വാഷിങ്ടൺ: ഒരുവ്യാഴവട്ടക്കാലം വെനസ്വേല ഭരിച്ച സോഷ്യലിസ്റ്റ് നേതാവ് നിക്കോളാസ് മഡുറോയ്ക്കുനേരേ യുഎസ് ചുമത്തിയിരിക്കുന്നത് കൊക്കെയ്ൻ കടത്തുമുതൽ അഴിമതിവരെയുള്ള കുറ്റങ്ങൾ. ഇതെല്ലാം കാലേക്കൂട്ടി തയ്യാറാക്കിയിരുന്നെന്നാണ് യുഎസ് നീതിന്യായവകുപ്പ് ശനിയാഴ്ച പുറത്തുവിട്ട കുറ്റപത്രം സൂചിപ്പിക്കുന്നത്.

To advertise here,

മഡുറോയ്ക്കൊപ്പം ഭാര്യ സീലിയ ഫ്ലോറെസും മകനും ഉൾപ്പെടെ മറ്റ് അഞ്ചാളുടെപേരിലും കുറ്റംചുമത്തിയിട്ടുണ്ട്. ഫ്ലോറെസിന്റെ പേരിലുള്ള കുറ്റപത്രം ക്രിസ്മസിനു തൊട്ടുമുൻപാണ് ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്ടിൽ ഫയൽചെയ്തത്.

അമേരിക്കൻ ജനതയെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മഡുറോ യുഎസിലേക്ക് വലിയതോതിൽ മയക്കുമരുന്ന്‌ കടത്തിയെന്ന് യുഎസ് ആരോപിക്കുന്നു. മയക്കുമരുന്നുകടത്തിലൂടെ ഭീകരവാദ-ക്രിമിനൽ പ്രവർത്തനങ്ങളെ പിന്തുണച്ചെന്നതാണ് (നാർക്കോ-ടെററിസം) പ്രധാന കുറ്റം. അഴിമതി, നിയമവിരുദ്ധമായി സർക്കാരുണ്ടാക്കൽ തുടങ്ങിയവയുമുണ്ട്. രാജ്യത്തെ എണ്ണ-പ്രകൃതിവിഭവസമ്പത്ത് കൊള്ളയടിക്കാനുള്ള ശ്രമാണെന്നുപറഞ്ഞ് ആരോപണങ്ങളെല്ലാം വെനസ്വേല തള്ളിക്കളഞ്ഞു. 2020-ൽ ട്രംപിന്റെ ആദ്യസർക്കാരിന്റെ കാലത്താണ് നാർക്കോ-ടെററിസവുമായി ബന്ധപ്പെട്ട് മഡുറോയുടെ പേരിൽ കേസെടുത്തത്.

കുറ്റപത്രത്തിലെ ആരോപണങ്ങൾ

• ലോകത്തെ ഏറ്റവും അപകടകാരികളായ മയക്കുമരുന്ന് കടത്തുകാരുടെയും നാർക്കോഭീകരരുടെയും പങ്കാളിയാണ് മഡുറോ

•  സിനലോവ, ട്രെൻ ഡെ ആരഗ്വ എന്നീ കുപ്രസിദ്ധ ലഹരിക്കടത്തുസംഘങ്ങൾക്ക് മഡുറോസർക്കാരുമായി അടുത്തബന്ധം. ഇതിന് ട്രംപ് സർക്കാർ തെളിവുനൽകിയിട്ടില്ല. സംഘങ്ങൾക്ക് നിയമസംരക്ഷണവും മയക്കുമരുന്നുകടത്താൻ പിന്തുണയും മഡുറോയും കുടുംബവും നൽ‍കി

• മയക്കുമരുന്നുകടത്തുകാർക്ക് വെനസ്വേലയുടെ ദേശീയ മയക്കുമരുന്നുവിഭാഗം ഓഫീസ് ഡയക്ടറുമായുള്ള കൂടിക്കാഴ്ച സാധ്യമാക്കുന്നതിനായി സീലിയ കോടിക്കണക്കിന് ഡോളർ കൈക്കൂലി വാങ്ങി

•  പണം നൽകാത്തവരെയും മയക്കുമരുന്നുകടത്ത് തടസ്സപ്പെടുത്തിയവരെയും തട്ടിക്കൊണ്ടുപോകാനും മർദിക്കാനും വധിക്കാനും ഉത്തരവിട്ടു