ഹസീന ബംഗ്ലാദേശില്‍ തിരിച്ചെത്തിയാല്‍ രാജ്യം സമാനതകളില്ലാത്ത പ്രക്ഷുബ്ധതകള്‍ക്ക് സാക്ഷ്യം വഹിക്കും

തെരുവുകളിൽ ചോര വീഴ്ത്തിയ വിദ്യാർഥിപ്രക്ഷോഭത്തെ തുടർന്ന് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് രാജ്യം വിട്ടോടേണ്ടി വന്നത് 2024 ആഗസ്ത് അഞ്ചിനായിരുന്നു. അന്ന് സൈന്യം ഏർപ്പെടുത്തിക്കൊടുത്ത ഒരു വിമാനത്തിൽ അവർ ഇന്ത്യയിലേക്ക് പലായനം ചെയ്തു. രണ്ടുവർഷവും മൂന്നുമാസവും കഴിയുമ്പോൾ വീണ്ടും രാഷ്ട്രീയ അക്രമങ്ങളുടെയും കലാപങ്ങളുടെയും തീക്കാറ്റിൽ രാജ്യം ആടിയുലയുകയാണ്. എന്തും സംഭവിക്കാവുന്ന സാഹചര്യം.
വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. അഴിമതി അടക്കമുള്ള വേറെയും നിരവധി കുറ്റങ്ങൾ അവർക്കുമേൽ ചുമത്തിയിട്ടുണ്ട്. അതിനാൽ കുറ്റവാളികളെ പരസ്പരം കൈമാറുന്ന കരാർ പ്രകാരം അവരെ വിട്ടുകൊടുക്കണമെന്ന് ദീർഘകാലമായി ഇന്ത്യയോട് ആവശ്യപ്പെട്ടു വരികയാണ് ബംഗ്ലാദേശ്. പക്ഷേ, ഡിസംബറിൽ ജന്മനാട്ടിൽ തിരിച്ചെത്തുമെന്ന ഹസീനയുടെ പ്രഖ്യാപനം സർക്കാരിനെ ഞെട്ടിച്ചു കളഞ്ഞു. തിരിച്ചുപോവുന്നത് അപകടമാണെന്ന് മുന്നറിയിപ്പുണ്ടെങ്കിലും തിരിച്ചുപോകുമെന്ന തീരുമാനത്തിലാണ് 79-കാരിയായ മുൻപ്രധാനമന്ത്രി.
തിരിച്ചെത്തുന്നതിനായി പുതിയ പാസ്‌പോർട്ടും തിരിച്ചറിയൽ കാർഡും ആവശ്യപ്പെട്ട് ഹസീനയുടെ അഭിഭാഷകർ ന്യൂഡൽഹിയിലെ ബംഗ്ലാദേശ് നയതന്ത്ര കാര്യാലയത്തെ സമീപിച്ചെങ്കിലും ഹസീനയെ ശിക്ഷിക്കപ്പെട്ട ഭീകരവാദിയെന്ന് വിശേഷിപ്പിച്ചുകൊണ്ട് സർക്കാർ ഈ ആവശ്യം തള്ളിക്കളഞ്ഞു. പകരം, അവരെ ഇന്ത്യ കൈമാറുകയാണ് വേണ്ടത് എന്നതാണ് ധാക്കയുടെ നിലപാട്.
പ്രിയനേതാവ് തിരിച്ചുവരുമെന്ന വാർത്ത രാജ്യം മുഴുവൻ കേഡറുകളുള്ള അവാമി ലീഗിനെ ഉണർത്തി. സർക്കാർ മാറ്റത്തെ തുടർന്ന് നേതാക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും പ്രവർത്തകരെ പീഡിപ്പിക്കുകയും ചെയ്തപ്പോൾ പൊതുവെ സംയമനം പാലിച്ച പാർട്ടി അണികൾ ഇപ്പോൾ ഇളകിയിരിക്കുന്നു. മാറ്റത്തിന് സമയമായെന്ന് അവർക്ക് തോന്നുന്നുണ്ടാവണം. ഹസീന പുറത്താക്കപ്പെട്ട ശേഷം നിരവധി അവാമി ലീഗ് പ്രവർത്തകർ ഒളിവിൽ പോവുകയോ നിയമനടപടികൾ നേരിടുകയോ ചെയ്യേണ്ടി വന്നിരുന്നു.
ഹസീനയുടെ തിരിച്ചുവരവ് ആവശ്യപ്പെടുന്ന പ്രതിഷേധങ്ങളായി ആരംഭിച്ച അവാമി ലീഗ് സമരങ്ങൾ നിത്യേനയുള്ള സംഘർഷങ്ങളിലേക്കും തീവെപ്പിലേക്കും നാടൻ ബോംബേറുകളിലേക്കും ആസൂത്രിത കൊലപാതകങ്ങളിലേക്കും വഴിമാറിയിരിക്കുന്നു. നൂറുകണക്കിന് ആൾക്കാരെ അറസ്റ്റു ചെയ്തിട്ടും പ്രശ്‌നബാധിത ജില്ലകളിൽ അർധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടും അക്രമങ്ങൾ തുടരുകയാണ്. പരമ്പരാഗതമായി അവാമി ലീഗിന് ശക്തിയുള്ള ഗോപാൽഗഞ്ച്, ഫരീദ്പൂർ തുടങ്ങിയ തെക്കൻ ജില്ലകളിൽ ജനജീവിതം മിക്കവാറും സ്തംഭിച്ചിരിക്കുന്നു. ഇടക്കാല സർക്കാരിനെ നയിച്ച മുഹമ്മദ് യൂനുസ് സ്ഥാപിച്ച ഗ്രാമീൺ ബാങ്ക് ശാഖകൾക്കും എതിർ രാഷ്ട്രീയകക്ഷി നേതാക്കൾക്കും നേരെ ആക്രമണമുണ്ടായി. കൊല്ലപ്പെട്ടവരിൽ രാജു മൊല്ല, സൊഹൈൽ മൊല്ല തുടങ്ങിയ ഭരണകക്ഷി നേതാക്കളും ഉൾപ്പെടുന്നതായി പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഭരണകൂട അട്ടിമറിയും കൈമോശം വന്ന സ്വസ്ഥതയും
അമേരിക്കൻ ‘നിഗൂഢരാഷ്ട്രം’ (ഡീപ് സ്റ്റേറ്റ്) സംഘടിപ്പിച്ച ഭരണകൂടമാറ്റത്തിന്റെ ഭാഗമായിരുന്നു 2024-ലെ വിദ്യാർഥി പ്രക്ഷോഭമെന്ന് പരക്കെ ആരോപിക്കപ്പെടുന്നു. യുഎസ് എയിഡ് വഴിയും അനുബന്ധ സംഘടനകൾ വഴിയും അമേരിക്കയാണ് 2024-ലെ ഭരണമാറ്റം ആസൂത്രണം ചെയ്തതെന്നും ചൈനയുമായുള്ള തന്ത്രപരമായ മത്സരവുമായി ബന്ധപ്പെടുത്തി ബോധപൂർവ്വം അസ്ഥിരതയുണ്ടാക്കാൻ ശ്രമിച്ചുവെന്നും മുൻ യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ മൈക്ക് ബെൻസ് ഈയിടെ ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് അമേരിക്കൻ വിദേശകാര്യ വകുപ്പ് പരിഹാസ്യമെന്ന് പറഞ്ഞ് അതിനെ തള്ളിക്കളഞ്ഞു.
ഹസീനയെ മറിച്ചിട്ടശേഷം സിഐഎ ബന്ധങ്ങൾ ആരോപിക്കപ്പെടുന്ന മുഹമ്മദ് യൂനുസിനെ താൽക്കാലിക സർക്കാരിന്റെ മേധാവിയാക്കിയത് യുഎസ് ഇടപെടലിന് തെളിവാണെന്ന് നിരീക്ഷകർ പറയുന്നു. കടുത്ത ഇന്ത്യവിരുദ്ധ നിലപാട് സ്വീകരിച്ച അദ്ദേഹം കഴിയുന്നത്ര നാൾ അധികാരത്തിൽ പിടിച്ചുതൂങ്ങാൻ ശ്രമിച്ചു. ഒടുവിൽ രാജ്യത്തെ ഏറ്റവും വലിയ സംഘടിത ശക്തിയായ അവാമി ലീഗിനെ മത്സരിക്കുന്നതിൽ നിന്നു വിലക്കിയ ശേഷം നടത്തിയ തിരഞ്ഞെടുപ്പിൽ ബിഎൻപി (ബംഗ്ലാദേശ് നാഷണൽ പാർട്ടി) ജയിച്ചു. മുൻ പ്രധാനമന്ത്രി ബീഗം ഖാലിദാ സിയയുടെ മകൻ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റു.
പരക്കെ അരങ്ങേറുന്ന അക്രമങ്ങൾക്കിടെ സമാധാനം സ്ഥാപിക്കാൻ ബുദ്ധിമുട്ടുകയാണ് താരിഖ് ഭരണകൂടം. ശ്രദ്ധിച്ചു നോക്കിയാൽ നിയമവാഴ്ചയുടെ ഈ തകർച്ച യാദൃച്ഛികമല്ലെന്നു കാണാം. പ്രക്ഷോഭത്തെ തുടർന്ന്, അധികാരമേറ്റ സർക്കാരുകളുടെ പിടിപ്പുകേടും രാജ്യത്തിന്റെ സാമ്പത്തികത്തകർച്ചയും വിദ്യാർഥി വിപ്ലവത്തെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന ആവേശത്തെ ഇല്ലാതാക്കിയെന്നു തോന്നുന്നു. മാസങ്ങളായി കടുത്ത പണപ്പെരുപ്പം, തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവയോട് മുഖാമുഖം നിൽക്കുന്ന ജനങ്ങൾക്ക് മതിയായി എന്നു തോന്നിയാൽ അത്ഭുതപ്പെടാനില്ല എന്ന് നിരീക്ഷകർ പറയുന്നു. അത്രയ്ക്ക് ഗുരുതരമാണ് രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യം.
ബംഗ്ലാദേശിന്റെ കയറ്റുമതി സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലും പ്രധാന തൊഴിൽദാതാവുമായ റെഡിമെയ്ഡ് വസ്ത്രനിർമ്മാണ മേഖല സ്തംഭിച്ചിരിക്കുകയാണ്. മിനിമം വേതനം 12,500 ടാക്കയിൽ (ഒരു ടാക്ക നമ്മുടെ 75 പൈസ) നിന്നും 30,000 ടാക്ക ആയി ഉയർത്തണം എന്നാവശ്യപ്പെട്ട് തൊഴിലാളികൾ സമരത്തിലാണ്. ഓർഡറുകൾ ഏറ്റവും കൂടുതലുള്ള സീസണിലെ സമരം കാരണം നൂറുകണക്കിന് ഫാക്ടറികൾ അടച്ചുപൂട്ടി. ലക്ഷക്കണക്കിന് തൊഴിലാളികളെ ഇത് ബാധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യൂനുസിന്റെ ഭരകാലത്ത് ഇന്ത്യയുമായി ആരംഭിച്ച വ്യാപാരതർക്കങ്ങൾ ചെലവുകൾ വർധിപ്പിക്കുകയും ചരക്കുനീക്കം ബുദ്ധിമുട്ടാക്കുകയും ചെയ്തു. ഇന്ത്യയിൽ നിന്നുള്ള നൂൽ, അരി കടത്തിന് ബംഗ്ലാദേശ് വിലക്കേർപ്പെടുത്തി. പിന്നീട്, ചൈനാ സന്ദർശനത്തിനിടെ യൂനുസ് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് കടൽമാർഗമില്ലെന്നു പ്രസ്താവിച്ച ശേഷമാണ് ഇന്ത്യയും നിയന്ത്രണങ്ങളേർപ്പെടുത്തിയത്- കരമാർഗം ബംഗ്ലാദേശി വസ്ത്രങ്ങളും മറ്റും കടത്തുന്നത് പ്രത്യേക തുറമുഖങ്ങൾ വഴി മാത്രമായി പരിമിതപ്പെടുത്തി, കരമാർഗ്ഗമുള്ള തുറമുഖപ്രവേശനം വെട്ടിക്കുറച്ചു, ട്രാൻസ്ഷിപ്പ്‌മെന്റ് സൗകര്യങ്ങൾ നിർത്തലാക്കി. ഇത് ബംഗ്ലാദേശിൽ കടത്തുകൂലി കൂടുന്നതിനും കയറ്റുമതി വൈകുന്നതിനും ഇടയാക്കി.
ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥയുടെ നിലനിൽപ്പ് ഇന്ത്യൻ തുറമുഖങ്ങളുമായും വിപണികളുമായും ഗതാഗത ശൃംഖലകളുമായും ആഴത്തിൽ ബന്ധപ്പെട്ടാണെന്ന യാഥാർത്ഥ്യം പുതിയ ഭരണാധികാരികൾ തിരിച്ചറിഞ്ഞപ്പോൾ വൈകി. ഡീസലിനും വൈദ്യുതിക്കും അരിക്കും വസ്ത്രനിർമാണത്തിനാവശ്യമായ നൂലിനുമൊക്കെ അവർക്ക് ഇന്ത്യയെ ആശ്രയിക്കാതെ നിവൃത്തിയില്ല. പാകിസ്താനുമായുള്ള ബദൽ പങ്കാളിത്തങ്ങൾക്കോ തുർക്കിയുമായുള്ള ഊർജ്ജ കരാറുകൾക്കോ ഇന്ത്യയുടെ ഭൂമിശാസ്ത്രപരവും വാണിജ്യപരവുമായ പ്രാധാന്യത്തിന് പകരമാകാൻ കഴിയില്ല.
നയതന്ത്ര വെല്ലുവിളികൾ
വിദേശത്തു കഴിയുന്ന അവാമി ലീഗ് നേതാക്കളാണ് രാജ്യത്ത് കലാപമുണ്ടാക്കുന്നതെന്നും അതിർത്തിക്കപ്പുറത്തുള്ള യജമാനന്മാരെ പ്രീതിപ്പെടുത്താനാണ് അവർ പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി താരിഖ് റഹ്മാൻ ആരോപിച്ചു. അദ്ദേഹം സൂചിപ്പിച്ചത് ഇന്ത്യയെയാണെന്ന് വ്യക്തമാണ്, പക്ഷേ, പേരെടുത്തു പറയാനുള്ള ധൈര്യമുണ്ടായില്ല. ഹസീനയെയും മറ്റ് പിടികിട്ടാപ്പുള്ളികളെയും ന്യൂഡൽഹി സംരക്ഷിക്കുന്നുവെന്ന് ധാക്ക ഏറെക്കാലമായി ആരോപിക്കുന്നുണ്ട്. ഹസീനയെ കൈമാറുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ കൈകാര്യം ചെയ്യൂവെന്ന് ഇന്ത്യ സൂചന നൽകിയിട്ടുണ്ട്. ദീർഘകാലമായി ഇന്ത്യയുടെ സുഹൃത്തായ ഹസീനയെ വിട്ടുകൊടുക്കുകയും അവരെ ബംഗ്ലാദേശ് വധശിക്ഷയ്ക്കിരയാക്കുകയും ചെയ്താലുള്ള അപകടം ഇന്ത്യക്ക് കാണാതിരിക്കാനാവില്ല.
മുമ്പ് തന്റെ അമ്മ ഖാലിദ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യാവിരുദ്ധ നിലപാടുകൾ സ്വീകരിച്ചിരുന്ന റഹ്മാൻ പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയുമായി സന്തുലിതമായ ബന്ധം നിലനിർത്താനാണ് ശ്രമിച്ചത്. ഏറെക്കാലം ധാക്കയിലെ ഇന്ത്യയുടെ ചങ്ങാതി അവാമി ലീഗ് മാത്രമായിരുന്നു. അതിന്റെ ചില പ്രത്യാഘാതങ്ങൾ ഇന്ത്യ അനുഭവിക്കുകയാണ് എന്നു പറയാം. മാറിയ സാഹചര്യത്തിൽ ഇന്ത്യ എല്ലാ കക്ഷികളുമായും മികച്ച ബന്ധമുണ്ടാക്കുകയാണ്. 2025 ഡിസംബറിൽ അന്തരിച്ച ഖാലിദ സിയയുടെ സംസ്‌കാരച്ചടങ്ങിൽ ഇന്ത്യൻ വിദേശമന്ത്രി ഡോ എസ് ജയശങ്കർ പങ്കെടുത്തത് മാറിയ സാഹചര്യങ്ങളുടെ പ്രതിഫലനമായിരുന്നു.
ബിഎൻപി മാത്രമല്ല, ജമാഅത്തെ ഇസ്‍ലാമിയുമായി പോലും പാലങ്ങളുണ്ടാക്കുകയാണ് രാജ്യം. 2026 ഒക്ടോബർ 16-ന് ധാക്കയിൽ വെച്ച് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമി നേതാക്കൾ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ സഹായി എം.ഡി. റാഷിദ് ഖാൻ ആരോപിച്ചിരുന്നു. നയതന്ത്രത്തിൽ സ്ഥിരമായ ശത്രുക്കളോ, മിത്രങ്ങളോ ഇല്ല, രാജ്യതാൽപ്പര്യങ്ങൾ മാത്രമേ ഉള്ളൂ. ഇന്ത്യയും അഫ്ഗാനിസ്താനിലെ താലിബാനും തമ്മിലുള്ള നല്ല ബന്ധത്തെക്കാൾ മികച്ച വേറെ ഉദാഹരണം ഇതിന് വേറെയില്ല!
2024-ലെ വിദ്യാർഥി പ്രക്ഷോഭത്തിന് മുമ്പത്തെ നിലപാടിൽ നിന്ന് വ്യത്യസ്തമായി, അമേരിക്ക കൂടുതൽ നിഷ്പക്ഷമായ സമീപനമാണ് ഇപ്പോൾ സ്വീകരിക്കുന്നത്. അവാമി ലീഗിന് ഏർപ്പെടുത്തിയ നിരോധനം, മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ ഇന്ത്യയിൽ നിന്ന് വിട്ടുകിട്ടണമെന്ന ധാക്കയുടെ ആവശ്യം തുടങ്ങിയ കാര്യങ്ങളിൽ യുഎസ് ഉദ്യോഗസ്ഥർ മിണ്ടിയില്ല. അതേസമയം, അണിയറയിൽ ബംഗ്ലാദേശുമായി അമേരിക്ക സജീവമായ നയതന്ത്രബന്ധം തുടരുന്നുമുണ്ട്. 2024-ലെ ഭരണമാറ്റത്തിന് പിന്നിൽ അമേരിക്കൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വിദേശ ഇടപെടലെന്ന ധാരണകൾ ബലപ്പെടുത്തുന്ന രീതിയിലുള്ള പരസ്യനീക്കങ്ങൾ ഒഴിവാക്കാൻ യുഎസ് ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും കരുതപ്പെടുന്നു.
ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളിൽ നേരിട്ട് ഇടപെടുന്നതിനു പകരം, ഇന്ത്യയുമായുള്ള ധാക്കയുടെ ബന്ധം വഷളായ സാഹചര്യം മുതലെടുത്ത് തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നത്. ധാക്കയെ ഇന്ത്യയിൽ നിന്നും അകറ്റി തങ്ങളുടെ സാമ്പത്തിക ആശ്രിതത്വത്തിൽ തളച്ചിടാനുള്ള നീക്കം വിജയിക്കുവാനുള്ള സാധ്യത കൂടി വരികയാണ്. അത്രയ്ക്ക് സാമ്പത്തിക പ്രതിസന്ധിയിലാണ് ബംഗ്ലാദേശ്.
ഹസീന ബംഗ്ലാദേശിൽ തിരിച്ചെത്തുമെന്ന് ഉറപ്പിച്ചു പറയാനാവില്ല. അതു സംഭവിച്ചാൽ രാജ്യം സമാനതകളില്ലാത്ത പ്രക്ഷുബ്ധതകൾക്ക് സാക്ഷ്യം വഹിക്കും. അവാമി ലീഗ് അണികളും ബിഎൻപി സർക്കാരും നേർക്കുനേർ നിൽക്കുന്ന സാഹചര്യത്തിൽ അക്രമങ്ങൾ കൂടുതൽ രൂക്ഷമാകാം. ഹസീന പുറത്താക്കപ്പെട്ടതിനെക്കാൾ അക്രമാസക്തമാവാം തിരിച്ചുവരവ് എന്ന ആശങ്ക ജനിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ. വിലക്കയറ്റവും തൊഴിലില്ലായ്മയും വേതനസമരവും തകർക്കുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് താങ്ങാനാവില്ല.
അയൽരാജ്യമെന്ന നിലയിൽ ഇന്ത്യ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഏതൊരു അസ്ഥിരതയും അതിർത്തി കടന്ന് ഇന്ത്യയുടെ സുരക്ഷയെയും വ്യാപാരത്തെയും ബാധിക്കാം. നാലായിരത്തിലധികം കിലോമീറ്റർ അതിർത്തി പങ്കിടുന്ന ബംഗ്ലാദേശിലെ സമാധാനം ഇന്ത്യയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്.
Content Highlights: Bangladesh faces renewed street clashes, economic strain, and diplomatic tensions amid reports of former PM Sheikh Hasina planning a return in December, raising regional security concerns for neighboring India.
Published: 22 Nov 2026, 12:26 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented