ജിദ്ദ: ഹൂതികളുടെ ആക്രമണങ്ങളിൽനിന്ന് രാജ്യത്തെ പ്രതിരോധിക്കാൻ സൗദി അറേബ്യ മടിക്കില്ലെന്ന് വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലഭ്യമായ എല്ലാ മാർഗങ്ങളും സൗദി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ സംസാരിക്കുകയായിരുന്നു മന്ത്രിഎന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

To advertise here,

''പ്രയാസകരമായ സാഹചര്യങ്ങളിൽ അകപ്പെടുമ്പോഴെല്ലാം ഹൂതി മിലീഷ്യ അക്രമത്തിന്റെ വഴിയാണ് സ്വീകരിക്കുന്നത്. യമനിലെ ആഭ്യന്തര പ്രശ്‌നങ്ങൾ സൗദി അറേബ്യയിലേക്ക് വ്യാപിപ്പിക്കാനാണ് ഹൂതികൾ ശ്രമിക്കുന്നത്,'' ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.

ഹൂതികളുമായി നയതന്ത്ര ചർച്ചകൾക്കുള്ള വാതിൽ ഇപ്പോഴും തുറന്നുകിടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, പ്രതിസന്ധി നേരിടുമ്പോഴെല്ലാം ഹൂതികൾ അക്രമത്തിലേക്ക് തിരിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സൗദിയിലെ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവ് പറഞ്ഞു. ബാബ് അൽ മന്ദബ് കടലിടുക്കിലെ സുരക്ഷയും കപ്പൽ ഗതാഗതത്തിനുള്ള സ്വാതന്ത്ര്യവും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.