പാരിസ്: ഫ്രാൻസിൽ സെപ്തംബറിൽ ആരംഭിച്ച വിദ്യാർഥി പ്രക്ഷോഭം യൂറോപ്പിലുടനീളം വ്യാപിക്കുന്നതായി റിപ്പോർട്ട്. വിലക്കയറ്റം, ജീവിതച്ചെലവിലെ വർധന, കുറഞ്ഞ ശമ്പളം, പൊതുസേവനങ്ങളുടെ തകർച്ച എന്നിവയ്‌ക്കെതിരേ യൂറോപ്പിലെ 31 രാജ്യങ്ങളിലായി രണ്ടായിരത്തോളം പ്രതിഷേധങ്ങളാണ് ഇതുവരെ നടന്നത്. യൂറോപ്പിലാകെ വെറും ഒന്നര മാസത്തിനിടെ നൂറുകണക്കിന് അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

To advertise here,

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ശനിയാഴ്ച ഫ്രാൻസിൽ വിവിധ ഭാഗങ്ങളിലായി നടന്ന റാലിയിൽ 146,000 ആളുകൾ പങ്കെടുത്തു. അതിൽ 46,000 പേർ പാരീസിലാണ്. എന്നാൽ യൂണിയനുകളുടെ കണക്കനുസരിച്ച് ഇത് യഥാക്രമം 2,50,000-വും 75,000-വുമാണ്.

പ്രക്ഷോഭങ്ങളുടെ കേന്ദ്രബിന്ദുവായ ഫ്രാൻസിൽ മാത്രം 1200ൽ അധികം പ്രതിഷേധങ്ങൾ നടന്നു. ഒക്ടോബർ 17-ന് നടന്ന പ്രതിഷേധത്തിൽ മാത്രം അഞ്ച് ലക്ഷത്തോളം ആളുകൾ പങ്കെടുത്തു. ഫ്രാൻസിന് പുറമെ സ്‌പെയിൻ,ഇറ്റലി, ജർമ്മനി, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലും ശക്തമായ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും അധ്യാപകരുടെ കുറവിലും പ്രതിഷേധിച്ച് ഹൈസ്‌കൂൾ വിദ്യാർത്ഥികൾ നടപ്പാത ഉപരോധിച്ചുകൊണ്ടാണ് ഈ പ്രക്ഷോഭത്തിന് തുടക്കമിട്ടത്. എന്നാൽ പിന്നീട് ഇത് തൊഴിലാളി യൂണിയനുകളും 'യല്ലോ വെസ്റ്റ്' പ്രസ്ഥാനവും ഏറ്റെടുത്തതോടെ രാജ്യമൊട്ടാകെയുള്ള പോരാട്ടമായി വളരുകയായിരുന്നു.

ആർമ്ഡ് കോൺഫ്‌ലിക്റ്റ് ലൊക്കേഷൻ & ഈവന്റ് ഡാറ്റ വിവരങ്ങൾ അനുസരിച്ച് ഫ്രാൻസിൽ സാധാരണയായി പ്രതിദിനം ശരാശരി 20 പ്രതിഷേധങ്ങൾ നടക്കുമ്പോൾ, നിലവിലെ പ്രക്ഷോഭ വേളയിൽ അത് പ്രതിദിനം 66 എന്ന നിരക്കിലേക്കാണ് ഉയർന്നിരിക്കുന്നത്.

ജീവിതച്ചെലവിലെ വർധനവും ഭവനനിർമാണത്തിലെ പ്രതിസന്ധിയുമാണ് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ജനങ്ങളെ തെരുവിലിറക്കാൻ കാരണമായത്. അടിയന്തര ഭവന ഓർഡിനൻസുകൾ പാർലമെന്റ് തള്ളിയതിനെ തുടർന്നാണ് സ്‌പെയിനിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയത്. ഇറ്റലിയിലും പോർച്ചുഗല്ലിലുമാവട്ടെ ഉയർന്ന വീട്ടുവാടക, കുറഞ്ഞ വേതനം, ആനുകൂല്യങ്ങളുടെ വെട്ടിക്കുറയ്ക്കൽ എന്നിവയ്ക്കെതിരെയാണ് വൻ പ്രതിഷേധങ്ങൾ തുടരുന്നത്.

ഫ്രാൻസിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് വ്യാപകമായി കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചിരുന്നു. ആയിരക്കണക്കിന് ആളുകളെ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ദ്ധർ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.