ധാക്ക: മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ഇടക്കാല സർക്കാരിൽനിന്ന് ഉപദേശകർ കൂട്ടത്തോടെ രാജിവെക്കുന്നത് സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കുന്നു. ഏറ്റവും ഒടുവിലായി ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലയുള്ള ഖോദ ബക്ഷ് ചൗധരിയാണ് രാജിവെച്ചത്. ബുധനാഴ്ച ഇദ്ദേഹത്തിന്റെ രാജി പ്രസിഡന്റ് ഔദ്യോഗികമായി സ്വീകരിച്ചു. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങുന്നതായാണ് പുതിയ സംഭവവികാസങ്ങൾ നൽകുന്ന സൂചന. സർക്കാർ ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നത് ഭരണപ്രതിസന്ധി ഉണ്ടാക്കുക മാത്രമല്ല, സ്ഥിരതയുള്ള ഭരണം തന്നെ ഇല്ലാതാക്കും.
വിദ്യാർത്ഥി നേതാവായ ഷരീഫ് ഉസ്മാൻ ഹാദിയുമായി ബന്ധപ്പെട്ട കേസിൽ നടപടി ആവശ്യപ്പെട്ട് തീവ്രനിലപാടുള്ള സംഘടനകൾ സർക്കാരിന് മേൽ വലിയ സമ്മർദ്ദം ചെലുത്തിയിരുന്നു. ആഭ്യന്തര ഉപദേശകൻ ലഫ്റ്റനന്റ് ജനറൽ (റിട്ട.) എം.ഡി. ജഹാംഗീർ ആലം ചൗധരിയുടെ രാജി ആവശ്യപ്പെട്ട് ഹാദി സഹസ്ഥാപകനായ 'ഇൻക്വിലാബ് മഞ്ച' എന്ന സംഘടനയുടെ സെക്രട്ടറി അബ്ദുള്ള അൽ ജാബർ 24 മണിക്കൂർ അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് താഴെയുള്ള ഉദ്യോഗസ്ഥനായ ഖോദ ബക്ഷ് ചൗധരിയെ മാറ്റിക്കൊണ്ട് തെരുവിലെ പ്രതിഷേധങ്ങളെ തണുപ്പിക്കാൻ സർക്കാർ ശ്രമിച്ചത്.
യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിൽനിന്ന് രാജിവയ്ക്കുന്ന നാലാമത്തെ ആളാണ് ഖോദ ബക്ഷ് ചൗധരി. വിദ്യാർത്ഥി നേതാവായിരുന്ന നഹീദ് ഇസ്ലാം ആയിരുന്നു ആദ്യം രാജിവെച്ചത്. 2025-ന്റെ തുടക്കത്തിൽ ഇയാളുടെ രാജി. പിന്നാലെ തദ്ദേശ സ്വയംഭരണ വകുപ്പ് ഉപദേശകൻ ആസിഫ് മഹ്മൂദ് ഷോജിബ് ഭുയാൻ, വാർത്താവിനിമയ വകുപ്പ് ഉപദേശകൻ മഹ്ഫൂസ് ആലം എന്നിവർ 2025 ഡിസംബർ 10-ന് രാജിവെച്ചു.
ഇടക്കാല സർക്കാരിന് ബംഗ്ലാദേശിലെ സാഹചര്യങ്ങളെ നിയന്ത്രിക്കാനാകില്ലെന്നു വ്യക്തമാക്കുന്നതാണ് ഇതൊക്കെ. ഇതിന് പുറമെയാണ് ഇടക്കാല സർക്കാരിലെ അധികാര തർക്കവും വരാൻ പോകുന്ന തിരഞ്ഞെടുപ്പ് ഉയർത്തുന്ന വെല്ലുവിളികളും. നിലവിൽ സർക്കാരിന്റെ ധാർമ്മികതയും അധികാരവും സ്ഥിരതയും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. 2026 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായാണ് ചിലർ രാജിവെച്ചതെന്ന് വിശദീകരണമുണ്ടെങ്കിലും, റാഡിക്കൽ സംഘടനകളുടെ അന്ത്യശാസനങ്ങൾക്ക് സർക്കാർ വഴങ്ങുന്നത് ആശങ്കയുണ്ടാക്കുന്നു.
ബംഗ്ലാദേശിലെ സാഹചര്യങ്ങൾ കലാപ സമാനമായി തുടരുന്നതിനിടെ ദേശീയ സുരക്ഷാ ഉപദേശകന്റെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി രംഗത്തെത്തിയത് സർക്കാരിന്റെ അധികാരം എത്രത്തോളം വെല്ലുവിളിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ്. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ അനിശ്ചിതത്വം ഇനിയും വർദ്ധിക്കാനാണ് സാധ്യത. ആദ്യം സാങ്കേതിക വിദഗ്ധരുടെ കാവൽ സംവിധാനമായിരുന്ന യൂനസ് സർക്കാർ ഇപ്പോൾ തെരുവ് പ്രതിഷേധങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങുന്ന ഒരു ഭരണകൂടമായി മാറിയിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഒരു വലിയ കപ്പൽ ക്യാപ്റ്റന്റെ നിയന്ത്രണത്തിലല്ലാതെ കാറ്റിലും തിരമാലകളിലും ഉലയുന്നത് പോലെയാണ് ബംഗ്ലാദേശിലെ ഇപ്പോഴത്തെ ഭരണകൂടം.
Content Highlights: Bangladesh`s interim government faces a major crisis as advisors, including the Home Ministry chief, resign. Explore the reasons and implications for political stability.
Published: 25 Dec 2025, 01:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented