എഐക്ക് ഭൗതികരൂപവും കഴിവുകളും കൂടി കൈവരുമ്പോള് അതുയര്ത്തുന്ന ഭീഷണികളുടെ വ്യാപ്തി പതിന്മടങ്ങ് വര്ധിപ്പിക്കുകയാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര് ചൂണ്ടിക്കാട്ടുന്നത്.

ഓഗസ്റ്റ് 22, 2026. ബെയ്ജിങ്ങിലെ പ്രസിദ്ധമായ 'ഐസ് റിബ്ബൺ' സ്റ്റേഡിയം. 100 മീറ്റർ മത്സരം ആരംഭിക്കുകയാണ്. ട്രാക്കിൽ മൂന്ന് മത്സരാർത്ഥികൾ. സ്റ്റേഡിയം നിറഞ്ഞ് കാണികൾ. കരഘോഷം.
വെടിയൊച്ച കേട്ടതും മത്സരാർഥികൾ മുന്നോട്ട് കുതിച്ചു. 1, 2, 3, 4, 5, 6, 7, 8, 9... 10 സെക്കൻഡ് തികയുന്നതിനു മുമ്പേ രണ്ടു മത്സരാർഥികൾ ഫിനിഷിങ് ലൈൻ കടന്നു. 9.39 സെക്കൻഡ് -ഒന്നാമത്തെയാളുടെ ഫിനിഷിങ് ടൈം സ്‌ക്രീനിൽ തെളിഞ്ഞു. രണ്ടാമൻ ഫിനിഷ് ചെയ്തതാവട്ടെ 9.47 സെക്കൻഡ് കൊണ്ടും.
ലോക അത്ലറ്റിക്‌സിലെ ഔദ്യോഗിക 100 മീറ്റർ ലോക റെക്കോർഡ് (9.58 സെക്കൻഡ്) ഇപ്പോഴും ഉസൈൻ ബോൾട്ടിന്റേതാണ്. എന്നാൽ, ബെയ്ജിങ്ങിലെ ഈ പ്രദർശനമത്സരത്തിൽ ട്യാങ്‌ഗോങ് അൾട്ര (Tiangong Ultra) ബോൾട്ടിനേക്കാൾ 0.19 സെക്കൻഡ് വേഗത്തിലും ലൈറ്റ്‌നിങ് (Lightning) 0.11 സെക്കൻഡ് വേഗത്തിലുമാണ് ഫിനിഷ് ചെയ്തത്. ചൈനയുടെ രണ്ട് ഹ്യൂമനോയ്ഡുകളായിരുന്നു അവർ!
ചൈന സംഘടിപ്പിക്കുന്ന വേൾഡ് ഹ്യുമനോയ്ഡ് റോബോട്ട് ഗെയിംസിലാണ് (World Humanoid Robot Games) ചലനങ്ങളിൽ മനുഷ്യരെ കവച്ചുവെക്കുന്ന ഹ്യൂമനോയ്ഡ് പ്രകടനങ്ങൾ കണ്ടത്. ഗെയിംസിലെ 100 മീറ്റർ സെമിയിൽ ട്യാങ്‌ഗോങ് അൾട്ര തന്റെ പ്രകടനം 8.86 സെക്കൻഡായും ഫൈനലിൽ 8.64 സെക്കൻഡായും മെച്ചപ്പെടുത്തി. ഗെയിംസിലെ ഹൈജമ്പ് ഉൾപ്പെടെ മറ്റു പല ഇനങ്ങളിലും ഹ്യൂമനോയ്ഡുകൾ മനുഷ്യരേക്കാൾ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു.
ഒരു വശത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യകുലത്തെ നശിപ്പിക്കുമോ എന്ന ചർച്ചകൾ കൊടുമ്പിരി കൊള്ളുമ്പോൾ മറുവശത്ത്, നിർമിത ബുദ്ധിയുടെ 'ശരീരമാകേണ്ട' (Body of AI/Physical AI) ഹ്യൂമനോയ്ഡുകളുടെ നിർമാണത്തിൽ യു.എസ്. ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണ് ചൈന.
ഓഗസ്റ്റിൽ നടന്ന റോബോട്ട് ഗെയിംസിൽ രണ്ടായിരത്തിലേറെ ഹ്യൂമനോയ്ഡുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പങ്കെടുത്തത്. ഗെയിംസിന് എത്തിയ 666 ടീമുകളിൽ 641 എണ്ണവും ചൈനയിൽ നിന്നുതന്നെയായിരുന്നു എന്നത് ഈ മേഖലയിലെ ചൈനീസ് ആധിപത്യം വ്യക്തമാക്കും. ചൈനയുടെ ഹ്യൂമനോയ്ഡ് ശക്തിപ്രകടനമായിരുന്നു ഗെയിംസ് എന്ന് നിസ്സംശയം പറയാം.
ഹ്യൂമനോയ്ഡുകളുടെ സാധ്യതയും പരിമിതികളും
മനുഷ്യരുടെ ശരീരഘടനയോട് സാമ്യമുള്ളതും മനുഷ്യരെപ്പോലെ നടക്കാനും കൈകാലുകൾ ചലിപ്പിക്കാൻ കഴിയുന്നതുമായ റോബോട്ടുകളാണ് ഹ്യൂമനോയ്ഡുകൾ. സെൻസറുകളും ക്യാമറകളും ജോയിന്റുകളും ഉൾപ്പെടെയുള്ള പാർട്ടുകൾ മെച്ചപ്പെട്ടതോടെ ഇവയുടെ പ്രകടനവും മെച്ചപ്പെടാൻ തുടങ്ങി. അതേസമയം, ഗെയിംസിലെ പ്രകടനങ്ങൾ ഇവ മനുഷ്യർ ചെയ്യുന്ന കാര്യങ്ങളെല്ലാം മനുഷ്യരേക്കാൾ മികച്ച രീതിയിൽ ചെയ്യാൻ തുടങ്ങി എന്നർത്ഥമാക്കുന്നില്ല.
100 മീറ്ററിൽ പങ്കെടുത്ത ട്യാങ്‌ഗോങ് അൾട്ര ഉൾപ്പെടെയുള്ള ഹ്യൂമനോയ്ഡുകൾ ഫിനിഷിങ് ലൈനിനപ്പുറം പ്രത്യേകമായി തയ്യാറാക്കി മതിലിൽ ഇടിച്ചാണ് ഓട്ടം അവസാനിപ്പിക്കുന്നത്. വേഗത്തിലോടുന്ന അതേ തോതിൽ അവയ്ക്ക് ഓട്ടം നിർത്താനാവില്ല എന്നതാണ് കാരണം. റോബോട്ടുകൾ അസ്വാഭാവികമായ രീതിയിൽ ചലിക്കുന്നതും തകർന്നുവീഴുന്നതും തീപിടിക്കുന്നതുമെല്ലാം ഗെയിംസിലെ സാധാരണ സംഭവങ്ങളായിരുന്നു.
ഹ്യൂമനോയ്ഡുകളുടെ കാര്യത്തിൽ ഒരു 'ചാറ്റ്ജിപിടി മൊമെന്റ്' സംഭവിക്കാൻ ഇനിയും ഏതാനും വർഷങ്ങൾ വേണ്ടിവരുമെന്നാണ് ഗെയിംസിനോടനുബന്ധിച്ച് നടന്ന റോബോട്ട് കോൺഫറൻസിൽ ചൈനയിലെ ഏറ്റവും വലിയ റോബോട്ടിക്‌സ് കമ്പനികളിലൊന്നായ യുണിട്രീയുടെ സിഇഒ വാങ് ഷിങ്‌സിങ് (Wang Xingxing, Unitree CEO) പറഞ്ഞത്. എന്നാൽ, ഗെയിംസിന് പിന്നാലെ ചൈന മിലിട്ടറി ആവശ്യങ്ങൾക്കായി ഹ്യൂമനോയ്ഡുകളെ ഉപയോഗിക്കാൻ തീരുമാനിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ചൈനയുടെ ഹ്യൂമനോയ്ഡ് വിപ്ലവത്തിന് പിന്നിൽ
ഹ്യൂമനോയ്ഡുകളുടെ ലോക തലസ്ഥാനമാണ് ചൈന. നിലവിൽ ലോകത്തെ ഭൂരിപക്ഷം ഹ്യൂമനോയ്ഡുകളും ചൈനയിലാണുള്ളത്. എങ്ങനെയാണ് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളേക്കാൾ ഈ മേഖലയിൽ ചൈന മേൽക്കൈ നേടിയത്? ദീർഘകാലമായി റോബോട്ടിക്‌സ് മേഖലയിൽ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിച്ച് നടത്തുന്ന നിക്ഷേപങ്ങളും ചൈനയിലെ വാണിജ്യ സാഹചര്യങ്ങളുമാണ് അത് സാധ്യമാക്കിയത്.
സമീപഭാവിയിൽ വ്യവസായങ്ങളിൽ റോബോട്ടുകളെ വ്യാപകമായി വിന്യസിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കങ്ങൾ ഒരു പതിറ്റാണ്ട് മുമ്പുതന്നെ ചൈന ആരംഭിച്ചിരുന്നു. 2015-ൽ ആരംഭിച്ച ചൈനീസ് സർക്കാരിന്റെ 'മെയ്ഡ് ഇൻ ചൈന 2025' പദ്ധതിയിലും പഞ്ചവത്സര പദ്ധതികളിലും റോബോട്ടിക്‌സിന് പ്രത്യേക സ്ഥാനമുണ്ടായി.
റോബോട്ടിക്‌സ് വികസനത്തിനായി സർക്കാർ നേരിട്ട് സാമ്പത്തിക സഹായം നൽകി. സബ്‌സിഡികളും നികുതിയിളവും ഗ്രാന്റുകളും പ്രഖ്യാപിച്ചു. ഇത് ഈ മേഖലയിൽ രാജ്യത്തിനകത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കിയതായി ബാർക്ലേയ്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അടുത്ത പത്തു വർഷത്തിനുള്ളിൽ ഹ്യൂമനോയ്ഡുകളെ ഉപയോഗിക്കുന്നത് ചൈന ലോകത്തെ മറ്റെല്ലാ രാജ്യങ്ങളേക്കാളും പല മടങ്ങ് മുന്നിലായിരിക്കുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.
സാമ്പത്തിക പിന്തുണ മാത്രമല്ല 'ലോക ഫാക്ടറി'യായ ചൈനയിലെ ഉത്പന്ന ലഭ്യതയും ഹ്യൂമനോയ്ഡുകളുടെ വികാസത്തിൽ നിർണായകമായിട്ടുണ്ട്. ഹ്യൂമനോയ്ഡ് നിർമാണത്തിന് ആവശ്യമായ സെൻസറുകൾ, മോട്ടറുകൾ, ബാറ്ററികൾ തുടങ്ങിയവയെല്ലാം എളുപ്പത്തിലും കുറഞ്ഞ ചെലവിലും ഇവിടെ ലഭ്യമായിരുന്നു. വികസിപ്പിക്കുന്ന റോബോട്ടുകളെ യഥാർത്ഥ പരിസ്ഥിതികളിൽ പരീക്ഷിക്കാനും മെച്ചപ്പെടുത്താനുമുള്ള സാഹചര്യവും മറ്റെവിടത്തേക്കാളും ചൈനയിലുണ്ട്. ഇതിനകംതന്നെ, ഹ്യൂമനോയ്ഡുകൾ വ്യാപകമായി ജോലിയെടുക്കുന്ന ഫാക്ടറികൾ ചൈനയിലുള്ളതായാണ് വിവരം.
എന്തുകൊണ്ട് ഹ്യൂമനോയ്ഡുകൾ?
എന്തുകൊണ്ടാണ് ചൈന റോബോട്ടിക്‌സിലും ഹ്യൂമനോയ്ഡുകൾ വികസിപ്പിക്കുന്നതിലും ഇത്രയേറെ ശ്രദ്ധ പതിപ്പിക്കുന്നത്? അതിനു പിന്നിൽ ചൈനയ്ക്ക് കൃത്യമായ രാഷ്ട്രീയ- സാമൂഹിക- സാമ്പത്തിക കാരണങ്ങളുണ്ട്.
യുഎസുമായുള്ള എഐ മത്സരം: എഐ കിടമത്സരത്തിൽ മുന്നിലെത്തുന്നവരാണ് ഇനി ലോകത്തിന്റെ ഗതി നിർണയിക്കാൻ പോകുന്നത്. ഈ മത്സരത്തിൽ ചൈനയ്ക്ക് മുൻതൂക്കം നൽകുന്ന മേഖലയാണ് ഹ്യൂമനോയ്ഡുകൾ.
എഐ ഉയർത്തുന്ന ഭീഷണികളെ കുറിച്ച് ആശങ്കകൾ ഉയർന്നപ്പോൾ 'ചൈനയ്ക്ക് പിന്നിലാകാൻ സാധിക്കില്ല' എന്നാണ് അതിനെ എതിർത്തുകൊണ്ട് ട്രംപ് പറഞ്ഞത്. ഇക്കഴിഞ്ഞ ജൂണിൽ ചൈനീസ് ഹ്യൂമനോയ്ഡുകൾ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ട്രംപ് ഭരണകൂടം നിരോധിക്കുകയും ചെയ്തിരുന്നു.
വൻതോതിലുള്ള ഉത്പാദനം: ലോകത്ത് പുറത്തിറങ്ങുന്ന നാല് ഉത്പന്നങ്ങളിൽ ഒരെണ്ണം ചൈനയിൽ നിന്നാണെന്നാണ് കണക്ക്. അത് ഹ്യൂമനോയ്ഡുകൾ വഴി കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ചൈന ലക്ഷ്യമിടുന്നത്.
ഹ്യൂമനോയ്ഡുകളാൽ പ്രവർത്തിക്കുന്ന ഫാക്ടറികളിലൂടെ അതിവേഗം പിഴവുകളില്ലാതെ വൻതോതിലുള്ള ഉത്പാദനം സാധ്യമാക്കാനാവും.
ജനങ്ങളുടെ ഉയരുന്ന പ്രായം: നിലവിൽ ചൈനയിലെ 23% പേരും അറുപത് വയസ്സിന് മുകളിലുള്ളവരാണ്. വരും വർഷങ്ങളിൽ ലോകത്തെ 'പ്രായം കൂടിയ ജനത'കളിലൊന്നാകും ചൈന എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തൊഴിൽ മേഖലയിൽ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.
2030-ഓടെ കോടിക്കണക്കിന് ജോലിക്കാരുടെ കുറവ് ചൈനയുടെ വ്യവസായ മേഖലയിൽ ഉണ്ടാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഇത് ഹ്യൂമനോയ്ഡുകളെ വിന്യസിക്കുന്നതിലൂടെ പരിഹരിക്കുക എന്നതാണ് ചൈന ലക്ഷ്യമിടുന്നത്.
യുഎസുമായുള്ള മത്സരവും ആശങ്കകളും
ഹ്യൂമനോയ്ഡുകൾ ഉൾപ്പെടെയുള്ള ഫിസിക്കൽ എഐ മേഖലയിൽ ചൈന അതിവേഗം മുന്നോട്ടുപോകുമ്പോൾ വെറും കാഴ്ചക്കാരായിരിക്കാൻ യുഎസും തയ്യാറല്ല. അതിന്റെ തെളിവാണ് ട്രംപ് ചൈനീസ് ഹ്യൂമനോയ്ഡുകൾ നിരോധിച്ച തൊട്ടടുത്ത മാസമായിട്ടു പോലും, ഹ്യൂമനോയ്ഡ് ഗെയിംസിലുണ്ടായ അമേരിക്കൻ സാന്നിധ്യം.
എഐ മത്സരത്തിൽ അമേരിക്കയ്ക്ക് മേൽക്കൈ നൽകുന്നതിൽ നിർണായകമായ കമ്പനി എൻവിഡിയയുടെ (Nvidia) ഫിസിക്കൽ എഐ വിഭാഗത്തിന്റെ ചുമതലയുള്ള മാഡിസൺ ഹ്യുവാങ് ആണ് ഗെയിംസിനോട് അനുബന്ധിച്ച് നടന്ന ട്രോഡ് ഷോയ്ക്ക് എത്തിയത്. എൻവിഡിയ സിഇഒ ജെൻസൻ ഹ്യുവാങ്ങിന്റെ മകൾ കൂടിയാണ് മാഡിസൺ. എഐ ചിപ്പുകളിൽ തങ്ങൾക്കുള്ള മേൽക്കൈ ഫിസിക്കൽ എഐയിലേക്ക് കൂടി സന്നിവേശിപ്പിക്കാനുള്ള ശ്രമത്തിലാണ് ലോകത്തെ ഏറ്റവും സാമ്പത്തിക മൂല്യമുള്ള കമ്പനിയായ എൻവിഡിയ ഇപ്പോൾ.
എഐ വികസിപ്പിക്കുന്നതിലെ കിടമത്സരം ഫിസിക്കൽ എഐയിലേക്ക് കൂടി വ്യാപിക്കുമ്പോൾ അതുയർത്തുന്ന ആശങ്കകളും ചെറുതല്ല. എഐക്ക് ഭൗതികരൂപവും കഴിവുകളും കൂടി കൈവരുമ്പോൾ അതുയർത്തുന്ന ഭീഷണികളുടെ വ്യാപ്തി പതിന്മടങ്ങ് വർധിപ്പിക്കുകയാണെന്നാണ് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എഐ നിയന്ത്രിത ഹ്യൂമനോയ്ഡുകൾ, പ്രത്യേകിച്ച് യുദ്ധവശ്യങ്ങൾക്ക് ഉൾപ്പെടെ നിർമിച്ചവ, മനുഷ്യനിയന്ത്രണത്തിന് അതീതമായി പ്രവർത്തിക്കാൻ തുടങ്ങിയാൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ സങ്കൽപത്തിനപ്പുറമാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
Content Highlights: China dominates the global humanoid robotics market with massive investments and manufacturing capabilities., Humanoid robots showed impressive athletic performances at the recent World Humanoid Robot Games., Rising aging population and US competition drive China's rapid adoption of Physical AI and industrial robots., Experts raise concerns regarding the military and uncontrolled risks of advanced AI-powered humanoids.
Published: 26 Sept 2026, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented