മുംബൈ: അണ്ടർവേൾഡ് ഡോൺ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതത്തെക്കുറിച്ചും പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്ഐ (ISI), ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ എന്നിവയുമായുള്ള ബന്ധത്തെക്കുറിച്ചും മുൻ എഫ്ബിഐ (FBI) ഏജന്റ് കമ്രാൻ ഫാരിദി നടത്തിയ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധനേടുന്നത്. ധുരന്ധർ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതുപോലെയുള്ള അവശനോ വയസനോ അല്ല ദാവൂദ് എന്നാണ് മുൻ എഫ്ബിഐ ഉദ്യോഗസ്ഥൻ അവകാശപ്പെടുന്നത്.

To advertise here,

1993-ലെ മുംബൈ പരമ്പര സ്ഫോടനങ്ങളെ തുടർന്ന് ഇന്ത്യ തിരയുന്ന ഈ കൊടുംകുറ്റവാളി പൊതുശ്രദ്ധയിൽ പെടാതെ പാകിസ്താനിൽ ഒളിവിൽ കഴിയുകയാണെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇയാളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ പുറത്തുവന്നിട്ടുള്ളൂ.

ഇന്ത്യ ടുഡേയ്ക്ക് വേണ്ടി അരവിന്ദ് ഓജയുമായി നടത്തിയ പോഡ്കാസ്റ്റിലാണ്, 'ദാവൂദ് ഇബ്രാഹിം: 'ബഡേ സാബ്' എന്ന പേരിന് പിന്നിലെ യഥാർത്ഥ ചിത്രം' എന്ന വിഷയത്തിൽ കമ്രാൻ ഫാരിദി പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. ഇപ്പോൾ 70 വയസുള്ള ദാവൂദ്, പാകിസ്താനിൽ നിന്ന് ഡി-കമ്പനിയുടെ കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ഇടപാടുകളും സജീവമായി നിയന്ത്രിക്കുന്നുണ്ട് എന്നാണ് ഫാരിദി അവകാശപ്പെടുന്നത്.

ധുരന്ധർ സിനിമയിൽ 'ബഡേ സാബ്' എന്ന പേരിൽ കിടപ്പിലായ അവസ്ഥയിൽ ചിത്രീകരിച്ചതിന് വിരുദ്ധമായി, ദാവൂദ് തന്റെ ശൃംഖലയുടെ പ്രവർത്തനങ്ങൾ തുടർന്നും നിരീക്ഷിക്കുകയും പാകിസ്താനിലെ സ്വാധീനമുള്ള വ്യക്തികളുമായി ബന്ധം പുലർത്തുകയും ചെയ്യുന്നുണ്ടെന്ന് ഫാരിദി പറയുന്നു. ഫാരിദിയുടെ അഭിപ്രായത്തിൽ, കറാച്ചിയിലെ കനത്ത സുരക്ഷയുള്ള ക്ലിഫ്റ്റൺ മേഖലയിലാണ് ദാവൂദ് ഇപ്പോഴും താമസിക്കുന്നത്.

എന്നാൽ ഇന്ത്യയും പാകിസ്താനും തമ്മിൽ സംഘർഷം വർധിക്കുമ്പോഴെല്ലാം ഇയാൾ പല സുരക്ഷിത താവളങ്ങളിലേക്കും മാറാറുണ്ട്. ഇസ്ലാമാബാദിലും ഇയാൾക്ക് ഒരു ഒളിത്താവളമുണ്ടെന്ന് പറയപ്പെടുന്നു. അതേസമയം, ദാവൂദിന്റെ വസതിക്ക് താഴെ രഹസ്യ തുരംഗമുണ്ടെന്ന ഊഹാപോഹങ്ങൾ ഫാരിദി തള്ളി. കെട്ടിടത്തിന്റെ പിൻഭാഗത്തുള്ള ഒരു വഴി ജനത്തിരക്കുള്ള ദർഗയിലേക്കാണ് എത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

'അവിടെനിന്ന് ഇയാൾ രക്ഷപ്പെട്ടാൽ, പിടിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്.' ഫാരിദി പറഞ്ഞു. 1995-ൽ എഫ്ബിഐയിൽ (FBI) ചേർന്ന തനിക്ക് 2009-ലാണ് ഡി-കമ്പനിയിൽ കടന്നുകയറാനുള്ള ചുമതല ലഭിച്ചതെന്ന് ഫാരിദി അവകാശപ്പെട്ടു. തന്റെ പാകിസ്താൻ വ്യക്തിത്വം മറച്ചുവെച്ച്, റഷ്യൻ മാഫിയ അംഗമായി അഭിനയിച്ച്, ദാവൂദിന്റെ അടുത്ത കൂട്ടാളിയായ ജാബിർ മോതിവാല വഴിയാണ് താൻ ദാവൂദിന്റെ സംഘത്തിലേക്ക് പ്രവേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

കറാച്ചിയിൽ ഈ സംഘത്തിന് അവരുടെ ഹവാല ശൃംഖല സ്ഥാപിക്കാൻ താൻ സഹായിച്ചുവെന്നും, അതിനുപിന്നാലെയാണ് അനീസ് ഇബ്രാഹിമിന്റെ മകനായ അലി കാസ്‌കറാണ് പ്രധാന വിവരസ്രോതസ് എന്ന് താൻ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. 'ദാവൂദ് ഐഎസ്‌ഐയുടെ (ISI) അതിഥിയാണ്' എന്നാണ് ഫാരിദി വ്യക്തമാക്കുന്നത്.

ഈ ഡോണിന് ലഷ്‌കറെ തൊയ്ബയുമായും 26/11 മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനായ ഹാഫിസ് സയീദുമായും അടുത്ത ബിസിനസ് ബന്ധങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദാവൂദിന്റെ സുരക്ഷയെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും ഫാരിദി പോഡ്കാസ്റ്റിൽ സംസാരിച്ചു.

രാത്രി 10 മണിക്ക് മുമ്പ് ദാവൂദ് അപൂർവമായേ പുറത്തിറങ്ങാറുള്ളൂ, അങ്ങനെ ഇറങ്ങിയാൽ തന്നെ പുലർച്ചെയ്ക്ക് മുമ്പ് വീട്ടിൽ തിരിച്ചെത്താറുണ്ടെന്നും ഫാരിദി അവകാശപ്പെട്ടു. 35 മുതൽ 45 വരെ ആയുധധാരികളായ ഗാർഡുമാരാണ് ഡോണിന് സുരക്ഷയൊരുക്കുന്നത്. ഛോട്ടാ ഷക്കീലാണ് ദാവൂദിന്റെ സുരക്ഷ ഏകോപിപ്പിക്കുന്നതും ഐഎസ്‌ഐയുമായുള്ള ബന്ധം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതും. 

'അയാൾ 'രാത്രിയുടെ ബാദുഷാ' ആണ്. രാത്രി 10 മണിക്ക് ശേഷമേ അയാൾ പുറത്തേക്ക് ഇറങ്ങാറുള്ളൂ. എന്നാൽ ഫജ്ർ (പുലർച്ചെയുള്ള) പ്രാർത്ഥനയ്ക്ക് മുമ്പ് അയാൾ വീട്ടിൽ തിരിച്ചെത്തും.' ഫാരിദി പറഞ്ഞു. ദാവൂദ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലാണ് സഞ്ചരിക്കുന്നതെന്നും, ലഷ്‌കറെ തൊയ്ബയുമായി ബിസിനസ് ബന്ധങ്ങളുണ്ടെന്നും, കൊക്കെയ്‌നും മുജ്‌റ നൃത്തവും ഉൾപ്പെടുന്ന ആഡംബരപൂർണമായ സ്വകാര്യ ജീവിതരീതിയാണ് നയിക്കുന്നതെന്നും ഫാരിദി ആരോപിച്ചു.

തന്റെ ആദ്യ ഭാര്യയായ മെഹ്ജബീനുമായുള്ള ബന്ധം നിലനിൽക്കെത്തന്നെ, 'ആയിഷ ഭാഭി' എന്നറിയപ്പെടുന്ന പാകിസ്താൻകാരിയായ സ്ത്രീയെ ദാവൂദ് വിവാഹം കഴിച്ചതായി ഫാരിദി വെളിപ്പെടുത്തി. ടൈഗർ മേമന്റെ അപൂർവമായ പൊതുപ്രത്യക്ഷപ്പെടലുകളെക്കുറിച്ചും ഷക്കീലും അനീസ് ഇബ്രാഹിമും തമ്മിലുള്ള അധികാര തർക്കത്തെക്കുറിച്ചും ഫാരിദി സംസാരിക്കുന്നുണ്ട്.

ഫാരിദിയുടെ ഈ അവകാശവാദങ്ങൾ സത്യമാണെങ്കിൽ, പതിറ്റാണ്ടുകളായി ഇന്ത്യയുടെ പിടിയിൽപ്പെടാതെ തുടരുമ്പോഴും ദാവൂദ് തന്റെ കുറ്റകൃത്യ ശൃംഖലയിൽ ശക്തമായി മുന്നോട്ട് കൊണ്ടുപോവുകയും സുരക്ഷിതമായി, ആഡംബരപൂർണമായി ജീവിതം നയിക്കുകയുമാണ്.