ടെൽ അവീവ്: ഇസ്രയേലിൽ ഫ്‌ളൈദുബായ് വിമാനം തകർക്കാൻ ശ്രമിച്ചതായി ആരോപിക്കപ്പെടുന്ന ഒമാനി കോ-പൈലറ്റിന്, വ്യോമയാന ജീവിതത്തിനിടയിൽ രണ്ട് വ്യത്യസ്ത രാജ്യങ്ങളിലായി രണ്ട് തവണ വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വിവരം. ഹമാം അൽ ഹമാമി എന്ന അക്രമിയെ, തീവ്രവാദപരമായ ഓൺലൈൻ ഉള്ളടക്കങ്ങളോടുള്ള അമിതമായ താൽപര്യം കാരണം 2025-ലും 2026-ലും ഒമാനും മൊറോക്കോയുമാണ് വിമാനം പറത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്.

To advertise here,

2025-ൽ ഒമാൻ എയർ വിമാനം പറത്തുന്നതിൽ നിന്ന് ഹമാമിയെ വിലക്കിയിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുടർന്ന് മൊറോക്കൻ എയർലൈനായ റോയൽ എയർ മൊറോക്കിൽ പരിശീലനത്തിനായി ഇയാൾ കാസാബ്ലാങ്കയിലേക്ക് മാറിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എന്നാൽ, മൂന്ന് മാസത്തെ ക്ലാസ് റൂം പരിശീലനത്തിന് ശേഷവും, സമാനമായ ആശങ്കകളെ തുടർന്ന് ഇയാളെ കോക്ക്പിറ്റിൽ കയറുന്നതിൽ നിന്നും വിമാനം പറത്തുന്നതിൽ നിന്നും തടഞ്ഞിരുന്നു.

2026 ജനുവരിയിലായിരുന്നു ഈ സംഭവം. എന്നിട്ടും, ഒരു മാസത്തിന് ശേഷം ഫ്‌ളൈദുബായ് ഹമാമിയെ ജോലിക്ക് എടുക്കുകയും കോ-പൈലറ്റായി വിമാനം പറത്താൻ അനുമതി നൽകുകയും ചെയ്തു. പിന്നാലെയാണ്, സെപ്റ്റംബർ 30-ന് ടെൽ അവീവിലേക്ക് പോവുകയായിരുന്ന വിമാനത്തിൽവെച്ച് ഇയാൾ സഹപൈലറ്റായ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ആക്രമിച്ചത്. ക്യാപ്റ്റൻ മിച്ഛറിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് വലിയൊരു അപകടം ഒഴിവായത്.

ഭീകരാക്രമണ ശ്രമമായി കണ്ട് ഈ സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് ഹമാമിയെക്കുറിച്ചുള്ള ആശങ്കപ്പെടുത്തുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. ഹമാമി ങ്ങളുടെ രാജ്യക്കാരനാണെങ്കിലും ജീവിതത്തിന്റെ ഭൂരിഭാഗവും യു.എ.ഇ.യും സിറിയയുമടക്കമുള്ള മറ്റ് രാജ്യങ്ങളിലാണ് ചെലവഴിച്ചിരുന്നതെന്ന് ഒമാൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ഒരു ഘട്ടത്തിൽ ഇയാൾ ഒരു ഒമാനി എയർലൈനിൽ ജോലി ചെയ്തിരുന്നുവെങ്കിലും, തീവ്രവാദ വീക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനം പറത്തുന്നതിൽ നിന്ന് വിലക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. പരിശീലന കാലയളവിന് ശേഷം ഹമാമിയുടെ അപേക്ഷ നിരസിച്ചതായി എയർ മൊറോക്കും സ്ഥിരീകരിച്ചിട്ടുണ്ട്, എന്നാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

തൊഴിൽ ലഭിക്കുന്നതിന് മുമ്പുള്ള ഘട്ടത്തിന്റെ ഭാഗമായി 2025-ൽ ഹമാമി മൂന്ന് മാസത്തെ തിയറിറ്റിക്കൽ പരിശീലനത്തിൽ പങ്കെടുത്തിരുന്നുവെന്നും, എന്നാൽ പരിശീലനത്തിന് ശേഷം ഇയാളുടെ അപേക്ഷ ജോലിക്കായി തിരഞ്ഞെടുത്തില്ലെന്നും അസോസിയേറ്റ് പ്രസ്സിന് നൽകിയ പ്രസ്താവനയിൽ എയർലൈൻ വ്യക്തമാക്കി. ഇതിനുശേഷം, ഫെബ്രുവരിയിലാണ് ഇയാൾ ഫ്‌ളൈദുബായിൽ കോ-പൈലറ്റായി ജോലിയിൽ പ്രവേശിച്ചത്.

ഇത് വലിയ സുരക്ഷാ വീഴ്ചയെയും പശ്ചാത്തല പരിശോധനകളുടെ കുറവിനെയുമാണ് ചൂണ്ടിക്കാണിക്കുന്നത് എന്ന് വിമർശനമുണ്ട്. എയർ മൊറോക്ക സംഭവത്തിന് വെറും ഏഴ് മാസങ്ങൾക്ക് ശേഷം, ഭൂരിഭാഗവും ഇസ്രയേലികളായ യാത്രക്കാരുമായി ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന വിമാനം ഹൈജാക്ക് ചെയ്യാനും തകർക്കാനുമാണ് ഹമാമി ശ്രമിച്ചതെന്ന വാദത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനായി, കോക്ക്പിറ്റ് കോടാലി ഉപയോഗിച്ചാണ് ഹമാമി ഇന്ത്യൻ പൈലറ്റായ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ആക്രമിച്ചത്. തലയോട്ടിക്ക് പരിക്കേൽക്കുകയും കാഴ്ച മങ്ങുകയും ചെയ്തിട്ടും ക്യാപ്റ്റൻ മച്ഛാർ ആക്രമണത്തിനെതിരെ പോരാടുകയും, അക്രമിയായ പൈലറ്റിനെ കീഴ്‌പ്പെടുത്താൻ യാത്രക്കാരെ സഹായിക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 174-ഓളം പേരുടെ ജീവനാണ് മച്ഛാർ രക്ഷപ്പെടുത്തിയത്.

കോക്ക്പിറ്റിലെ മൽപിടുത്തതിനിടയിൽ വിമാനം കുത്തനെ താഴേക്ക് പതിക്കുകയും അടിയന്തര സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നു. ഒടുവിൽ വിമാനം നിയന്ത്രണവിധേയമാക്കുകയും വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ ചേർന്ന് സൗദി അറേബ്യയിലെ മിലിട്ടറി-സിവിലിയൻ എയർബേസിൽ ഇറക്കുകയും ചെയ്തു. തുടർന്ന് അക്രമിയെ അറസ്റ്റ് ചെയ്തു.

വിമാനത്തിലുണ്ടായിരുന്ന ഏക ഡോക്ടറായ ഷോത മുസേവ് എന്ന ഇസ്രയേലി ഡെന്റിസ്റ്റ് ആണ് ഹമാമിയെ തടഞ്ഞ് വൻ ദുരന്തം ഒഴിവാക്കിയതും ഇന്ത്യൻ പൈലറ്റിന് രക്ഷകനായി മാറിയതും. 'സ്മിത് ഞങ്ങളുടെ ജീവൻ രക്ഷിച്ചു. അദ്ദേഹം ഒരു നായകനാണ്, എന്റെ കുടുംബത്തെയും എല്ലാ യാത്രക്കാരെയും രക്ഷിക്കാൻ അദ്ദേഹം ചെയ്ത എല്ലാത്തിനും ഞാൻ നന്ദി പറയുന്നു. ഇത് കർമഫലമാണ്, അദ്ദേഹം ഞങ്ങളുടെ ജീവൻ രക്ഷിച്ചു, ഞങ്ങൾ അദ്ദേഹത്തിന്റെ ജീവനും രക്ഷിച്ചു.' എന്നാണ് ഡോ. മുസേവ് മാധ്യമങ്ങളോട് പറഞ്ഞത്.