2010-ൽ ചൈനീസ് സർക്കാരിന്റെ സെൻസർഷിപ്പിലും സൈബർ ആക്രമണങ്ങളിലും പ്രതിഷേധിച്ച് സെർച്ച് ഭീമനായ ഗൂഗിൾ ചൈനീസ് വിപണി വിട്ടുപോകാൻ ഒരുങ്ങിയപ്പോൾ മൈക്രോസോഫ്റ്റും ബിൽ ഗേറ്റ്സും അന്നത്തെ മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാൽമറും അതിനോട് യോജിച്ചിരുന്നില്ല. ഗൂഗിൾ അതിരുവിട്ട് പ്രതികരിക്കുകയാണെന്നായിരുന്നു അന്ന് മൈക്രോസോഫ്റ്റിന്റെ നിലപാട്. എന്നാൽ വർഷങ്ങൾക്കിപ്പുറം കഥയാകെ മാറിയിരിക്കുകയാണ്. ഇന്ന് മൈക്രോസോഫ്റ്റിന് ചൈനീസ് മണ്ണിൽനിന്ന് നിശബ്ദമായി വിടവാങ്ങേണ്ട അവസ്ഥയെത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ചൈനയിലെ മൈക്രോസോഫ്റ്റിന്റെ കുറഞ്ഞത് 15 ബ്രാഞ്ച് ഓഫീസുകളും സംയുക്ത സംരംഭങ്ങളുമാണ് പൂട്ടേണ്ടി വന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. ചൈനയ്ക്കുള്ളിൽ വ്യവസായം നടത്തുന്നതിന് കമ്പനി കടുത്ത വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളാണ് മൈക്രോസോഫ്റ്റിന് കനത്ത വെല്ലുവിളിയായിരിക്കുന്നത്.
2023-ൽ തന്നെ ചൈനീസ് വിപണി പൂർണമായും ഉപേക്ഷിക്കുന്ന കാര്യം കമ്പനി ആലോചിച്ചിരുന്നു. വലിയ വെല്ലുവിളികൾ നേരിട്ട് ചൈനയിൽ നിൽക്കാൻ ശ്രമിച്ചാലും അവിടെ നിന്നുള്ള വരുമാനം കുറവാണ്. കമ്പനിയുടെ ആഗോള വരുമാനത്തിന്റെ വെറും 1.5 ശതമാനം മാത്രമാണ് ചൈനയിൽ നിന്നുള്ളത്.
രാഷ്ട്രീയ പ്രശ്നങ്ങളും തദ്ദേശീയ സോഫ്റ്റ് വെയറുകളുടെ വരവും
യുഎസും ചൈനയും തമ്മിലുള്ള ബന്ധം വഷളായതും മൈക്രോസോഫ്റ്റിന് കനത്ത പ്രഹരമായി മാറിയിട്ടുണ്ട്. വിദേശ സോഫ്റ്റ്‌വെയറുകൾക്ക് പകരം കൂടുതൽ സുരക്ഷിതമെന്ന് ചൈന കരുതുന്ന തദ്ദേശീയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാൻ 2017 മുതൽ തന്നെ ചൈനീസ് ഭരണകൂടം രാജ്യത്ത് സമ്മർദ്ദം ചെലുത്തുകയാണ്. വിൻഡോസിനും മൈക്രോസോഫ്റ്റ് ഓഫീസിനും വെല്ലുവിളി ഉയർത്തുന്ന തദ്ദേശീയ സോഫ്റ്റ്‌വെയറുകൾ ഇതിനകം ചൈനയിൽ നിലവിലുണ്ട് താനും.
ചൈനയിലെ പുതിയ നിയമങ്ങൾ അനുസരിച്ച് വിൻഡോസ് ഉൾപ്പെടെയുള്ള വിദേശ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന സാങ്കേതിക വിദഗ്ധർ കടുത്ത സുരക്ഷാ പരിശോധനകൾക്കും അധിക അനുമതികൾക്കും വിധേയരാകേണ്ട സ്ഥിതിയാണ്. പ്രഖ്യാപിത വിലക്കില്ലെങ്കിലും ഇത്തരം നിയന്ത്രണങ്ങൾ കാരണം മൈക്രോസോഫ്റ്റ് ഉൽപ്പന്നങ്ങൾ ചൈനയിൽ ഒറ്റപ്പെടുന്ന സ്ഥിതിയുണ്ട്. കൂടാതെ, ചൈനയിൽ കമ്പനിയുടെ എഐ, ക്ലൗഡ് ബിസിനസുകൾ വ്യാപിപ്പിക്കുന്നതിന് യുഎസ് ഏർപ്പെടുത്തിയ ശക്തമായ സാങ്കേതികവിദ്യാ കയറ്റുമതി നിയന്ത്രണങ്ങൾ തടസ്സമാകുന്നുണ്ട്.
ചൈനയിൽ മികച്ച സാങ്കേതിക വിദഗ്ധരെ വളർത്തുന്നതിൽ പങ്കുവഹിച്ച മൈക്രോസോഫ്റ്റിന് യുഎസിന്റെ നിയന്ത്രണങ്ങൾ കാരണം അവരെ നല്ലരീതിയിൽ ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്. യുഎസ് നിർമിതമായ അത്യാധുനിക സാങ്കേതിക വിദ്യകളിലേക്ക് ചൈനീസ് എൻജിനീയർമാർക്കുള്ള പ്രവേശനം പരിമിതപ്പെടുത്തേണ്ടിവന്നിട്ടുണ്ട്. ഇക്കാരണത്താൽ തന്ത്രപ്രധാനമായ ഗവേഷണങ്ങൾ ചൈനയിൽ നടത്താനാവാത്ത സ്ഥിതിയുണ്ട്. മൈക്രോസോഫ്റ്റ് റിസർച്ച് ചൈന എന്ന സ്ഥാപനം അടച്ചുപൂട്ടാൻ വരെ കമ്പനി ആലോച്ചിരുന്നു.
എന്നാൽ ആ തീരുമാനം മാറ്റി മൈക്രോസോഫ്റ്റ് റിസർച്ച് ചൈനയെ മൈക്രോസോഫ്റ്റ് റിസർച്ച് ഏഷ്യ എന്നപേരിൽ വാൻകൂവർ, സിംഗപ്പൂർ, ടോക്യോ എന്നിവിടങ്ങളിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. കുറേ ചൈനീസ് ഗവേഷകരെ ഈ സ്ഥാപനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. 2024-ൽ ആയിരക്കണക്കിന് മുൻനിര ചൈനീസ് എൻജിനീയർമാരെ വിദേശത്തേക്ക് കൊണ്ടുപോവാൻ കമ്പനി തയ്യാറായെങ്കിലും, അതിൽ മൂന്നിലൊന്ന് പേർ മാത്രമാണ് സ്ഥലംമാറ്റത്തിന് തയ്യാറായത്.
ഇനിയും ചൈനയെ വിടാത്തതിന് കാരണം
ഈ വലിയ പ്രതിസന്ധികൾക്കിടയിലും മൈക്രോസോഫ്റ്റ് പൂർണമായും ചൈനയിൽ നിന്ന് വിട്ടൊഴിയാത്തതിന് കാരണം, ചില ചൈനീസ് കമ്പനികളുമായി ഇപ്പോഴും നിലനിൽക്കുന്ന ലാഭകരമായ വാണിജ്യ ബന്ധമാണ്. ടിക്‌ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസ്, പ്രശസ്ത ഫാഷൻ ബ്രാൻഡായ ഷീൻ (Shein) തുടങ്ങിയ കമ്പനികൾ തങ്ങളുടെ വിദേശ ബിസിനസ്സ് പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും മൈക്രോസോഫ്റ്റിന്റെ അഷ്വർ (Azure) ക്ലൗഡ് സേവനങ്ങളെയാണ് ആശ്രയിക്കുന്നത്.
കൂടാതെ ചൈനയിൽ നേരിട്ട് സേവനം നൽകാത്ത ഓപ്പൺ എഐ പോലുള്ള പാശ്ചാത്യ സ്ഥാപനങ്ങളുടെ എഐ മോഡലുകളിലേക്ക് ചൈനീസ് കമ്പനികൾക്ക് പ്രവേശനം നൽകുന്നതും അഷ്വർ ക്ലൗഡ് സേവനങ്ങൾ വഴിയാണ്. ഇതേരീതിയിൽ ആഗോള വിപണിയിലേക്ക് ചൈനീസ് കമ്പനികളെ എത്തിച്ചേരാൻ സഹായിക്കുന്നതും മൈക്രോസോഫ്റ്റിന്റെ ലാഭകരമായ ബിസിനസുകളിലൊന്നാണ്.
ഇതിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. കിമി (Kimi) പോലുള്ള ശക്തമായ എഐ മോഡലുകൾ ചൈനയിൽ രംഗപ്രവേശം ചെയ്യുന്നതോടെ പാശ്ചാത്യ എഐ മോഡലുകളുടെ ആവശ്യകത കുറഞ്ഞാൽ അത് മൈക്രോസോഫ്റ്റിന് തിരിച്ചടിയാവും. ഈ പ്രതിസന്ധികൾക്കിടയിലും തങ്ങൾ ചൈനീസ് വിപണിയോട് പ്രതിബദ്ധതയുള്ളവരായിരിക്കുമെന്നും നിലവിലെ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തനം തുടരുമെന്നുമാണ് മൈക്രോസോഫ്റ്റ് വക്താവ് നൽകുന്ന വിശദീകരണം.
Content Highlights: Faced with escalating US-China geopolitical tensions, strict local software regulations, and tech export controls, Microsoft is silently shutting down branches and struggling to maintain its presence in China.
Published: 13 Aug 2026, 09:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented