
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും (FILES)
(Photo by Brendan Smialowski / AFP)
ബീജിങ്: ചൈനയുമായി വ്യാപാര യുദ്ധം കടുപ്പിക്കുന്ന യുഎസിനെ നിലയ്ക്കുനിര്‍ത്താന്‍ അവരുടെ തന്നെ തന്ത്രങ്ങള്‍ തിരിച്ചു പ്രയോഗിക്കുകയാണ് ചൈന. യുഎസ് കമ്പനികളുടെ സാങ്കേതികവിദ്യ ചൈനീസ് കമ്പനികള്‍ക്ക് ലഭ്യമാകുന്നത് തടയുന്ന ഫോറിന്‍ ഡയറക്ട് പ്രോഡക്ട് റൂളിന് സമാനമായ നടപടിയുമായാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്. യു.എസ്. സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന, വിദേശത്ത് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളെ നിയന്ത്രിക്കാനാണ് ഈ നിയമം ഉപയോഗിക്കുന്നത്. പ്രധാനമായും ചൈനയെ ലക്ഷ്യമിട്ടുള്ള തന്ത്രമാണിത്. ഇപ്പോള്‍ അപൂര്‍വ്വ ധാതുക്കളുടെ കാര്യത്തില്‍ ചൈനയും സമാനമായ നീക്കമാണ് നടത്തുന്നത്. ചൈനയില്‍ നിന്നുള്ള അപൂര്‍വ്വ ധാതുകാന്തങ്ങള്‍ കയറ്റുമതി ചെയ്യണമെങ്കില്‍ വിദേശ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അനുമതി നേടണമെന്നാണ് ഇപ്പോള്‍ ചൈനീസ് ഭരണകൂടത്തിന്‍റെ നിര്‍ദേശം. അപൂര്‍വ്വ ധാതുക്കളുടെ കാര്യത്തില്‍ വിദേശ ആശ്രിതത്വം കൂടുതലുള്ള രാജ്യമാണ് യുഎസ് ചൈനീസ് നിയന്ത്രണം യു.എസിന്റെ പലപദ്ധതികളെയും ഗുരുതരമായി ബാധിക്കും.
പുതിയ നീക്കം അനുസരിച്ച്, ചൈനീസ് അപൂര്‍വ ധാതുക്കളുടെ ചെറിയ അംശങ്ങള്‍ അടങ്ങിയതോ ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതോ ആയ കാന്തങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് വിദേശ സ്ഥാപനങ്ങള്‍ക്ക് ഇനി ചൈനീസ് സര്‍ക്കാരിന്റെ അംഗീകാരം ആവശ്യമാണ്. യുഎസിനെ മാത്രമല്ല പല സുപ്രധാന ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ആഗോള വിതരണത്താലും ചൈനീസ് നിയന്ത്രണത്തിന് കീഴിലാക്കുന്ന നടപടിയാണിത്. ഉദാഹരണത്തിന് ചൈനയില്‍ നിന്ന് ശേഖരിച്ച അപൂര്‍വ ധാതുവസ്തുക്കള്‍ അടങ്ങിയ ഫോണുകള്‍ ഓസ്ട്രേലിയ്ക്ക് വില്‍ക്കുന്നതിന് ദക്ഷിണ കൊറിയയിലെ ഒരു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാവ് ചൈനയുടെ അനുമതി തേടേണ്ടതുണ്ട്.
ചില വിദേശ കമ്പനികളെ തടയുന്ന യുഎസ് 'എന്റിറ്റി ലിസ്റ്റിന്' (entity list) സമാനമായി വിശ്വസിക്കാന്‍ കൊള്ളാത്ത സ്ഥാപനങ്ങള്‍ - അണ്‍റിലയബിള്‍ എന്റിറ്റി ലിസ്റ്റ് (Unreliable Entity List) എന്നൊരു സംവിധാനം 2021ല്‍ ചൈന കൊണ്ടുവന്നിരുന്നു. ട്രംപ് അധികാരത്തില്‍ വന്നതിന് പിന്നാലെ ഫെന്റാനൈലിന്റെ പേരില്‍ രാസവസ്തുക്കള്‍ക്ക് ട്രംപ് 10% തീരുവ ഏര്‍പ്പെടുത്തിയതിന് മറുപടിയായി, യു.എസ് കമ്പനികളായ പിവിഎച്ച് ഗ്രൂപ്പിനെയും ബയോടെക് കമ്പനിയായ ഇലുമിനയെയും ചൈന അതിന്റെ 'വിശ്വസിക്കാന്‍ കൊള്ളാത്ത സ്ഥാപനങ്ങളുടെ പട്ടികയില്‍' ചേര്‍ത്തു. മാര്‍ച്ചില്‍ 10% തീരുവ രണ്ടാമതും ഏര്‍പ്പെടുത്തിയപ്പോള്‍, കൂടുതല്‍ യുഎസ് കമ്പനികളെ കരിമ്പട്ടികയില്‍ ചേര്‍ക്കുകയും എയ്റോസ്പേസ്, പ്രതിരോധ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് കയറ്റുമതി നിയന്ത്രണങ്ങള്‍ വിപുലീകരിക്കുകയും ചെയ്തു. തുടര്‍ന്ന്, ടങ്സ്റ്റണ്‍, ബിസ്മത്ത് പോലുള്ള നിര്‍ണ്ണായക വസ്തുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ലിബറേഷന്‍ ഡേ താരിഫ് എന്ന് പേരിട്ട് രാജ്യങ്ങള്‍ക്കെതിരെ ട്രംപ് നികുതി പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം ചൈനയ്ക്ക് 125 ശതമാനം ആയിരുന്നു നികുതി ചുമത്തിയത്. ഇതിന് മറുപടിയായി അപൂര്‍വ്വ ധാതുക്കളുടെ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും കൂടുതല്‍ യുഎസ് സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തു. യുഎസ് കയറ്റുമതി നിയന്ത്രണങ്ങള്‍ സ്വന്തം സാമ്പത്തിക വികസനത്തെയും രാഷ്ട്രീയപരമായ തിരഞ്ഞെടുപ്പുകളെയും എത്രത്തോളം തടസ്സപ്പെടുത്തുന്നുവെന്ന് ബീജിങ് തിരിച്ചറിഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് തിരിച്ചടിക്കായി തന്ത്രങ്ങള്‍ മുന്‍കൂട്ടി കണ്ട് ആവിഷ്‌കരിച്ചത്. ചൈനയുമായി 2018ല്‍ വ്യാപാര യുദ്ധം ഉണ്ടായപ്പോള്‍ തന്നെ സമാനമായ പ്രശ്‌നങ്ങള്‍ക്ക് അവര്‍ യുഎസിനായി മറ്റൊരു പദ്ധതി തയ്യാറാക്കിയിരുന്നു. അതാണ് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
തങ്ങളുമായി മികച്ചൊരു വ്യാപാര കരാറില്‍ ഏര്‍പെട്ടില്ലെങ്കില്‍ ചൈനയ്‌ക്കെതിരായ നികുതി 155 ശതമാനമായി വര്‍ധിപ്പിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. നവംബര്‍ ഒന്നിന് മുമ്പ് വ്യാപാര കരാറില്‍ എത്തണമെന്നാണ് ട്രംപിന്റെ ഭീഷണി. അതിന് മുന്നില്‍ മുട്ടുമടക്കാന്‍ ചൈന തയ്യാറല്ല. വ്യാപാര തര്‍ക്കത്തില്‍ സ്വന്തം ശക്തിയും ദൗര്‍ബല്യവും എന്തൊക്കെയെന്ന് ചൈന തിരിച്ചറിഞ്ഞിട്ടുണ്ട്.
Content Highlights: China retaliates against US trade war with tech-focused rare earth export controls. This move impacts global electronics supply chains and US defense projects, echoing past trade disputes.
Published: 20 Oct 2025, 10:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented