
വാഷിങ്ടൺ: ഇറാനുമായി സമാധാനക്കരാർ അടുത്തിരിക്കെ ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബെയ്‌റൂത്തിലെ ഇന്നത്തെ ആക്രമണം നടക്കാൻ പാടില്ലായിരുന്നുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചു.‘ഇന്ന് രാവിലെ ബെയ്‌റൂത്തിൽ ആക്രമണം നടക്കാൻ പാടില്ലായിരുന്നു, പ്രത്യേകിച്ച് ഇറാനുമായുള്ള സമാധാന കരാറിന് നമ്മൾ വളരെ അടുത്തിരിക്കുന്ന ഒരു പ്രത്യേക ദിവസത്തിൽ’-ട്രംപ് കുറിച്ചു.
ഭീഷണികളിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും എന്നാൽ അവർ പ്രതികരിച്ച ആക്രമണം വളരെ ചെറുതും അർത്ഥശൂന്യവുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ആർക്കും പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ല. ഈ സുപ്രധാന പ്രക്രിയയെ തടസ്സപ്പെടുത്തരുതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
‘ലെബനൻ ഉൾപ്പെടെ ഈ മേഖലയിൽ സമാധാനം കൊണ്ടുവരുന്ന ഒരു ഉടമ്പടിക്ക് ഞങ്ങൾ വളരെ അടുത്താണ്. എല്ലാവരും പിന്മാറണം. ലെബനനിലെവിടെയും ഇസ്രയേലിന്റെ ആക്രമണങ്ങൾ ഉണ്ടാകരുത്. അതുപോലെ ഹിസ്ബുള്ള ഉൾപ്പെടെ മറ്റേതെങ്കിലും കക്ഷി ഇസ്രയേലിനെതിരെ ആക്രമണം നടത്തരുത്. ഇത് നീണ്ടതും മനോഹരവുമായ ഒരു സമാധാനത്തിന്റെ തുടക്കമാകാം’- ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.
അതേസമയം ബെയ്‌റൂത്തിന്റെ തെക്കൻ മേഖലയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതായി ലെബനൻ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. 15 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ ഹിസ്ബുള്ള ആസ്ഥാനം തകർത്തെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഇതിനിടെ ലെബനനിൽ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഇറാൻ മിസൈൽ ആക്രമണം നടത്താനുള്ള സാധ്യത മുന്നിൽ കണ്ട് ഇസ്രയേൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
യുഎസുമായുള്ള കരാറിനെയും ഇസ്രയേൽ ആക്രമണം ബാധിച്ചതായാണ് വിവരം. ഇസ്രയേൽ ആക്രമണത്തിൽ യുഎസിനെതിരെ രൂക്ഷവിമർശനം ഉയർത്തി ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഘാലിബാഫ് രംഗത്തെത്തി. ‘സയണിസ്റ്റുകളുടെ കടന്നുകയറ്റം ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നത് അമേരിക്കയ്ക്ക് അതിന്റെ പ്രതിബദ്ധതകൾ നിറവേറ്റാനുള്ള ഇച്ഛാശക്തിയും കഴിവും ഇല്ല എന്നതാണ്’- ഘാലിബാഫ് എക്‌സിൽ കുറിച്ചു.
Content Highlights: Donald Trump publicly criticized the 2026 Israeli airstrike in Beirut., The strike occurred while US-Iran peace negotiations were nearing a critical stage., Trump called for an immediate cessation of hostilities from both Israel and Hezbollah., Lebanese authorities reported casualties, while Israel claimed to have targeted a Hezbollah headquarters., Iranian officials criticized the US for its inability to prevent the escalation.
Published: 14 Jun 2026, 09:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented