
കൻസാസ്: ആന്ധ്രപ്രദേശിൽ ഒരു അനാഥാലയം ഉൾപ്പെടെ ചാരിറ്റി സ്ഥാപനങ്ങൾ നടത്തിയിരുന്ന ഇന്ത്യൻ വംശജനായ യു.എസ്. സുവിശേഷകൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൻസാസിൽ അറസ്റ്റിലായി. 53-കാരനായ അബ്രഹാം ജയ്പോൾ പാപബത്തിനിയാണ് അറസ്റ്റിലായത്.
2022-നും 2024-നും ഇടയിൽ ഇയാൾ, ഇന്ത്യയിലേക്ക് പലതവണ യാത്ര ചെയ്തെന്നും ആന്ധ്രപ്രദേശിലെ ചില്ലകല്ലു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ 14-നും 17-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പ്രോസിക്യൂഷൻ കേസ്. നവംബർ ഏഴിന് എഫ്.ബി.ഐ. ഇയാളെ അറസ്റ്റ് ചെയ്തു. നവംബർ 17-നാണ് ഗ്രാൻഡ് ജൂറി കുറ്റപത്രം സമർപ്പിച്ചത്.
കേസ് തീരുംവരെ പ്രതിയെ കസ്റ്റഡിയിൽ വെയ്ക്കാൻ ഫെഡറൽ ജഡ്ജി ഉത്തരവിട്ടു. കുറ്റം തെളിഞ്ഞാൽ ഓരോ കുറ്റത്തിനും പരമാവധി 40 വർഷം വരെ തടവുശിക്ഷ ലഭിക്കാം. കൻസാസ് സിറ്റി ഫീൽഡ് ഓഫീസിന്റെ സഹായത്തോടെ എഫ്.ബി.ഐ.യുടെ ചൈൽഡ് എക്സ്പ്ലോയിറ്റേഷൻ ഓപ്പറേഷണൽ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
കൻസാസ് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ എൻ.ജി.ഒ. ആയ 'റെസ്ക്യൂയിങ് ലൈവ്സി'ന്റെ (Rescuing Lives) പ്രസിഡന്റാണ് പാപബത്തിനി. തെരുവുകളിലും ചേരികളിലും കഴിയുന്ന കുട്ടികളെയും വിധവകളെയും രക്ഷിച്ച് വിദ്യാഭ്യാസവും തൊഴിൽപരിശീലനവും സുരക്ഷിത പാർപ്പിടവും നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘടനയുടെ വെബ്സൈറ്റ് പറയുന്നു.
വിശാഖപട്ടണത്ത് ഒരു സ്കൂളും എൻ.ടി.ആർ. ജില്ലയിലെ ചില്ലകല്ലുവിൽ ഒരു അനാഥാലയവും സംഘടന നടത്തുന്നുണ്ട്. അഞ്ചിനും 16-നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഇവിടത്തെ അന്തേവാസികൾ. പരാതിയോടൊപ്പമുള്ള എഫ്.ബി.ഐ. സത്യവാങ്മൂലത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ച ആരോപണങ്ങൾ വിശദമായി വിവരിക്കുന്നുണ്ട്.
2022 ജൂൺ 28-ഓടെയാണ് ആദ്യ പരാതി എഫ്.ബി.ഐ.ക്ക് ലഭിച്ചത്. 2022 മാർച്ചിൽ അനാഥാലയത്തിനടുത്തുള്ള പാപബത്തിനിയുടെ വസതിയിൽവെച്ച് 15 വയസ്സുകാരിയെ ഇയാൾ പീഡിപ്പിച്ചു. 2023 ജൂൺ മുതൽ 2024 ഏപ്രിൽ വരെ പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ ആവർത്തിച്ച് പീഡിപ്പിച്ചെന്നും 14 വയസ്സുള്ള മറ്റൊരു പെൺകുട്ടിയും പീഡനത്തിന് ഇരയായെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഒരു യുവതിയും സമാന ആരോപണം ഉന്നയിച്ചതായി രേഖകളിലുണ്ട്. കഴിഞ്ഞ മാസം അവസാനമാണ് എഫ്.ബി.ഐ. ഇവരിൽ പലരെയും ചോദ്യം ചെയ്തത്. ചില്ലകല്ലുവിലെ കേന്ദ്രത്തിൽ 2022-ൽ ഒരാൾ പരാതി നൽകിയെന്നും തുടർന്ന് ശിശുക്ഷേമ സമിതി പരിശോധനയ്ക്ക് എത്തിയപ്പോൾ അവിടെ താമസിച്ചിരുന്ന 20 മുതൽ 30 വരെ പെൺകുട്ടികളെ പാപബത്തിനി മാറ്റിപ്പാർപ്പിച്ചെന്നും ഒരു ഇരയുടെ അമ്മ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി സത്യവാങ്മൂലത്തിലുണ്ട്.
ഇയാൾ സന്ദർശിക്കുമ്പോഴെല്ലാം പരിസരത്തെ സി.സി.ടി.വി. ക്യാമറകൾ മറച്ചിരുന്നതായി ചില സാക്ഷികളും മൊഴി നൽകി. ആരോപണവുമായി തന്നെ നേരിട്ടവരോട് പശ്ചാത്തപിക്കുന്നുവെന്നും അവർ നൽകുന്ന ശിക്ഷ സ്വീകരിക്കുമെന്നും പാപബത്തിനി പറഞ്ഞതായും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഇരകളും സാക്ഷികളും തെലുങ്ക് സംസാരിക്കുന്നവരാകാം എന്നതിനാൽ യു.എസ്. നീതിന്യായ വകുപ്പ് തെലുങ്കിലും പത്രക്കുറിപ്പ് പുറത്തിറക്കി.
1998 മുതൽ അബ്രഹാം ജയ്പോൾ പാപബത്തിനി യു.എസിൽ സ്ഥിരതാമസക്കാരനാണെന്നും 2022 മേയ് 18-ന് പൗരത്വം നേടിയെന്നും കോടതിരേഖകൾ പറയുന്നു. സുവിശേഷകൻ, അധ്യാപകൻ എന്നിങ്ങനെ സ്വയം വിശേഷിപ്പിക്കുന്ന ഇയാളുടെ പുതിയ പുസ്തകം മനുഷ്യക്കടത്തിനെക്കുറിച്ചാണ്. അറസ്റ്റിന് ഒരാഴ്ച മുൻപ് ഈ പുസ്തകത്തിന്റെ വിവരങ്ങളെക്കുറിച്ച് ഇയാൾ ഫെയ്‌സ്ബുക്കിൽ എഴുതിയിരുന്നു.
Content Highlights: Abraham Jayapaul Papabathini, a U.S. evangelist of Indian origin, was arrested in Kansas for allegedly sexually abusing underage girls in Andhra Pradesh, India, between 2022 and 2024. The FBI, with the Kansas City Field Office, is investigating the case, and a federal judge has ordered Papabathini to remain in custody until the trial concludes; he faces up to 40 years in prison for each charge if convicted. Papabathini is the president of the Christian NGO 'Rescuing Lives,' which operates a school and orphanage in Andhra Pradesh, and allegations include abuse of multiple minors, with the FBI receiving the first complaint in June 2022.
Published: 21 Nov 2026, 05:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented