വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിഭാവനംചെയ്ത കൂറ്റൻ സ്മാരക കമാനത്തിന്റെ നിർമാണം തുടങ്ങാനുള്ള നീക്കങ്ങൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി ഫെഡറൽ കോടതി. നിർമാണ നടപടികൾ 14 ദിവസത്തേക്ക് നിർത്തിവെക്കാനാണ് കോടതി ഉത്തരവ്.

To advertise here,

സ്മാരക കമാനത്തിന് നാഷണൽ ക്യാപിറ്റൽ പ്ലാനിങ് കമ്മിഷൻ അന്തിമ അനുമതി നൽകിയതിന് പിന്നാലെയാണ് കോടതിയുടെ നടപടി. വ്യാഴാഴ്ച ഒമ്പത് മണിക്കൂർ നീണ്ട വാദത്തിനൊടുവിൽ നടന്ന വോട്ടെടുപ്പിൽ എട്ടിനെതിരെ നാല് വോട്ടുകൾക്കാണ് പദ്ധതി അംഗീകരിച്ചത്. നിർമാണം സംബന്ധിച്ച് നിരവധി പേർ ഹിയറിങ്ങിൽ എതിർപ്പറിയിച്ചിരുന്നു.

പദ്ധതിക്ക് അനുമതി ലഭിക്കുകയും ആഭ്യന്തര വകുപ്പ് അന്തിമ അംഗീകാരം നൽകുകയും നാഷണൽ പാർക്ക് സർവീസ് ആവശ്യമായ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്താൽ നിർമാണം ആരംഭിക്കാമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. എന്നാൽ, നിർമാണം തടയണമെന്നാവശ്യപ്പെട്ട് പുതിയതായി ഹർജി നൽകിയവർ കോടതിയെ സമീപിച്ചതോടെയാണ് നടപടി.

ഒക്ടോബർ 31-നാണ് വിർജീനിയ സംസ്ഥാനവും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയും പദ്ധതിക്കെതിരെ കോടതിയെ സമീപിച്ചത്. വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്ത സൈനികരും വാസ്തുശിൽപ ചരിത്രകാരനും നേരത്തേ നൽകിയ ഹർജിയുമായി ഈ കേസ് പിന്നീട് കോടതി കൂട്ടിച്ചേർത്തിരുന്നു. നിർമാണം തടയാൻ താൽക്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു പുതിയ ഹർജിയിലെ പ്രധാന ആവശ്യം.

വാഷിങ്ടൺ ഡിസിക്കും വിർജീനിയയ്ക്കും ഇടയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന കമാനം പാരീസിലെ ആർക്ക് ദെ ട്രയോംഫ് ഉൾപ്പെടെയുള്ള പ്രശസ്ത സ്മാരകങ്ങളുടെ മാതൃകയിലായിരിക്കും. ആർലിങ്ടൺ ദേശീയ സെമിത്തേരിക്ക് സമീപമാണ് നിർമാണസ്ഥലം. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഭരണകൂടം പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന് ആരോപിച്ച ഹർജിക്കാർ നീക്കത്തെ 'പ്രത്യക്ഷമായ നിയമലംഘനം' എന്നാണ് വിശേഷിപ്പിച്ചത്.

വാഷിങ്ടണിന്റെ മുഖച്ഛായ മാറ്റുന്നതിനായി ട്രംപ് മുന്നോട്ടുവെച്ച നിരവധി പദ്ധതികളിൽ ഒന്നാണ് സ്മാരക കമാന നിർമാണം. നഗരത്തിലെ ചരിത്രപ്രാധാന്യമുള്ള പൊതുഗോൾഫ് കോഴ്‌സുകളുടെ നവീകരണവും ജോൺ എഫ്. കെന്നഡി സെന്റർ ഫോർ ദ പെർഫോമിങ് ആർട്‌സ് പൊളിച്ചുമാറ്റുമെന്ന ഭീഷണിയും ഇതിന്റെ ഭാഗമാണ്. കോൺഗ്രസിൽ ഡെമോക്രാറ്റുകൾക്ക് സ്വാധീനം വർധിച്ചതോടെ ഇത്തരം പദ്ധതികൾ കൂടുതൽ പരിശോധനകൾക്കും രാഷ്ട്രീയ വിമർശനങ്ങൾക്കും വിധേയമായേക്കും.