
കോട്ടയം: “ബൃഹദാഖ്യാനങ്ങളിൽ രാജാക്കൻമാരും കൊട്ടാരങ്ങളും പടയോട്ടങ്ങളുമുണ്ട്. പക്ഷേ, പരിചാരകരും ചതഞ്ഞരയുന്ന മനുഷ്യരും ഭാരം വലിച്ച് തളർന്നുവീഴുന്ന മൃഗങ്ങളുമില്ല”-തന്റെ ആത്മകഥ ‘ദലിതൻ’ കെ.കെ. കൊച്ച് എഴുതി അവസാനിപ്പിക്കുന്നത് ഇങ്ങനെ.
താൻ ജീവിച്ച 76 കൊല്ലത്തെ ഒരു ചരിത്രപുസ്തകമാക്കി കണക്കാക്കാമെങ്കിൽ, അതിലെ ഓരോ അധ്യായവും അദ്ദേഹം അവഗണിക്കപ്പെട്ടവരുടെ അനുഭവങ്ങളാക്കി. അദ്ദേഹത്തിന് പ്രത്യയശാസ്ത്രങ്ങളും സംഘടനകളും ബാധ്യതയായില്ല. ദളിതരുടെ നീതിക്കുവേണ്ടി കൊച്ചു കൊച്ചുപോരാട്ടങ്ങളിലൂടെ വലിയ മനുഷ്യനായി. മഹാരാജാസ് കോളേജിൽ വിദ്യാർഥിയായിരിക്കെ നാട്ടിലെ കർഷകത്തൊഴിലാളി സമരത്തിൽ പങ്കെടുക്കുമ്പോൾത്തന്നെ ആ ദർശനമുണ്ടായിരുന്നു. സിപിഎം യൂണിയനൊപ്പം നടന്ന പോരാട്ടം. ആദ്യസമരം വിജയിച്ചു. പോരാട്ടം മറ്റ് പാടങ്ങളിലേക്ക് വ്യാപിച്ചു. പക്ഷേ, നേതാക്കൾ ജൻമികളുമായി ഒത്തുകളിച്ചു. കെ.കെ. കൊച്ചിന് താനും തൊഴിലാളികളും അപമാനിക്കപ്പെട്ടുവെന്ന് തോന്നി. ‘വിലയിരുത്തൽ’ എന്ന പേരിൽ ആദ്യ രാഷ്ട്രീയലേഖനം എഴുതുന്നത് അക്കാലത്ത്. കൊച്ചിനെ നക്സലായി പാർട്ടി ചിത്രീകരിച്ചു.
കോളേജിൽ ഇന്നത്തെ എസ്എഫ്ഐയുടെ ആദ്യരൂപമായ എസ്എഫിനൊപ്പം പ്രവർത്തിച്ചിരുന്ന കൊച്ച് അവിടം വിട്ട് തീവ്ര ഇടതുപക്ഷത്തേക്ക് യാത്ര തുടങ്ങി. ബിരുദത്തിന് പഠിക്കുമ്പോൾ, എഴുത്തുകാരായ പി.വി. കൃഷ്ണൻനായരും മേലത്ത് ചന്ദ്രശേഖരനുമായുള്ള ഹോസ്റ്റൽ സൗഹൃദം ആശയലോകം വിപുലമാക്കി. വഴിയായത് അവർ വരുത്തിയ മാതൃഭൂമി ആഴ്ചപ്പതിപ്പ്. സച്ചിദാനന്ദനും ടി.കെ. രാമചന്ദ്രനും എഴുത്തിൽ മാതൃകയുമായി. ‘വഴി’ എന്ന കൊച്ചിന്റെ ആദ്യരചന കെ.കെ.കെ. എന്ന പേരിൽ അക്കാലത്താണ് പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ ദളിത് രാഷ്ട്രീയം ആക്ടിവിസമായി രൂപപ്പെടുന്നത് ഇവിടെവെച്ച്. ദളിത് വിദ്യാർഥി പി.കെ. തങ്കപ്പനെ മർദ്ദിച്ചതിനെതിരായ പ്രതികരണം. ദളിത് വിദ്യാർഥി കൂട്ടായ്മ ഇതിനെ എതിർത്ത് കോളേജിൽ പ്രവേശിക്കുമ്പോൾ കൊച്ചിനും കൂട്ടുകാർക്കും അടിയേറ്റു.
സാമുവൽ ബക്കറ്റിന്റെ ‘ഗോദോയെ കാത്ത്’ എന്ന കൃതിയെ അവലംബിച്ച് എഴുതിയ ‘അന്ത്യം’ എന്ന നാടകം മാതൃഭൂമിയുടെ 1971-ലെ സാഹിത്യമത്സരത്തിൽ രണ്ടാംസമ്മാനം നേടി. ഇതിനിടെ വയനാട്ടിലേക്ക് കുടുംബം കുടിയേറി. വലിയ ദാരിദ്ര്യമാണ് ഒപ്പംകൂടിയത്. മാതൃഭൂമി മത്സരത്തിൽ ലഭിച്ച സമ്മാനത്തുകകൊണ്ട് വീട്ടിലെ പാത്രങ്ങൾ വാങ്ങിയത് അദ്ദേഹം എഴുതിയിട്ടുണ്ട്. വാഴവറ്റയിൽ താമസിക്കുമ്പോൾ ആദിവാസി സ്വയം സേവക് സംഘത്തിന്റെ പ്രവർത്തകനായി. തീവ്ര ഇടതുപ്രസ്ഥാനങ്ങളുമായി അകലുകയും അടുക്കുകയുംചെയ്ത അദ്ദേഹം പിന്നീട് കമ്യൂണിസ്റ്റ് യുവജനവേദിയുമായി മുന്നോട്ടുപോയി.
വർഗീസ് വട്ടേക്കാവുമായി ചേർന്ന് രൂപംകൊടുത്ത മനുഷ്യാവകാശസമിതി ഈ രംഗത്തെ ആദ്യ പ്രസ്ഥാനം. പിന്നീട് വാഴവറ്റയിൽനിന്ന് കുടിയിറക്കപ്പെട്ട് വാകേരിയിൽ എത്തി. ഇവിടെനിന്ന് അദ്ദേഹം പിന്നീട് ജന്മനാടിന് അടുത്ത മധുരവേലിയിലേക്ക് മടങ്ങി. ജാതിവിരുദ്ധ മതേതരവേദി രൂപവത്കരിച്ചു. അംബദ്കർ ആശയധാരയുമായി ചേർന്നു.
സീഡിയൻ എന്ന പേരിലുള്ള അവകാശസംരക്ഷണ പ്രസ്ഥാനമായിരുന്നു ഏറെനാൾ പ്രവർത്തനരംഗം. നവംബർ ബുക്സ് എന്ന പ്രസാധനവുമായി കെ.കെ. ബാബുരാജ് വന്നപ്പോൾ അദ്ദേഹമൊത്തും പ്രവർത്തിച്ചു. വൈപ്പിനിലെ നെൽകൃഷിക്കായി പാടത്തിറങ്ങി. ആദിവാസി ഭൂമിക്കായി നിരാഹാരം കിടന്നു. സി.ടി. സുകുമാരന്റെ കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താൻ ആവശ്യപ്പെട്ട് നടന്ന സമരത്തിൽ മുന്നണിപ്പോരാളി. കോഴിക്കോട് ജോലിക്കാലത്ത് കവി അയ്യപ്പൻ ഒപ്പം താമസിച്ചിരുന്നു. അയ്യപ്പന്റെ കവിതയേക്കാൾ താൻ ശ്രദ്ധിച്ചത് അദ്ദേഹത്തിന്റെ ജീവിതപ്രയാസങ്ങളായിരുന്നുവെന്ന് കൊച്ച് എഴുതിയപ്പോൾ തെളിഞ്ഞത് ആ കാഴ്ചപ്പാടാണ്. വചനം ബുക്സ് നാരായണൻ പുരസ്കാരം, വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം എന്നിവ ലഭിച്ചു. പട്ടികജാതി ക്ഷേമസമിതി, സാഹിത്യരംഗത്തെ സംഭാവനകൾ പരിഗണിച്ച് ആദരിച്ചിരുന്നു. അംബേദ്കർ-ജീവിതവും ദൗത്യവും (എഡിറ്റർ), ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്‌ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹിക രൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, വായനയുടെ ദളിത്പാഠം, കലാപവും സംസ്‌കാരവും, ദലിതൻ (ആത്മകഥ) എന്നിവയാണ് കൃതികൾ.
ജീവിച്ച 76 കൊല്ലത്തെ ഒരു ചരിത്രപുസ്തകമാക്കി കണക്കാക്കാമെങ്കിൽ, അതിലെ ഓരോ അധ്യായവും അദ്ദേഹം അവഗണിക്കപ്പെട്ടവരുടെ അനുഭവങ്ങളാക്കി
Content Highlights: Explore the life and activism of K.K. Koch
Published: 14 Mar 2025, 07:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented