
മുഹമ്മദ് യൂനുസ് | Photo: PTI | അസദുസ്സമാന്‍ ഖാന്‍ കമാല്‍ | Photo: CC BY 4.0 commons.wikimedia.org | വാക്കര്‍ ഉസ് സമാന്‍ | Photo: PTI
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തില്‍നിന്ന് പുറത്താക്കി ഒരു വര്‍ഷത്തിലേറെ പിന്നിടുമ്പോള്‍, സൈനിക മേധാവി ജനറല്‍ വാക്കര്‍ ഉസ് സമാനും ഇടക്കാല നേതാവ് മുഹമ്മദ് യൂനുസിനുമെതിര ഗുരുതര ആരോപണങ്ങളുമായി മുന്‍ ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാല്‍. ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്തിയത് അമേരിക്കയാണെന്നും അദ്ദേഹം ആരോപിച്ചു.
സെനിക മേധാവി ഒരു സിഐഎ ഏജന്റായി പ്രവര്‍ത്തിക്കുകയും ഹസീനയുടെ സര്‍ക്കാരിനെ അട്ടിമറിച്ച സൈനിക നീക്കത്തിന് നേതൃത്വം നല്‍കുകയും ചെയ്തുവെന്ന് അസദുസ്സമാന്‍ അവകാശപ്പെട്ടു. സൈനിക മേധാവിയെ, അട്ടിമറിയുടെ 'പ്രധാന സൂത്രധാരന്‍' എന്ന് വിശേഷിപ്പിച്ച കമാല്‍, ദക്ഷിണേഷ്യയില്‍ അധികം ശക്തരായ രാഷ്ട്രത്തലവന്മാര്‍ ഉണ്ടാകുന്നത് അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഷെയ്ഖ് ഹസീന എന്നിവരെ മേഖലയിലെ ശക്തരായ നേതാക്കളുടെ ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിന്റെ സെന്റ് മാര്‍ട്ടിന്‍സ് ദ്വീപില്‍ അമേരിക്കയ്ക്ക് കണ്ണുണ്ടെന്ന ഹസീനയുടെ ദീര്‍ഘകാലമായുള്ള വാദവും കമാല്‍ ആവര്‍ത്തിച്ചു. 2024-ലെ അധികാരമാറ്റത്തെ തികഞ്ഞ സിഐഎ ഗൂഢാലോചന എന്ന് വിശേഷിപ്പിച്ച അസദുസ്സമാന്‍ ഖാന്‍ കമാല്‍, ഹസീനയുടെ ബന്ധുകൂടിയായ സൈനിക മേധാവി ജനറല്‍ വാക്കര്‍ ഉസ് സമാന്‍ അവരെ പിന്നില്‍നിന്ന് കുത്തി എന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.
ദീപ ഹല്‍ദര്‍, ജയ്ദീപ് മജുംദാര്‍, സാഹിദുള്‍ ഹസന്‍ ഖോകോന്‍ എന്നിവര്‍ ചേര്‍ന്നെഴുതി ജഗ്ഗര്‍നോട്ട് പ്രസിദ്ധീകരിക്കുന്ന, ഇനിയും പുറത്തിറങ്ങാത്ത 'ഇന്‍ഷാ അള്ളാ ബംഗ്ലാദേശ്: ദി സ്റ്റോറി ഓഫ് ആന്‍ അണ്‍ഫിനിഷ്ഡ് റെവല്യൂഷന്‍' എന്ന പുസ്തകത്തിലാണ് ഈ അവകാശവാദങ്ങള്‍ ഉന്നയിച്ചിരിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഹസീന സര്‍ക്കാരിന്റെ നാടകീയമായ പതനത്തെയും തുടര്‍ന്നുണ്ടായ അധികാര വടംവലിയെയും കുറിച്ച് വിശദീകരിക്കുന്ന പുസ്തകമാണിത്.
'വാക്കര്‍ സിഐഎയുടെ കയ്യിലാണെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. അവരുടെ പ്രവൃത്തിക്കു പിന്നില്‍ രണ്ട് കാരണങ്ങളുണ്ട്. ഒന്നാമത്തേത്; ദക്ഷിണേഷ്യയില്‍ മോദി, ഷി, ഹസീനയെപ്പോലെ അധികം ശക്തരായ രാഷ്ട്രത്തലവന്‍മാര്‍ ഉണ്ടാകരുത് എന്നതാണ്. അത്തരം ശക്തരായ നേതാക്കള്‍ ഉപഭൂഖണ്ഡം ഭരിച്ചാല്‍ സിഐഎ എങ്ങനെ പ്രവര്‍ത്തിക്കും? ദുര്‍ബലമായ സര്‍ക്കാരുകളാണ് അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് ഏറ്റവും നല്ലത്. എന്നാല്‍ അതിലും പെട്ടെന്നുള്ള ഒരു കാരണമുണ്ടായിരുന്നു; സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ്.' കമാല്‍ പുസ്തകത്തില്‍ പറയുന്നു.
ഇതേ പുസ്തകത്തില്‍, സര്‍ക്കാരിന്റെ പതനത്തിന് കാരണം ആള്‍മാറാട്ടക്കാരും ഭീകരവാദത്തെ ന്യായീകരിക്കുന്നവരുമാണെന്ന് ഹസീനയും കുറ്റപ്പെടുത്തുന്നുണ്ട്. യൂനുസിനെ 'വഞ്ചകന്‍' എന്ന് വിശേഷിപ്പിച്ച ഹസീന, അധികാരമേറ്റ ശേഷം അദ്ദേഹം രാജ്യം കൊള്ളയടിക്കുകയും തന്റെ സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് കാരണമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തുവെന്ന് ആരോപിച്ചു.
താന്‍ നിലവില്‍ ന്യൂഡല്‍ഹിയിലാണെന്ന് ഹസീന അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.
Content Highlights: Former Bangladesh Home Minister Asaduzzaman Khan Kamal claims Army Chief Waker-uz-Zaman was a CIA agent who orchestrated Sheikh Hasina`s ouster, citing US interests and St Martin`s Island.
Published: 04 Nov 2025, 07:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented