
ന്യൂയോർക്ക്: തങ്ങൾ ഭീകരവാദത്തിന്റെ ഇരകളാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ യുഎൻ പൊതുസഭയിൽ. 'അമേരിക്കൻ പ്രസിഡന്റ് ഞങ്ങളെ ഭീകരവാദികളായാണ് വിശേഷിപ്പിച്ചത്. എന്നാൽ യഥാർത്ഥത്തിൽ ഞങ്ങൾ ഭീകരവാദത്തിന് ഇരകളാണ്', പെസഷ്‌കിയാൻ പറഞ്ഞു.
മിനാബ് സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ടാണ് പെസെഷ്കിയാൻ പ്രസംഗിച്ചത്. യാതൊരു കാരണവും ഇല്ലാതെ ആദരണീയനായ പരമോന്നത നേതാവ് വധിക്കപ്പെട്ട ഇറാനിൽനിന്നാണ് താൻ വരുന്നത്. നിങ്ങൾ ഈ കുട്ടികളേ കാണുന്നുണ്ടോ? യു.എസും ഇസ്രായേലും സ്കൂളിനുനേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതാണ് ഈ കുട്ടികളെ, ഇറാൻ പ്രസിഡന്റ് പറഞ്ഞു.
കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ചിത്രവും അദ്ദേഹം പ്രദർശിപ്പിച്ചു. പെസഷ്കിയാൻ പ്രസംഗിച്ചുകൊണ്ടിരിക്കെ, യുഎസ് പ്രതിനിധിസംഘം യുഎൻ പൊതുസഭാ ഹാളിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
'ഞങ്ങൾ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. ഞങ്ങൾ ഭീകരവാദികളല്ല. ഞങ്ങൾ പരമാവധി ശക്തിയോടെ സ്വയം പ്രതിരോധിച്ചു. അമേരിക്കയും ഇസ്രായേലും ഞങ്ങളെ ആക്രമിച്ചു. പക്ഷേ, ഞങ്ങൾ മുട്ടുകുത്തിയില്ല. തലകുനിച്ചില്ല', പെസഷ്കിയാൻ പറഞ്ഞു.
പ്രസംഗത്തിനിടെ ട്രംപിന്റെ പേരും ഇറാൻ പ്രസിഡന്റ് പരാമർശിച്ചു. 'ബലപ്രയോഗത്തിന്റെ ഭാഷ അംഗീകരിക്കാതെതന്നെ ചർച്ചയ്ക്കും നയതന്ത്രനീക്കങ്ങൾക്കും കൂടിക്കാഴ്ചകൾക്കും ഞങ്ങൾ സജ്ജമാണെന്ന് മിസ്റ്റർ ട്രംപും ഞങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നവരും മനസ്സിലാക്കണം', അദ്ദേഹം പറഞ്ഞു.
ഇറാനെ തകർക്കാൻ സജ്ജമാണെന്ന് കഴിഞ്ഞദിവസം യുഎന്നിൽ സംസാരിച്ച ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇറാനെ പൂർണമായി തകർക്കണോ അതോ ഒരു കരാറിലെത്തണോ എന്ന നിർണായക തീരുമാനത്തിലെത്തേണ്ട അവസ്ഥയിലാണ് താനെന്ന് ട്രംപ് പറഞ്ഞു.
കനത്ത സുരക്ഷയിലാണ് യുഎൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനായി ഇറാൻ പ്രസിഡന്റും സംഘവും ന്യൂയോർക്കിലെത്തിയത്. ഏഴ് മാസത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഉടൻ കരാറിലെത്തിയില്ലെങ്കിൽ ഇറാനെ 'തുടച്ചുനീക്കിയേക്കാം' എന്ന് ട്രംപ് പറഞ്ഞ അതേ വേദിയിൽവെച്ചുതന്നെയാണ് പെസഷ്‌കിയാന്റെ മറുപടിയും.
യുഎന്നിൽ സംസാരിച്ച് മണിക്കൂറുകൾക്കുശേഷം, തന്റെ മുഖ്യ ദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ഇറാനിയൻ പ്രതിനിധികളുമായി മൂന്ന് മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയതായി ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചർച്ചകൾ എങ്ങനെയാണ് നടന്നതെന്നോ കൈമാറിയ വിവരങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ചോ അദ്ദേഹം കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല.
Published: 23 Sept 2026, 08:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented