വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലം പൂർത്തിയാക്കുകയാണ് തന്റെ ലക്ഷ്യമെന്നും സ്ഥാനമൊഴിയാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ തിരിച്ചടിക്കു പിന്നാലെ റൂബിയോ രാജിവെച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

To advertise here,

2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള മുന്നൊരുക്കമായി സ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം തള്ളി. റൂബിയോ സ്ഥാനമൊഴിയുമെന്ന റിപ്പോർട്ടുകൾ വൈറ്റ് ഹൗസും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും നിരാകരിച്ചു. രാജി സംബന്ധിച്ച റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് വൈറ്റ് ഹൗസ് വക്താവ് ഡേവിസ് ഇംഗിൾ പ്രതികരിച്ചു. ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' നയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന സംഘമാണ് ഭരണകൂടത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

റൂബിയോയുടെ രാജിസാധ്യത നേരത്തെതന്നെ ചർച്ചയായിരുന്നു. 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനുള്ള സാധ്യതയാണ് ഇതിനു പിന്നിലെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്. 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിത്വത്തിനായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും റൂബിയോയും പരിഗണിക്കപ്പെടുന്നുണ്ടെന്നും സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് രാജ്യവ്യാപകമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ പ്രയാസമാണെന്നും ചൂണ്ടിക്കാട്ടിയാണ് വാർത്ത പ്രചരിച്ചത്.

റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനായുള്ള മത്സരത്തിൽ റൂബിയോ വാൻസിനേക്കാൾ മുന്നിലാണെന്നും അഭിപ്രായങ്ങളുണ്ട്. ട്രംപിന്റെ രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്ന വാൻസ് ഭരണകൂടത്തിലെ പ്രമുഖനാണ്. വിദേശനയ രംഗത്തെ പരിചയവും ദീർഘകാല രാഷ്ട്രീയ പ്രവർത്തനവും മുൻനിർത്തി കൂടുതൽ വോട്ടർമാരെ ആകർഷിക്കാനാകും റൂബിയോയുടെ ശ്രമം.

എന്നാൽ, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ റൂബിയോ നേരത്തെയും തള്ളിയിരുന്നു. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ, സർക്കാർ ഉത്തരവാദിത്വങ്ങളിൽ നൂറുശതമാനവും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വാൻസ് മത്സരിക്കാൻ തീരുമാനിച്ചാൽ താൻ പിന്മാറുമെന്നും സൂചിപ്പിച്ചിരുന്നു. ഇടക്കാല തിരഞ്ഞെടുപ്പിൽ ജനപ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രവചനം. ഇറാനുമായുള്ള യുദ്ധത്തിൽ ട്രംപ് ഭരണകൂടം സ്വീകരിച്ച നിലപാടുകളും രാഷ്ട്രീയ തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. ഭരണകൂടത്തിന്റെ വിദേശനയ തീരുമാനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നത് റൂബിയോയുടെ സ്വതന്ത്ര രാഷ്ട്രീയ വ്യക്തിത്വം രൂപപ്പെടുത്തുന്നതിന് തടസ്സമാകുമെന്ന വിലയിരുത്തലുമുണ്ട്.

റൂബിയോയുടെ രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ട്രംപ് ഭരണകൂടത്തിലുണ്ടാക്കാനിടയുള്ള അഴിച്ചുപണിയെ കുറിച്ചുള്ള ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ നാലോ അഞ്ചോ മന്ത്രിസഭാംഗങ്ങൾ സ്ഥാനമൊഴിയാൻ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. ജനുവരിയിൽ ഡെമോക്രാറ്റുകൾക്ക് കോൺഗ്രസിന്റെ ഇരുസഭകളിലും നിയന്ത്രണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഭരണകൂടത്തിനെതിരായ അന്വേഷണങ്ങൾ ശക്തമാക്കാനും ഉദ്യോഗസ്ഥരെ കോൺഗ്രസ് ഹിയറിങ്ങുകൾക്ക് വിളിച്ചുവരുത്താനും ഡെമോക്രാറ്റുകൾക്ക് കൂടുതൽ അധികാരമുണ്ടാകും. കൂടുതൽ പരിശോധനകളും രാഷ്ട്രീയ സമ്മർദങ്ങളും നേരിടുന്നതിനു മുമ്പ് ചില മന്ത്രിസഭാംഗങ്ങൾ സ്ഥാനമൊഴിഞ്ഞേക്കാമെന്നാണ് റിപ്പബ്ലിക്കൻ വൃത്തങ്ങളുടെ വിലയിരുത്തൽ.