ടെഹ്റാൻ: ഇറാനിലെ ബുഷെർ ആണവനിലയത്തിന് സമീപം തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ ആണവവികിരണം പുറത്തുവരാൻ  കാരണമായേക്കാമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. മേഖലയിലെ അപകടം ചൂണ്ടിക്കാട്ടി അദ്ദേഹം ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിന് കത്തയച്ചു.

To advertise here,

ആണവനിലയത്തിന് സമീപം നടക്കുന്ന ആക്രമണങ്ങൾ മേഖലയിലാകെ ഗുരുതരമായ മാനുഷിക-പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.  അമേരിക്കയും ഇസ്രയേലും തങ്ങളുടെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യംവെക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

ആണവനിലയത്തിൽനിന്ന് റേഡിയോ ആക്ടീവ് വികിരണം ഉണ്ടായാൽ അത് ഇറാൻ്റെ അതിർത്തികൾക്കപ്പുറം ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളെപ്പോലും ഗുരുതരമായി ബാധിക്കുമെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കിടെ നാല് തവണ ബുഷെർ നിലയത്തിന് സമീപം ആക്രമണം ഉണ്ടായതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഇഎ) സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ നിലയത്തിലെ സുരക്ഷാ വിഭാഗത്തിലെ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടതായും കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.

അതേസമയം, ആക്രമണത്തിൽ നിലയത്തിൻ്റെ പ്രധാന ഭാഗങ്ങൾ സുരക്ഷിതമാണെന്നും വൈദ്യുതി ഉത്പാദനം സാധാരണ നിലയിലാണെന്നും ഇറാനിലെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിലവിൽ റേഡിയേഷൻ അളവിൽ വർധനവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഐഎഇഎ അറിയിച്ചിട്ടുണ്ട്. ഇറാന്റെ ഗൾഫ് തീരത്ത് സ്ഥിതിചെയ്യുന്ന ബുഷെർ ആണവനിലയം രാജ്യത്തെ ഏക ആണവ വൈദ്യുത നിലയമെന്ന നിലയിൽ തന്ത്രപ്രധാനമായ കേന്ദ്രമാണ്.