മെക്‌സിക്കോ സിറ്റി: അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഏറ്റവും വലിയ പത്ത് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള മെക്‌സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ ഫൗസ്റ്റോ ഇസിദ്രോ മെസ ഫ്‌ളോറസ് പിടിയിൽ. 'എൽ ചാപോ ഇസിദ്രോ' (കുള്ളനായ ഇസിദ്രോ) എന്നറിയപ്പെടുന്ന ഇയാളെ സിനലോവ സംസ്ഥാനത്തെ ഗ്വാസാവെയിൽ വെള്ളിയാഴ്ച നടത്തിയ ദൗത്യത്തിലൂടെയാണ് മെക്‌സിക്കൻ സൈന്യം പിടികൂടിയത്. അമേരിക്കയുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയതെന്ന് മെക്‌സിക്കൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അറസ്റ്റിനുപിന്നാലെ മേഖലയിൽ സൈന്യവും ആയുധധാരികളായ സംഘങ്ങളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്.

To advertise here,

ഗ്വാസാവെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെസ-ഫ്‌ളോറസ് എന്ന ക്രിമിനൽ സംഘടനയുടെ (ലോസ് മസാറ്റ്‌ലെക്കോസ്) തലവനാണ് ഫൗസ്റ്റോ ഇസിദ്രോ മെസ ഫ്‌ളോറസ്. പ്രത്യേക പരിശീലനം ലഭിച്ച സൈനിക വിഭാഗമാണ് ഇയാളെ പിടികൂടാനുള്ള നീക്കം നടത്തിയത്. രഹസ്യമായും അപ്രതീക്ഷിതമായും നടത്തിയ സൈനിക നടപടിയിലൂടെയാണ് ഇയാളെ പിടികൂടിയതെന്ന് മെക്‌സിക്കൻ പ്രതിരോധ മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു. അറസ്റ്റിനുശേഷം മെസ ഫ്‌ളോറസിനെ മെക്‌സിക്കോ സിറ്റിയിലേക്ക് മാറ്റി. 

 

അമേരിക്കയിലേക്ക് വൻതോതിൽ ലഹരിമരുന്നുകൾ കടത്തുകയും വിതരണം ചെയ്യുകയും ചെയ്തതിൽ മെസ ഫ്‌ളോറസിന് പങ്കുണ്ടെന്നാണ് എഫ്ബിഐയുടെ ആരോപണം. ഹെറോയിൻ, മെത്താംഫെറ്റമിൻ, കൊക്കെയ്ൻ, ഫെന്റനൈൽ, കഞ്ചാവ് എന്നിവയുടെ കൈവശംവെക്കൽ, വിതരണം, ഇറക്കുമതി എന്നിവയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് എഫ്ബിഐ പറയുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50 ലക്ഷം ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. 2012-ൽ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിലും 2019-ൽ ലഹരിമരുന്ന് കടത്ത്, തോക്ക് കൈവശം വെക്കൽ എന്നീ കേസുകളിലും ഇയാൾക്കെതിരേ കുറ്റം ചുമത്തിയിരുന്നു.

മെസ-ഫ്‌ളോറസ് സംഘവും എതിരാളികളായ സിനലോവ കാർട്ടലും തമ്മിൽ അതിരൂക്ഷമായ അധികാരത്തർക്കവും ഏറ്റുമുട്ടലും നടന്നിരുന്നതായി 2013-ൽ അമേരിക്കൻ ട്രഷറി വകുപ്പ് വ്യക്തമാക്കിയിരുന്നു. അന്ന് കുപ്രസിദ്ധ ലഹരിമരുന്ന് തലവൻ ഹൊവാക്വിൻ 'എൽ ചാപോ' ഗുസ്മാന്റെ നേതൃത്വത്തിലായിരുന്നു സിനലോവ കാർട്ടൽ പ്രവർത്തിച്ചിരുന്നത്. ഇയാൾ ഇപ്പോൾ അമേരിക്കൻ ജയിലിൽ തടവിലാണ്. സിനലോവ കാർട്ടലിലെ പ്രധാന വിഭാഗങ്ങൾ ദുർബലമായതോടെ മെസ ഫ്‌ളോറസ് തന്റെ സ്വാധീനമേഖല വിപുലീകരിച്ചുവെന്നാണ് റിപ്പോർട്ട്. ഗ്വാസാവെ, ലോസ് മൊച്ചിസ്, താഴ്ന്ന പർവതപ്രദേശങ്ങളിലെ ചില പട്ടണങ്ങൾ എന്നിവിടങ്ങളിലായിരുന്നു ഇയാളുടെ പ്രധാന പ്രവർത്തനകേന്ദ്രങ്ങൾ.

മെസ ഫ്‌ളോറസിനെ പിടികൂടാനുള്ള സൈനിക നീക്കത്തിനിടെയാണ് ഗ്വാസാവെയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. മെക്‌സിക്കൻ കാർഷികമേഖലയുടെ ഹൃദയഭൂമിയായി അറിയപ്പെടുന്ന പ്രദേശമാണിത്. സൈനിക നടപടി ആരംഭിച്ചപ്പോൾ സുരക്ഷാസേനയ്ക്ക് നേരെ വെടിവെപ്പും സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണവും ഉണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സമീപമുള്ള നിരവധി മുനിസിപ്പാലിറ്റികളിൽ ആയുധധാരികൾ റോഡുകൾ തടഞ്ഞു. ഇതോടെ പ്രദേശത്തെ ഗതാഗതവും ജനജീവിതവും തടസപ്പെട്ടു.

മെക്‌സിക്കൻ സുരക്ഷാസേനയുടെ ബ്ലാക്ക് ഹോക്ക് സൈനിക ഹെലികോപ്റ്ററുകൾ ഗ്വാസാവെ നഗരത്തിന് മുകളിലൂടെ പറന്ന് താഴോട്ട് തുടർച്ചയായി വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നഗരത്തിൽ ഫെഡറൽ സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം നടന്നതായി പ്രാദേശിക അധികൃതരും അറിയിച്ചു. സൈനിക നീക്കത്തിനിടെ വാഹനങ്ങൾ കത്തിച്ചതായും ആയുധധാരികളായ സംഘങ്ങൾ ഏറ്റുമുട്ടിയതായും റിപ്പോർട്ടുകളുണ്ട്. പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സുരക്ഷാസേന രംഗത്തിറങ്ങിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി ഗ്വാസാവെയിലെ കുറോഡ പാർക്ക് സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരുന്ന ബേസ്‌ബോൾ മത്സരത്തിനിടെയാണ് വെടിവെപ്പിന്റെ ശബ്ദം കേട്ടതെന്നാണ് റിപ്പോർട്ട്. ഇതോടെ കാണികൾ പരിഭ്രാന്തരായി സ്റ്റേഡിയത്തിൽനിന്ന് പുറത്തേക്ക് ഓടി. ആളുകൾ സുരക്ഷാവേലികൾ മറികടന്ന് രക്ഷപ്പെടുന്നതും ഒരു കുഞ്ഞ് കരയുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. മെക്‌സിക്കോയിലെ പ്രധാന വേനൽക്കാല പ്രൊഫഷണൽ ബേസ്‌ബോൾ ലീഗായ ലീഗ മെക്‌സിക്കാനയുടെ ഭാഗമായുള്ള മത്സരമായിരുന്നു ഇത്. മൈതാനത്തിന് പുറത്ത് ഗുരുതരമായ സാഹചര്യമുണ്ടായതിനാൽ മത്സരം നിർത്തിവെക്കുകയാണെന്ന് തത്സമയ സംപ്രേഷണത്തിനിടെ കമന്റേറ്റർമാർ അറിയിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സംഭവമാണ് നടക്കുന്നതെന്നും സംപ്രേഷണം അവസാനിപ്പിക്കുന്നതിന് മുമ്പായി അവർ പറഞ്ഞു.

ആശുപത്രികളും വ്യാപാരസ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതായി ഒരു പ്രദേശവാസി സിഎൻഎന്നിനോട് പറഞ്ഞു. സ്വകാര്യ ആശുപത്രികൾ ആയുധധാരികൾ നിയന്ത്രണത്തിലാക്കി. പലചരക്ക് കടകളും പെട്രോൾ പമ്പുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് തീയിട്ടു. ആക്രമണം കണ്ട ഉടൻ പല കടയുടമകളും ഷട്ടർ അടച്ചു. ഈ സമയം താൻ ഉൾപ്പെടെ ഒട്ടേറെ പേർ അഭയം തേടി കടകൾക്കുള്ളിലേക്ക് കയറിയിരുന്നു. ഇവർ ഇപ്പോഴും കടകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. അക്രമികളുടെ വാഹനവ്യൂഹം വെടിയുതിർത്തുകൊണ്ട് കടന്നുപോയെന്നും പ്രദേശവാസി പറഞ്ഞു. സുരക്ഷാകാരണത്താൽ ഇയാൾ പേര് വെളിപ്പെടുത്തിയിട്ടില്ല.

ഗ്വാസാവെയിലെ ജനങ്ങൾ വീടിനുള്ളിൽത്തന്നെ കഴിയണമെന്നും റോഡുകളിലൂടെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും സിനലോവ സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ വിവിധ സുരക്ഷാ ഏജൻസികൾ ഉൾപ്പെട്ട സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ നടപടി പൂർത്തിയായശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.

മെസ ഫ്‌ളോറസിന്റെ സംഘത്തിന് ലഹരിമരുന്ന് കടത്തിൽ വലിയ പങ്കുണ്ടെന്നാണ് അമേരിക്കൻ അധികൃതരുടെ ആരോപണം. 2024-ൽ ഗ്വാസാവെയിൽനിന്ന് ഒരു ടണ്ണിലധികം ഫെന്റനൈൽ പിടിച്ചെടുത്തിരുന്നു. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ ഫെന്റനൈൽ വേട്ടയായിരുന്നു ഇതെന്നാണ് റിപ്പോർട്ട്. മെക്‌സിക്കൻ സൈന്യമാണ് മെസ ഫ്‌ളോറസിനെ പിടികൂടാനുള്ള നീക്കത്തിന് നേതൃത്വം നൽകിയത്. ജാലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടൽ (സിജെഎൻജി) തലവൻ നെമെസിയോ ഒസെഗ്വേര എന്ന 'എൽ മെൻചോ'യ്‌ക്കെതിരേ നടത്തിയ സൈനിക നടപടിക്ക് സമാനമായ നീക്കമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരിയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് എൽ മെൻചോ കൊല്ലപ്പെട്ടത്.