ധാക്ക: പാകിസ്താൻ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ ജനറൽ സാഹിർ ഷംഷാദ് മിർസയ്ക്ക് 'ആർട്ട് ഓഫ് ട്രയംഫ്' സമ്മാനിച്ചതിന് പിന്നാലെ തുർക്കിക്കും സൃഷ്ടി കൈമാറി ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയുള്ള ഭൂപടമുള്ള കലാസൃഷ്ടിയാണ് തുർക്കി പാർലമെന്ററി പ്രതിനിധി സംഘത്തിനും കൈമാറിയിരിക്കുന്നത്.

To advertise here,

'ആർട്ട് ഓഫ് ട്രയംഫ്' എന്ന കലാസൃഷ്ടി ഒരു സാധാരണ നയതന്ത്ര സമ്മാനമായി കാണാനാവില്ലെന്ന് ഇന്ത്യൻ ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. തുർക്കി പ്രതിനിധി സംഘവുമായുള്ള സമീപകാല കൂടിക്കാഴ്ചയിൽ നടന്ന ഈ നടപടി ഗൗരവത്തോടെയാണ് ഇന്റലിജൻസ് വൃത്തങ്ങൾ കാണുന്നത്. അസമിനെ ബംഗ്ലാദേശിൻറെ സ്വാധീനത്തിന് കീഴിലുള്ള ഒരു പ്രദേശമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള യുദ്ധ പദ്ധതികളും വിജയാനന്തര ഭരണ ചട്ടക്കൂടുകളും ഈ രേഖയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വൃത്തങ്ങൾ സൂചന നൽകുന്നു.

ബംഗ്ലാദേശ് ഈ നീക്കം നടത്തിയ സമയം വളരെ പ്രധാനപ്പെട്ടതാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ദക്ഷിണേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും തുർക്കി തങ്ങളുടെ സ്വാധീനം വികസിപ്പിക്കാൻ നടത്തുന്ന പാൻ-ഇസ്ലാമിക പ്രചാരണവുമായി ഇതിന് ബന്ധമുണ്ടെന്നാണ് ഇന്റലിജൻസ് സംശയം. 2024-ന്റെ തുടക്കം മുതൽ, പരിശീലന പരിപാടികൾ, പ്രതിരോധ വ്യവസായ സഹകരണം, സാങ്കേതിക നിക്ഷേപം എന്നിവ വാഗ്ദാനം ചെയ്ത് തുർക്കി ബംഗ്ലാദേശുമായി സജീവമായി ബന്ധം സ്ഥാപിച്ചുവരികയാണ്.

ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളെ ബംഗ്ലാദേശ് അതിർത്തിക്കുള്ളിൽ ചിത്രീകരിച്ചിരിക്കുന്ന തരത്തിലുള്ള ഭൂപടമാണ് ഇതിലുള്ളത്. ഇത് ആശങ്കാജനകമാണെന്ന് ഇന്റലിജൻസ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയെ ദുർബലപ്പെടുത്താനും 1971-ലെ വിഭജനത്തിന്റെ പഴയ മുറിവുകൾ ഉണർത്താനും ലക്ഷ്യമിട്ടുള്ള ഒരു “സൈക്കോളജിക്കൽ വാർ” ആവാം ലക്ഷ്യമെന്നും മുന്നറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. 1971-ലെ പാകിസ്താന്റെ സൈനിക പരാജയത്തെ പ്രതീകാത്മകമായി മായ്ച്ചുകളയാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു പുതിയ പ്രത്യയശാസ്ത്രപരമായ പങ്കാളിത്തം ഉയർത്തിക്കാട്ടാനുമുള്ള ശ്രമമാണ് ഈ നീക്കമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

തുർക്കി പാർലമെന്റ് അംഗവും തുർക്കി-ബംഗ്ലാദേശ് പാർലമെന്ററി ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പിന്റെ ചെയർപേഴ്സണുമായ മെഹ്മെത് ആകിഫ് യിൽമാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പാർലമെന്ററി പ്രതിനിധി സംഘമാണ് ബംഗ്ലാദേശിലെത്തിയത്. ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ കൂടിക്കാഴ്ചയിൽ ഇരുപക്ഷവും ചർച്ച ചെയ്തതായി യൂനസ് എക്സിലെ കുറിപ്പിൽ വ്യക്തമാക്കി.