ചത്. 1983-ല്‍ ഇദ്ദേഹം സ്ഥാപിച്ച ഗ്രാമീണ്‍ ബാങ്ക് നല്‍കിയ മൈക്രോ ക്രെഡിറ്റുകള്‍ ദാരിദ്ര നിര്‍മാര്‍ജനത്തില്‍ വലിയ ചുവടുവെപ്പായിരുന്നു.