
വാഷിങ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോ, ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയി, ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ, ഈ മൂന്ന് രാഷ്ട്ര നേതാക്കളുടെയും കാര്യത്തിൽ പൊതുവായ ഒന്നുണ്ട്. മൂന്നുപേരും യുഎസിന്റെ നോട്ടപ്പുള്ളികളാണ്. ഇതിൽ മഡുറോയെ യുഎസ് വെനസ്വേലയിൽ കടന്നുകയറി തട്ടിക്കൊണ്ടുപോയി. ഖമനേയിയെ ഇസ്രയേലിന്റെ സഹായത്തോടെ വ്യോമാക്രമണത്തിലൂടെ വധിച്ചു. യുഎസിന് അതൃപ്തിയുള്ള ഉത്തരകൊറിയൻ നേതാവിന്റെ കാര്യം ഇനിയെന്താകുമെന്നാണ് ഉയരുന്ന ചോദ്യം. തങ്ങൾ ഭീഷണിയായി കരുതുന്ന രാജ്യങ്ങളിലെ നേതൃനിരയെ ഒറ്റയടിക്ക് ഇല്ലാതാക്കി ആ നാട്ടിൽ അരാജകത്വമുണ്ടാക്കുന്ന ‘ഡെകാപിറ്റേഷൻ’ തന്ത്രം യുഎസ് വ്യാപകമാക്കുന്നത് ലോകരാഷ്ട്രീയത്തിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
ഒരു രാജ്യത്തിന്റെയോ ഗ്രൂപ്പിന്റെയോ ഉന്നത നേതൃത്വത്തെ ഇല്ലാതാക്കി ആ സംവിധാനത്തെ തളർത്തുകയും തകർക്കുകയും ചെയ്യുന്ന രീതിയെയാണ് ഡെകാപിറ്റേഷൻ സ്‌ട്രൈക്ക് എന്ന് വിശേഷിപ്പിക്കുന്നത്. നേതാവിനെ നഷ്ടപ്പെടുന്നതോടെ ശത്രുപക്ഷം പ്രതിരോധത്തിലാവുകയും ആശയവിനിമയം തടസ്സപ്പെടുകയും ചെയ്യുന്നു. ഈ സമയത്തെ ആശയക്കുഴപ്പം പ്രയോജനപ്പെടുത്തി വേണമെങ്കിൽ ആ രാജ്യത്തെയോ സംഘടനയെയോ പൂർണമായും തകർക്കുകയോ സംവിധാനങ്ങളെ മാറ്റുകയോ ചെയ്യാം. സദ്ദാം ഹുസൈൻ, ഉസാമ ബിൻ ലാദൻ, ഖാസിം സുലൈമാനി എന്നിവരെ ലക്ഷ്യം വെച്ചതും ഇതേ തന്ത്രത്തിന്റെ ഭാഗമായിരുന്നു. ഇവയൊക്കെ ഏറെനാളത്തെ കാലയളവിനിടയിലാണ് സംഭവിച്ചതെങ്കിൽ ഇപ്പോൾ നടക്കുന്നതിന്റെ ഇടവേളകൾ വളരെ കുറവാണ് എന്നതാണ്.
2026 ജനുവരി 3-നാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും അമേരിക്കൻ സൈന്യം പിടികൂടിയത്. ഇവരെ വിചാരണയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഒരു പരമാധികാര രാഷ്ട്രത്തിന്റെ തലവനെ ഇത്തരത്തിൽ കസ്റ്റഡിയിലെടുത്തതിന്റെ ഞെട്ടലിൽ നിന്ന് ലോകം മുക്തമാകുന്നതിന് മുമ്പെ ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു. ഇറാനിൽ നടത്തിയ 'എപ്പിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിലൂടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും യുഎസും ഇസ്രയേലും ചേർന്ന് വധിച്ചു.
ഉന്നത നേതാക്കളെ ഇല്ലാതാക്കുന്നത് അമേരിക്കയുടെ ഒരു യുദ്ധരീതിയായി മാറിക്കഴിഞ്ഞു എന്ന് നിരീക്ഷകർ വിലയിരുത്തുന്നു. അടുത്തത് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ആകുമെന്നാണ് പ്രചരിക്കുന്ന വാദം. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ഉടനെയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇറാൻ കഴിഞ്ഞാൽ യുഎസിന്റെ അടുത്ത ലക്ഷ്യം ക്യൂബ ആയിരിക്കുമെന്നാണ് പ്രസിഡന്റ് ട്രംപ് പറഞ്ഞിരിക്കുന്നത്. ഇത് എത്രത്തോളം യാഥാർഥ്യമാകുമെന്ന് വ്യക്തമല്ല.
അമേരിക്കൻ നിയമമനുസരിച്ച് രാഷ്ട്രീയ കൊലപാതകങ്ങൾ നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഭീകരവാദികളെ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങൾക്ക് നിയന്ത്രണമില്ല. നിക്കൊളാസ് മഡുറോയെ യുഎസിലേക്ക് ലഹരി കടത്തുന്ന ഭീകരസംഘത്തിന്റെ ഭാഗമാണെന്നാണ് യുഎസ് വിശേഷിപ്പിച്ചിരുന്നത്. അതുപോലെ ഇറാനിലെ ഭരണകൂടത്തിനെ ടെററിസ്റ്റ് റെജിം ( തീവ്രവാദികളുടെ ഭരണകൂടം) എന്ന് വിശേഷിപ്പിച്ചാണ് ഇത്തരം അട്ടിമറികളേയും ആക്രമണങ്ങളേയും അമേരിക്ക ന്യായീകരിക്കുന്നത്. നേതാക്കളെ ഇല്ലാതാക്കുന്ന ഈ യു.എസ് തന്ത്രം ഹ്രസ്വകാല നേട്ടങ്ങൾ നൽകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് എത്രത്തോളം അവർക്ക് ഫലപ്രദമാകുമെന്ന് വ്യക്തമല്ല. ഭരണകൂടങ്ങളെ തകർക്കുന്ന അമേരിക്കയ്ക്ക് അവിടെ ജനാധിപത്യം പുനഃസ്ഥാപിക്കാൻ വ്യക്തമായ പദ്ധതിയൊന്നുമില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഉൾപ്പെടെ അത് കണ്ടതാണ്.
Content Highlights: Definition and mechanics of US 'decapitation strikes' on national leadership., Historical context including Saddam Hussein and Osama bin Laden., Recent events involving Nicolas Maduro and Ayatollah Khamenei., Critical analysis of the effectiveness and long-term risks of leadership removal., Speculation on future targets like North Korea and Cuba.
Published: 11 Mar 2026, 06:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented