ന്യൂയോർക്ക്: ദാവൂദ് ഇബ്രാഹിം നയിക്കുന്ന ഡി-കമ്പനിയെ ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘമെന്ന് വിശേഷിപ്പിച്ച ഐക്യരാഷ്ട്രസഭയുടെ (യു.എൻ.) പ്രത്യേക പ്രതിനിധിക്കെതിരേ കടുത്ത വിമർശനവുമായി ഇന്ത്യ. റിപ്പോർട്ടിലെ ഗുരുതരമായ തെറ്റുകൾ ചൂണ്ടിക്കാട്ടിയ ഇന്ത്യ, ഇത്തരം അനാസ്ഥകൾ ഐക്യരാഷ്ട്രസഭ എന്ന ആഗോള സംഘടനയുടെ വിശ്വാസ്യതയ്ക്ക് വലിയ ദോഷം വരുത്തിവെക്കുമെന്നും മുന്നറിയിപ്പ് നൽകി. യു.എൻ. പൊതുസഭയുടെ യോഗത്തിൽ യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷൻ ഫസ്റ്റ് സെക്രട്ടറി രഘു പുരിയാണ് ഇന്ത്യയുടെ പ്രതികരണം അറിയിച്ചത്.

To advertise here,

ഭീകരവാദം ചെറുക്കുന്നതിനിടെ മനുഷ്യാവകാശങ്ങളും മൗലികസ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നത് സംബന്ധിച്ച യു.എൻ. പ്രത്യേക പ്രതിനിധി ബെൻ സോൾ സമർപ്പിച്ച റിപ്പോർട്ടിലായിരുന്നു ഇത് സംബന്ധിച്ച പരാമർശം. അൽ ഖ്വയ്ദയുമായുള്ള ബന്ധത്തിന്റെ പേരിൽ ‘ഇന്ത്യ ആസ്ഥാനമായുള്ള ഡി-കമ്പനിയുടെ’ നേതാവിനെ 2003-ൽ യു.എൻ. രക്ഷാസമിതി പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് ബെൻ സോളിന്റെ റിപ്പോർട്ടിലെ ഒരു ഭാഗത്ത് പറയുന്നത്. എന്നാൽ, ഇത് യഥാർത്ഥ വസ്തുതകളിൽനിന്ന് വളരെ വ്യത്യസ്തമായ ഒരു ചിത്രമാണ് നൽകുന്നതെന്ന് പുരി ചൂണ്ടിക്കാട്ടി.

ഡി-കമ്പനി ഇന്ത്യ ആസ്ഥാനമായുള്ള സംഘടനയാണെന്ന വിശേഷണത്തെ ശക്തമായി തള്ളിക്കളഞ്ഞ അദ്ദേഹം, ഈ ക്രിമിനൽ സംഘടനയും അതിലെ നേതാവ് ദാവൂദ് ഇബ്രാഹിമും 1993-ലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ തിരയുന്ന പ്രതിയാണെന്ന് വ്യക്തമാക്കി. ദാവൂദ് ഇബ്രാഹിം ഇപ്പോഴും ഇന്ത്യ തിരയുന്ന കുറ്റവാളിയാണെന്നും യു.എൻ. രേഖകൾ പ്രകാരം അൽ ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ കണ്ടെത്തി വധിച്ച അതേ രാജ്യത്താണ് ഇയാളും താമസിക്കുന്നതെന്നും പാകിസ്താനെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് രഘു പുരി ചൂണ്ടിക്കാട്ടി.

വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ടുകൾ പുറത്തിറക്കുകയും അതിൽ ഉത്തരവാദിത്വം കാണിക്കാതിരിക്കുകയും ചെയ്യുന്ന പ്രത്യേക പ്രതിനിധിയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് പുരി പറഞ്ഞു. വിഷയത്തിൽ കടുത്ത ആശങ്ക വിവിധ വേദികളിൽ ഇന്ത്യ മുൻപും വ്യക്തമാക്കിയതാണെന്നു രഘൂ പുരി കൂട്ടിച്ചേർത്തു. പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം അനാസ്ഥകൾ ഈ സംഘടനയ്ക്ക് വലിയ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.