ലോസ് ആഞ്ജലിസ്: യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന് ജനങ്ങളോട് വൈകാരികമായി നന്ദിപറഞ്ഞ് ഡെമൊക്രാറ്റിക് പാർട്ടി നേതാവും ഇന്ത്യൻ വംശജയുമായ നിത്യ രാമൻ. ലോസ് ആഞ്ജലിസ് മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ താൻ അത്യധികം അഭിമാനിക്കുന്നുവെന്ന് അവർ പറഞ്ഞു. 

To advertise here,

ലോസ് ആഞ്ജലിസ് നഗരം തനിക്കും കുടുംബത്തിനും ഒരുപാട് നല്ല കാര്യങ്ങൾ നൽകിയിട്ടുണ്ടെന്ന് നിത്യ രാമൻ പറഞ്ഞു. ആളുകൾക്ക് ഇവിടെയെത്തി സ്വന്തം സ്വപ്നങ്ങൾ കെട്ടിപ്പടുക്കാൻ ഈ നഗരം എപ്പോഴും വാതിലുകൾ തുറന്നുകൊടുത്തിട്ടുണ്ട്. താൻ ഈ രാജ്യത്തേക്ക് വന്ന ഒരു കുടിയേറ്റക്കാരിയാണെന്നും ലോസ് ആഞ്ജലിസ് ഒരു കുടിയേറ്റക്കാരുടെ നഗരമാണെന്നും അവർ പറഞ്ഞു. 

കഴിഞ്ഞ രണ്ട് വർഷമായി സർക്കാരിൽനിന്ന് കുടിയേറ്റക്കാരെയും അവരുടെ സ്വപ്നങ്ങളെയും തള്ളിപ്പറയുന്ന നിലപാടാണ് കണ്ടത്. ഈ സമയത്ത്, ഒരു കുടിയേറ്റക്കാരിയെ അടുത്ത മേയറായി തിരഞ്ഞെടുക്കാൻ ജനങ്ങൾ വോട്ട് ചെയ്തത് തന്നെ സ്പർശിച്ചെന്ന് അവർ പറഞ്ഞു. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ താനും തന്റെ പാർട്ടിയും അധ്വാനിക്കുമെന്നും അവർ വ്യക്തമാക്കി.

നിലവിലെ മേയറായ ബാസുമായി സംസാരിച്ചതായി നിത്യ രാമൻ പറഞ്ഞു. മേയർ ബാസിന്റെ പ്രവർത്തനങ്ങളും നേതൃത്വവുമില്ലായിരുന്നെങ്കിൽ ലോസ് ആഞ്ജലിസ് ഇന്നത്തെപ്പോലെ ഒരു നഗരമായി മാറില്ലായിരുന്നുവെന്നും അവരുടെ പതിറ്റാണ്ടുകൾ നീണ്ട നേതൃത്വത്തിനും സേവനത്തിനും നന്ദിയുണ്ടെന്നും അവർ പറഞ്ഞു.

താൻ ഈ നഗരത്തെ സ്നേഹിക്കുന്നുവെന്നും ഇവിടുത്തെ ജനങ്ങളിൽ ഉറച്ച വിശ്വാസമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മുന്നിലുള്ള പ്രവർത്തനങ്ങൾ കഠിനമായിരിക്കുമെന്നും മാറ്റങ്ങൾ ഉണ്ടാകാൻ സമയമെടുക്കുമെന്നും നിത്യ പറഞ്ഞു. എങ്കിലും, ഇനി എല്ലാവർക്കും ഒരുമിച്ച് ചേർന്ന് നഗരത്തിൻ്റെ വളർച്ചയ്ക്കായി കൈകോർക്കാമെന്നും അവർ ആഹ്വാനം ചെയ്തു.