വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ, ഭാര്യ സീലിയ ഫ്ളോറസ് എന്നിവരെ കരാക്കാസിലെ ഔദ്യോഗിക വസതിയിൽനിന്ന് അമേരിക്കയുടെ സ്പെഷൽ ഫോഴ്സസ് പിടികൂടിയത് ജനുവരി മൂന്നിനായിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള അനുമതിയോടെ നടപ്പാക്കിയ 'ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവി'ന്റെ ന്യായാന്യായങ്ങളെക്കാൾ ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത് അതിന് അമേരിക്ക ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന രഹസ്യായുധങ്ങളെപ്പറ്റിയാണ്.

To advertise here,

കാര്യമായ ആളപായമില്ലാത്ത അനായാസ എക്സ്ട്രാക്ഷൻ ഓപ്പറേഷനായിരുന്നു എന്നായിരുന്നു ആദ്യവിവരം. വെനസ്വേലയ്ക്കകത്തുനിന്നും അമേരിക്കയ്ക്ക് സഹകരണം കിട്ടിയതു കൊണ്ടാണ് കാര്യമായ ചെറുത്തുനിൽപ്പില്ലാതിരുന്നത് എന്ന് വ്യാഖ്യാനങ്ങളുണ്ടായി. പിന്നീട് ഓപ്പറേഷനിൽ 32 ക്യൂബൻ സുരക്ഷാ ഉദ്യോഗസ്ഥരടക്കം നിരവധി പേർ കൊല്ലപ്പെട്ടതായി വാർത്തകൾ വന്നു. മഡുറോയുടെ വിശ്വസ്തനായി വിശേഷിപ്പിക്കപ്പെടുന്ന അജ്ഞാതനായ ഒരു വെനസ്വേലൻ സുരക്ഷാ ഗാർഡാണ് അമേരിക്ക രഹസ്യായുധം പ്രയോഗിച്ച് വെനസ്വേലക്കാരെ നിസ്സഹായരാക്കിയാണ് പ്രസിഡഡന്റിനെ കടത്തിക്കൊണ്ടുപോയത് എന്ന് അവകാശപ്പെട്ടത്.

'റഡാറുകളും ആശയവിനിമയ സംവിധാനങ്ങളും പെട്ടെന്ന് പ്രവർത്തനരഹിതമായി. നൂറുകണക്കിന് വെനസ്വേലൻ സൈനികർ ഉണ്ടായിരുന്നെങ്കിലും അവർക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ഹെലികോപ്ടറുകളിൽ വന്നിറങ്ങിയ 20 കമാൻഡോകൾ എന്തോ വിക്ഷേപിച്ചു. 'തീവ്രമായ ശബ്ദതരംഗം പോലെ എന്തോ ഒന്ന്. ഞങ്ങളുടെ തല പൊട്ടിത്തെറിക്കുന്നതുപോലെ തോന്നി. മൂക്കിലൂടെ ചോര വന്നു, ഞങ്ങൾ രക്തം ഛർദിച്ചു. നിലത്തുവീണ ഞങ്ങൾക്ക് ചലിക്കാൻ പോലുമായില്ല. ആ കമാൻഡോകൾ നൂറുകണക്കിന് പേരെ കൊന്ന് തിരിച്ചുപോയി.' ഗാർഡിന്റെ വൈറൽ അഭിമുഖം വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് റീപോസ്റ്റ് ചെയ്തതോടെ (ജനുവരി 10) ചർച്ചകൾ ദിശമാറി.

അമേരിക്ക ഈ അഭ്യൂഹങ്ങളെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇത് അതിശയോക്തിയാണോ, ഗൂഢാലോചനാ സിദ്ധാന്തമാണോ അതോ വെറും കെട്ടുകഥയാണോ? മുൻ ബ്രിഗേഡിയർ സനൽകുമാർ സംസാരിക്കുന്നു.

വെനസ്വേലൻ ഓപ്പറേഷനിടെ അമേരിക്ക ഏതോ അദൃശ്യആയുധം ഉപയോഗിച്ച് ശത്രുസൈനികരെ ജീവനോടെ ചുട്ടെരിച്ചു എന്നൊക്കെ അഭ്യൂഹമുണ്ട്...

നമ്മൾ പുരാണങ്ങളിൽ ദിവ്യാസ്ത്രങ്ങളെ പറ്റി കേട്ടിട്ടുണ്ട്, ലോകം മുഴുവനും കരിച്ചു കളയാൻ പറ്റുന്നവ. അതൊക്കെ അണ്വായുധങ്ങളാണെന്നാണ് ഒരു സമയത്ത് നമ്മൾ വിചാരിച്ചത്. അത് മാറുകയാണ്. നേരിട്ട് ശാരീരിരകമായി സ്പർശിക്കാതെ തന്നെ അകലെ നിന്നും നശിപ്പിക്കുന്ന ആയുധങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് പല രാജ്യങ്ങളും. കൈനെറ്റിക് എനർജിക്കു പകരം ഡയറക്ടഡ് എനർജി. അതായത് ലേസർ പോലെ വളരെയധികം കേന്ദ്രീകരിച്ച ഊർജം ഒരു ലക്ഷ്യത്തിലേക്ക് തൊടുത്ത് നശിപ്പിക്കുന്ന രീതി.

പക്ഷേ, പറയുന്നത്ര എളുപ്പമല്ല ഈ സാങ്കേതികവിദ്യയുടെ വികസനം. അത് ഫലപ്രദമായി ഉപയോഗിക്കുന്നതിലെ പ്രധാനപ്രശ്നങ്ങൾ ഇവയാണ്.

1. വലിയ തോതിലെ ഊർജപ്രവാഹമാണ് ഈ ആയുധം വിജയകരമായി പ്രയോഗിക്കാൻ വേണ്ടത്. അതിനു ശേഷിയുള്ള ഊർജസ്രോതസ് വേണം. പക്ഷേ, സാധാരണ കൊണ്ടുനടക്കാവുന്നതിലും വളരെ കൂടുതലാണ് ആ ഊർജം. അതായത്. നിശ്ചലമായ ഇടത്തുനിന്നും മാത്രമേ ആക്രമണം വിജയകരമാവൂ. ഇതിനൊരു അപവാദം ബഹിരാകാശത്തു സോവിയറ്റ് യൂണിയൻ നടത്തിയ ചില പരിശ്രമങ്ങളാണ്. ഒരു ഉപഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ വേറൊരു ഉപഗ്രഹം എത്തിക്കുക. ലക്ഷ്യത്തിന് വലിയ താരതമ്യേന ഉണ്ടാകാത്തതിനാൽ ലേസർ എനർജിയോ ഏതെങ്കിലും ഡയറക്ട് എനർജിയോ ഉപയോഗിച്ച് ലക്ഷ്യത്തെ തകർക്കാമെന്നായിരുന്നു തിയറി. സോവിയറ്റ് യൂണിയൻ ഒന്നോ രണ്ടോ അത് പരീക്ഷിച്ചിട്ടുണ്ട്.

2. ഈ ലേസർ ബീം അല്ലെങ്കിൽ നേരിട്ടുള്ള ഊർജപ്രവാഹം ഊർജം പൂർണമായും ലക്ഷ്യത്തിലെത്തുംവരെ നിലനിർത്തൽ. ലക്ഷ്യം ചലിച്ചുകൊണ്ടിരിക്കുന്നതാണെങ്കിൽ അതൊട്ടും എളുപ്പമല്ല. കുറഞ്ഞ പക്ഷം, ചലനമാർഗം പ്രവചനീയമായിരിക്കണം.

3. ഊർജപ്രവാഹത്തിന്റെ ഫോക്കസ് എത്ര ചെറുതാകുന്നോ അത്രയും കൂടുതലാണ് ഊർജവിനിമയം. ഇത്തരമൊന്ന് നമ്മൾ ഡൽഹിയിൽ പ്രയോഗിക്കുകയാണെങ്കിൽ അവിടത്തെ കടുത്ത വായുമലിനീകരണം കാരണം വലിയ മെച്ചമുണ്ടാവില്ല. ഈ പറഞ്ഞതൊക്കെ ആപേക്ഷികമാണ്, കേട്ടോ!

placeholder
ബ്രിഗേഡിയർ സനൽ കുമാർ

മലിനീകരണത്തിന് ദോഷം മാത്രമല്ല, ഗുണവുമുണ്ട്!

ഡൽഹി ഇക്കാര്യത്തിൽ ഭാഗ്യം ചെയ്തതാണ്, വളരെ സുരക്ഷിതമാണ്. അന്തരീക്ഷമാലിന്യത്തിന്റെ ഓരോ കണവും ഊർജപ്രവാഹത്തിന്റെ പാതയിൽ വന്ന് അതിനെ പ്രതിഫലിപ്പിക്കുകയോ, അപവർത്തിപ്പിക്കുകയോ ചെയ്യും. അങ്ങനെ വളരെ കേന്ദ്രീകൃതമായിരിക്കേണ്ട ബീം ചിതറിപ്പോകും, അത് ഫലപ്രദമല്ലാതെ വരും. യുദ്ധരംഗത്ത് സൈനികനീക്കം ശത്രുവിൽ നിന്നും മറയ്ക്കാൻ പുക ഉപയോഗിക്കാറുണ്ട്. ഡൽഹിയിലെ മലിനീകരണത്തിലെന്ന പോലെയുള്ള പൊടിയുടെ പ്രശ്നം അതിലുണ്ട്. മാത്രമല്ല, പുകയ്ക്ക് ചൂടുമുണ്ട്. അതുകൊണ്ട് ഈ ഊർജത്തിന്റെ ഫലപ്രാപ്തി കുറവായിരിക്കും.

ഇനി, ഒരു മനുഷ്യനെ അൽപനേരത്തേക്ക് നിശ്ചലനാക്കണം എന്നു കരുതുക. അയാളെ കൊല്ലാനോ കത്തിച്ചു കളയാനോ അല്ല, അമേരിക്കയിലൊക്കെ ക്രമസമാധാനപാലനത്തിന്റെ ഭാഗമായി ടെയ്സർ (സ്റ്റൺ ഗൺ) ഉപയോഗിക്കുന്നതുപോലെ. അതിന്റെ പരിധി ഹ്രസ്വമാണ്, അതു കൊണ്ടുണ്ടാവുന്ന അപകടങ്ങളെക്കുറിച്ച് ജനത്തിനറിയാം.

വെനസ്വേലൻ സൈനികൻ പറഞ്ഞ ലക്ഷണങ്ങൾ ടെയ്സർ വെക്കുന്നതിന് സമാനമാണോ?

അതിൽ എനിക്ക് ചില സംശയങ്ങളുണ്ട്. മഡുറോയുടെ എക്സ്ട്രാക്ഷൻ കഴിഞ്ഞശേഷം വന്ന ആദ്യത്തെ റിപ്പോർട്ടുകളിൽ അമേരിക്കൻ മീഡിയ പറഞ്ഞത് പ്രസിഡന്റിന്റെ താമസസ്ഥലത്തെ നിരവധി പേരെ പണം കൊടുത്തു വശത്താക്കിയതിനാൽ ബലപ്രയോഗമില്ലാതെ ലക്ഷ്യം സാധിച്ചു എന്നായിരുന്നു. പിന്നീട് ചെറിയ തോതിൽ ചെറുത്തുനിൽപ്പുണ്ടായി എന്നായി. ഏറ്റവുമൊടുവിലാണ് വെനസ്വേലൻ സൈനികന്റെ രഹസ്യായുധസാക്ഷ്യം. ഒരുപക്ഷേ, അമേരിക്ക പരീക്ഷണാടിസ്ഥാനത്തിൽ പുതിയ ആയുധം പ്രയോഗിച്ചതാവാം. പക്ഷേ, അതിന്റെ വിശദാംശങ്ങളൊന്നും ആർക്കുമറിയില്ല. അതുപോലെ, അജയ്യമായ പുത്തൻ ആയുധങ്ങൾ തങ്ങൾക്കുണ്ടെന്ന ആഖ്യാനം അമേരിക്ക ചമയ്ക്കുന്നതുമാവാം.

ഒരുതരം സൈഓപ്സ് (മനശാസ്ത്രയുദ്ധം), അല്ലേ?

ആയിരിക്കാം. ഒരുതരം ആഖ്യാനനിർമിതിയും ആകാം. ഇങ്ങനെ ആൾക്കാരെ പച്ചയ്ക്ക് ചുട്ടെരിക്കുന്ന സംഭവത്തിന് ഇതുവരെ തെളിവില്ലെന്നും പറയുന്നുണ്ട്. പക്ഷേ ഇതിനൊപ്പം വേറൊരു കാര്യം കൂടി ചേർത്തുവായിക്കണം. ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ യുഎസ് എംബസിയുടെ നേരെ എതിർവശത്താണ് ചൈനീസ് എംബസി. കുറച്ചു വർഷം മുമ്പ് ചൈനീസ് എംബസിയിൽ നിന്ന് ഇതുപോലെ എന്തോ ആയുധം പ്രയോഗിച്ചതുകാരണം അമേരിക്കൻ നയതന്ത്രജ്ഞർക്ക് ശാരീരിക, മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഹവാന സിൻഡ്രോം എന്നാണ് അവർ അതിനെ വിളിച്ചത്. രണ്ടുമൂന്നു പേരെയെങ്കിലും അവിടെനിന്ന് ഒഴിപ്പിക്കേണ്ടി വന്നത്രെ.

അമേരിക്കയിൽ ഡാർപ്പ (ഡിഫൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട്സ് ഏജൻസി) എന്നൊരു സ്ഥാപനമുണ്ട്. അവരുടെ നേതൃത്വത്തിലാണ് ഈ സ്വപ്നായുധം (ഡ്രീം വെപ്പൺ) സൃഷ്ടിക്കാനുള്ള ഗവേഷണം എന്നാണ് കേൾവി. ദൂരെനിന്ന് ഒരാളെ ഒന്നും ചെയ്യാനാവാത്ത പരുവത്തിലാക്കുന്ന ഒരായുധം കിട്ടിയാൽ അത് സ്റ്റാർ വാർസിലൊക്കെ കാണുന്ന പോലുള്ള മാന്ത്രികായുധമാവും. പലയിടത്തും അതിനായി ഗവേഷണവും വികസനവും നടക്കുന്നുണ്ട് പക്ഷേ, അത് ഏതുവരെയായി എന്ന് ഒരു രാജ്യവും വെളിപ്പെടുത്തില്ല. സാധ്യതകൾ ഇവയാണ്-

1. ആയുധം വികസിപ്പിക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്തു.

2. വികസനം പകുതിവഴിയായി.

3. മനശാസ്ത്രപരമായ മേൽക്കോയ്മയ്ക്കായി ചമച്ച ആഖ്യാനം മാത്രം.

വെനസ്വേലൻ സൈനികൻ പറഞ്ഞത് പൂർണമായും ശരിയായിരിക്കാനും സാധ്യതയുണ്ട്. എന്തായാലും വെനസ്വേലക്കാരോട് നേരിട്ടു ചോദിച്ച് ബോധ്യപ്പെടും മുമ്പേ ഇക്കാര്യത്തിൽ അന്തിമനിഗമനത്തിൽ എത്താനാവില്ല. പ്രസിഡന്റിനെ സംരക്ഷിക്കേണ്ട ചുമതല ഉണ്ടായിരുന്ന സൈനികർ ഒന്നും ചെയ്യാൻ പറ്റാത്ത വിഷമത്തിന് ഇങ്ങനെ ഒരു കഥ ഇറക്കിയതും ആകാം. എന്തായാലും മനുഷ്യർക്ക് സംസാരിക്കാൻ താൽപര്യമായതിനാൽ കുറച്ചുകാലം കഴിഞ്ഞെങ്കിലും സത്യം പുറത്തുവരും. ഇത് അണ്വായുധത്തെപ്പോലെ വൻതോതിൽ മനുഷ്യരെ നശിപ്പിക്കുന്നതിനുള്ളതല്ല, കൃത്യമായ ലക്ഷ്യത്തെ മാത്രം നിശ്ചിതനേരത്തേക്ക് നിർവീര്യമാക്കുന്നതിനുള്ളതാണ്. ആ സമയം മതി, ഒരു കമാൻഡോ ഫോഴ്സിന് ലക്ഷ്യം നേടാൻ. പക്ഷേ, യുദ്ധം പോലെ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ആക്ഷനിൽ അത് ഫലപ്രദമാവാനിടയില്ല.

ഈ മേഖലയിലെ ഗവേഷണത്തിൽ അമേരിക്കയും റഷ്യയും ചൈനയുമാണ് മുന്നിട്ട് നിൽക്കുന്നത്. എന്നാൽ ഈ ആയുധത്തിന്റെ പ്രയോഗം മനുഷ്യശരീരത്തിൽ എന്ത് മാറ്റമാണുണ്ടാക്കുന്നത്, അത് ദീർഘകാലം നീണ്ടു നിൽക്കുമോ, ആന്തരികമായി മറ്റെന്തെങ്കിലും തകരാരുണ്ടാക്കുമോ എന്നൊന്നും ആർക്കും അറിഞ്ഞുകൂടാ. അടിസ്ഥാനപരമായ പ്രശ്നം റേഡിയേഷൻ നേരിടുന്ന മനുഷ്യകോശത്തിൽ എന്തു വ്യത്യാസമാണ്, തകരാറാണുണ്ടാവുക എന്നതാണ്. ഉണ്ടാകുമെന്നുറപ്പാണ്. അങ്ങനെയില്ലെങ്കിൽ ആയുധമാവില്ലല്ലോ. ഈ തകരാർ പരിഹരിക്കാനാവുമോ, അപരിഹാര്യമാണോ എന്നിങ്ങനെയുള്ള വിവരങ്ങൾ പരസ്യമാക്കുകയുമില്ല. കാരണം, അത് കോടതി വ്യവഹാരത്തിന് വഴിവെക്കും, സർക്കാരുകൾ വലിയ നഷ്ടപരിഹാരം കൊടുക്കേണ്ടിവരും.