ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ പുതിയ വഴിത്തിരിവ്. ഇരു രാജ്യങ്ങളും തമ്മിൽ ഇടക്കാല വ്യാപാര കരാറിൽ ധാരണയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കരാർ ഇന്ത്യയുടെ 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നിർണായകമാകുമെന്നും സ്ത്രീകളടക്കമുള്ള യുവാക്കൾക്ക് വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി ശനിയാഴ്ച എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

To advertise here,

ഈ നേട്ടം ഭാരതത്തിന്റെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയെ ശക്തിപ്പെടുത്തുമെന്നും കഠിനാധ്വാനികളായ കർഷകർക്കും സംരംഭകർക്കും എം.എസ്.എം.ഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും മത്സ്യത്തൊഴിലാളികൾക്കും വലിയ അവസരങ്ങൾ തുറന്നുനൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിന്റെ തെളിവാണ് ഈ ഉടമ്പടിയെന്നും ഇത് ആഗോള സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. കരാർ നടപ്പിലാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ഇടപെടലുകൾക്കും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.

കരാറിലൂടെ ഇന്ത്യൻ കയറ്റുമതിക്കാർക്കും ചെറുകിട മേഖലയിലുള്ളവർക്കും ഏകദേശം 30 ട്രില്യൺ ഡോളറിന്റെ വിശാലമായ അമേരിക്കൻ വിപണിയിലേക്ക് പ്രവേശനം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കരാറിന്റെ ഭാഗമായി, ടെക്സ്റ്റൈൽസ്, വസ്ത്രങ്ങൾ, ലെതർ, പാദരക്ഷകൾ, പ്ലാസ്റ്റിക്, റബ്ബർ ഉൽപ്പന്നങ്ങൾ, ഓർഗാനിക് കെമിക്കലുകൾ, ഗൃഹാലങ്കാര വസ്തുക്കൾ, കരകൗശല ഉൽപ്പന്നങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിൽ നിന്നുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിലെ നികുതി (reciprocal tariff) 18 ശതമാനമായി കുറയ്ക്കും.

കൂടാതെ, ജനറിക് മരുന്നുകൾ, രത്നങ്ങൾ, വജ്രം, വിമാന ഭാഗങ്ങൾ എന്നിവയുടെ നികുതി പൂജ്യം ശതമാനത്തിലേക്ക് കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. ഇത് ഇന്ത്യയുടെ കയറ്റുമതി ശേഷി വർധിപ്പിക്കും. കരാറിൻ്റെ സെക്ഷൻ 232 പ്രകാരം വിമാന ഭാഗങ്ങൾക്ക് നികുതി ഇളവ് നൽകുന്നതിനൊപ്പം മുൻഗണനാ നിരക്കും ലഭിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ കാർഷിക മേഖലയെയും ഗ്രാമീണ ഉപജീവനത്തെയും സംരക്ഷിക്കുന്നതിന് കരാറിൽ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. ചോളം, ഗോതമ്പ്, അരി, സോയ, കോഴിയിറച്ചി, പാൽ, ചീസ്, എത്തനോൾ, പുകയില, ഇറച്ചി തുടങ്ങി ഇന്ത്യയുടെ അതീവ പ്രാധാന്യമുള്ള കാർഷിക-ക്ഷീര ഉൽപ്പന്നങ്ങളെ കരാറിന്റെ പരിധിയിൽനിന്ന് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, അമേരിക്കൻ വ്യാവസായിക ഉൽപ്പന്നങ്ങൾക്കും തിരഞ്ഞെടുത്ത കാർഷിക ഉൽപ്പന്നങ്ങൾക്കും ഇന്ത്യ നികുതി കുറയ്ക്കും.

അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 500 ബില്യൺ ഡോളർ മൂല്യമുള്ള അമേരിക്കൻ ഊർജ ഉൽപ്പന്നങ്ങൾ, വിമാനങ്ങൾ, സാങ്കേതിക ഉൽപ്പന്നങ്ങൾ എന്നിവ വാങ്ങാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. സാങ്കേതിക മേഖലയിൽ ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകൾ, ഡാറ്റ സെന്റർ ഉൽപ്പന്നങ്ങൾ എന്നിവയുടെ വ്യാപാരവും സഹകരണവും വർധിപ്പിക്കാനും ഡിജിറ്റൽ വ്യാപാരത്തിലെ തടസ്സങ്ങൾ നീക്കാനും ഇരു രാജ്യങ്ങളും ധാരണയായിട്ടുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സമ്പൂർണ ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകളുടെ ആദ്യപടിയാണ് ഈ ഇടക്കാല ഉടമ്പടിയെന്നും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും സപ്ലൈ ചെയിനുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ കരാർ സഹായിക്കുമെന്നും കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.