തൃശ്ശൂർ: ഗവേഷണത്തിന്റെ മണ്ണിൽ നൊബേൽ ജേതാക്കളുമായി സംവദിച്ചതിന്റെ ത്രില്ലിലാണ് വെളപ്പായ ചെറുന്തോട്ടത്ത് മനയിൽ സി.ആർ. രേവതി. ഇക്കണോമിക് സയൻസിലെ ലിൻഡൗ നൊബേൽ ലോറേറ്റ്‌സ് മീറ്റിങ്ങിലായിരുന്നു ഇത്. ഇക്കണോമിക്സിൽ നൊബേൽസമ്മാനം നേടിയ 20 പേർ ഇതിലുണ്ടായിരുന്നു. ലോകത്തിലെതന്നെ മികച്ച ഇക്കണോമിക്സ് ഗവേഷകരായ 250-ലേറെ പേരും.

To advertise here,

ഗവേഷണത്തിലെ വിശകലനരീതികൾ, ഉപയോഗിക്കുന്ന ഉപകരണങ്ങൾ, എഐ സാധ്യതകൾ, പുതിയ പ്രവണതകൾ തുടങ്ങിയവയെല്ലാമാണ് രേവതി ഉൾപ്പെടുന്ന സംഘം ചർച്ചചെയ്തത്. ജർമനിയിലെ ലിൻഡൗയിൽ ഓഗസ്റ്റ് 26 മുതൽ 30 വരെയായിരുന്നു യോഗം. 2024-ൽ നൊബേൽ സമ്മാനം നേടിയ സൈമൺ ജോൺ ഉൾപ്പെടെയുള്ളവർ ഇവിടെയുണ്ടായിരുന്നു.

സയൻസ് വോക്ക് എന്ന സെഷനിൽ 2010-ൽ നൊബേൽ നേടിയ ഡാനിയൽ എൽ. മെക്‌ഫെഡനാണ് രേവതിയുൾപ്പെടെയുള്ള പത്തംഗസംഘത്തിനൊപ്പം ഉണ്ടായിരുന്നത്. തുറന്ന സംവാദത്തിൽ 2007-ലെ ജേതാവ് എറിക് മസ്‌കിനുമുണ്ടായി. ഡഗ്ലസ് ഡബ്ലിയു ഡൈമണ്ട്, ക്രിസ്റ്റഫർ എ.പിസാരിഡസ്, പോൾ റോമർ തുടങ്ങി നിരവധി നൊബേൽ ജേതാക്കളുമായി സംവദിക്കാനായി. ഇന്ത്യയിൽനിന്ന് അഞ്ചുപേരാണ് ഇത്തവണ യോഗത്തിൽ പങ്കെടുത്തത്. നൊബേൽജേതാക്കളുടെ നെറ്റ് വർക്കുകളിൽ ഭാഗമാകാമെന്ന ഗുണവും ഇതിനുണ്ട്

വഴി തെളിച്ചത്‌ ഐസിഎസ്എസ്ആർ

രേവതിക്ക് സമ്മേളനത്തിലേക്കുള്ള വഴിതെളിച്ചത് ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് ആണ്. ഇവിടത്തെ ഫെലോഷിപ്പോടെയാണ് ഗവേഷണം ചെയ്യുന്നതെന്നതിനാൽ ഇവർതന്നെ നാമനിർദേശം ചെയ്യുകയായിരുന്നു. ഇത്തരത്തിൽ ഇന്ത്യയിൽ പ്രവേശനം ലഭിച്ചത് രണ്ടുപേർക്ക്. മറ്റെയാൾ ഹരിയാന സ്വദേശിയാണ്. യാത്രച്ചെലവുൾപ്പെടെ ഐസിഎസ്എസ്ആർ വഹിച്ചു.

നേരിട്ട് അപേക്ഷിച്ച് പ്രവേശനം നേടിയവരും ഉണ്ട്. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവർ ചെലവ് സ്വയംവഹിക്കണം. സ്പോൺസറെ കണ്ടെത്തുകയും ചെയ്യാം. നേരിട്ട് അപേക്ഷിക്കുന്നവരും നോമിനേറ്റ് ചെയ്യപ്പെടുന്നവരും ഓൺലൈനിൽ വിശദമായ അപേക്ഷ സമർപ്പിക്കണം.

ഗവേഷണത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്നതാണ് ഇത്. ഇതിൽനിന്നാണ് ഗവേഷകരെ തിരഞ്ഞെടുക്കുന്നത്. രേവതി തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജിൽ ഡോ.പി.ജെ.സാബുവിന്റെ കീഴിൽ ഗവേഷണം നടത്തുകയാണ്. കൊച്ചിൻ ദേവസ്വം ബോർഡ് റിട്ട.ജിവനക്കാരൻ സി.എൻ. രാമൻനമ്പൂതിരിയുടെയും ദേവകിയുടെയും മകളാണ്. സഹോദരൻ സി.ആർ. ഹരിപ്രസാദ്.