
കോവിഡ്കാലത്തെ മോദിസർക്കാരിന്റെ വാക്സിൻനയത്തെ പ്രകീർത്തിച്ച് ശശി തരൂർ ലേഖനമെഴുതിട്ടുള്ളത് വസ്തുതകൾ ശരിക്കും മനസ്സിലാക്കാതെയാണ്. കോവിഡ് കാലത്ത് യഥാർഥത്തിൽ കേന്ദ്രസർക്കാർ വിനാശകരമായ വാക്സിൻ നയമാണു പിന്തുടർന്നിരുന്നത്
ധാരണയില്ലാത്ത വിതരണം
2021 ജനുവരിമുതൽ രാജ്യത്ത് വാക്സിൻവിതരണം മുൻഗണനാക്രമം നിശ്ചയിച്ച് ആരംഭിച്ചിരുന്നു. എന്നാൽ, കോവിഡ് നിയന്ത്രണം വിജയിപ്പിക്കാനാവശ്യമായ വാക്സിൻ എത്രത്തോളം വേണ്ടിവരും അതിനുള്ള സ്രോതസ്സുകൾ ഏതെല്ലാം തുടങ്ങിയ പ്രാഥമികവിവരങ്ങളുടെ കാര്യത്തിൽപ്പോലും ഒരു ധാരണയുമില്ലാതെയാണ് കേന്ദ്രസർക്കാർ വാക്സിൻ വിതരണം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും മുൻനിരപ്രവർത്തകർക്കുമാണ് വാക്സിൻ നൽകിത്തുടങ്ങിയത്, തുടർന്ന് 65 വയസ്സിൽ കൂടുതലുള്ളവർക്കും 40 വയസ്സിനുമുകളിലുള്ള മറ്റ് ഗുരുതരരോഗമുള്ളവർക്കും പിന്നീട് 45 വയസ്സിന് കഴിഞ്ഞവർക്കും വാക്സിൻ നൽകിത്തുടങ്ങി. മേയ് ഒന്നു മുതൽ 18 വയസ്സിനുമുകളിലുള്ളവർക്കും വാക്സിൻ നൽകാൻ തീരുമാനിച്ചു. 18 വയസ്സിനുമുകളിലുള്ള 95 കോടിപ്പേർക്കായി 190 കോടി ഡോസാണ് നമുക്കാവശ്യമായിട്ടുണ്ടായിരുന്നത്, എന്നാൽ, അപ്പോൾ സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും ചേർന്ന് കേവലം എട്ടുകോടി ഡോസ് വാക്സിൻ മാത്രമാണുത്‌പാദിപ്പിച്ചിരുന്നത്.
കൊള്ളയടിക്കാൻ തുറന്നുകൊടുത്തു
കേന്ദ്രസർക്കാർ ആദ്യം പ്രഖ്യാപിച്ച വാക്സിൻനയം പ്രകാരം വാക്സിൻ കമ്പനികളിൽനിന്ന് ആവശ്യമായ ഡോസിന്റെ 50 ശതമാനം വാങ്ങി സൗജന്യമായി സംസ്ഥാനങ്ങൾക്ക് നൽകാനും ശേഷം 50 ശതമാനം വാക്സിൻ സംസ്ഥാന സർക്കാരുകളും സ്വകാര്യ ഏജൻസികളും വാങ്ങി വിതരണം ചെയ്യണമെന്നുമാണ് നിഷ്കർഷിച്ചിരുന്നത്. കോവിഡ് മൂലം അപ്പോൾത്തന്നെ സാമ്പത്തികപ്രതിസന്ധി നേരിട്ടിരുന്ന സംസ്ഥാന സർക്കാരുകളുടെമേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന തീരുമാനത്തിനെതിരേ കേരളമടക്കമുള്ള സംസ്ഥാനസർക്കാരുകൾ പ്രതിഷേധസ്വരം ഉയർത്തി. മാത്രമല്ല, കേന്ദ്രസർക്കാർ ഇന്ത്യക്കാവശ്യമായ വാക്സിൻ മുഴുവൻ സ്വകാര്യ കമ്പനികളുമായി വിലപേശിവാങ്ങിയാൽ വലിയ വിലക്കുറവിന് വാക്സിൻ നൽകാൻ കമ്പനികൾ നിർബന്ധിതരാവുമായിരുന്നു. അതിനകം സമ്പന്ന രാജ്യങ്ങൾക്ക് വാക്സിൻ നൽകിക്കഴിഞ്ഞസ്ഥിതിക്ക് വാക്സിൻ നിർമാണക്കമ്പനികൾ ഇന്ത്യയിലെ വലിയ മാർക്കറ്റിൽ താത്പര്യം കാട്ടിത്തുടങ്ങുകയും ചെയ്തിരുന്നു. ഇന്ത്യക്ക് വളരെയേറെ വാക്സിൻ ആവശ്യമുള്ളതിനാൽ കേന്ദ്രസർക്കാർ വിവിധ വാക്സിൻകമ്പനികളുമായി വിലപേശിയാൽ കഴിയുന്നത്ര കുറഞ്ഞവിലയ്ക്ക് വാക്സിൻ വാങ്ങിയെടുക്കാനുള്ള സാധ്യതയുണ്ടായിരുന്നു. അതില്ലാതാക്കി 50 ശതമാനം വാക്സിൻമാത്രം വാങ്ങാൻ തീരുമാനിച്ച് ഇന്ത്യയുടെ വാക്സിൻമാർക്കറ്റ് സ്വകാര്യകമ്പനികൾക്ക് സംസ്ഥാന സർക്കാരിനെയും ജനങ്ങളെയും കൊള്ളയടിക്കാൻ തുറന്നുകൊടുക്കുകയാണ് ഫലത്തിൽ കേന്ദ്രസർക്കാർ ചെയ്തത്.
പൊതുജനാഭിപ്രായം ഉയർന്നുവന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ വാക്സിൻനയം ഭാഗികമായി തിരുത്താൻ നിർബന്ധിതരായി. 18 വയസ്സിനുമുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. എന്നാൽ, അപ്പോഴും 25 ശതമാനം വാക്സിൻ സ്വകാര്യകമ്പനികളിൽനിന്ന് ആശുപത്രികൾ വാങ്ങി വിതരണം ചെയ്യണമെന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്.
അവഗണനയുടെ നാളുകൾ
വികസ്വരരാജ്യങ്ങൾക്ക് ഗുണമേന്മയുള്ള മരുന്നുകളും വാക്സിനുകളും മിതമായ വിലയ്ക്ക് നൽകി ‘വികസ്വരരാജ്യങ്ങളുടെ ഫാർമസി’, ‘പാവപ്പെട്ടവരുടെ മരുന്നുകട’ എന്നെല്ലാമുള്ള ഖ്യാതി ഇന്ത്യൻ ഔഷധമേഖല കൈവരിച്ചിരുന്നു. ഇതിനുള്ള പ്രധാന കാരണം ഇന്ത്യൻ ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്സ് എന്നീ പൊതുമേഖല, മരുന്നുകമ്പനികളും പൊതുമേഖലാ വാക്സിൻ ഫാക്ടറികളുമായിരുന്നു. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് 2008 ജനുവരി 15 മുതൽ ഇന്ത്യയിലെ പ്രശസ്തമായ മൂന്നു വാക്സിൻ ഫാക്ടറികൾ ഒരു നീതീകരണവുമില്ലാതെ പൂട്ടാൻ ഇന്ത്യൻ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഉത്തരവിട്ടതിനെത്തുടർന്ന് രോഗപ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലാവുകയുണ്ടായി.
രാജ്യം കോവിഡ് രണ്ടാംതരംഗം നേരിടുന്ന അവസരത്തിൽ വാക്സിൻ ഉത്‌പാദനം നിലവിലുള്ള പൊതുമേഖലാ ഔഷധക്കമ്പനികളിലൂടെ വർധിപ്പിക്കാനുള്ള വലിയൊരവസരമാണ് മോദി സർക്കാരിന് മുന്നിലുണ്ടായിരുന്നത്. ഐഐസിഎംആറിന്റെ പങ്കാളിത്തത്തോടെ സ്വകാര്യകമ്പനിയായ ഭാരത്ബയോടെക്ക് ഉത്‌പാദിപ്പിച്ച കോവാക്സിൻനിർമാണ സാങ്കേതികവിദ്യയുടെ ഉടമസ്ഥാവകാശം കേന്ദ്രസർക്കാരിനും അവകാശപ്പെട്ടതാണ്. അതുകൊണ്ട് ഒരു സാങ്കേതികതടസ്സവുമില്ലാതെ ആവശ്യമായ സാമ്പത്തികസഹായം നൽകി നവീകരിച്ചാൽ ഇന്ത്യൻ പൊതുമേഖലാകമ്പനികളിലൂടെ വൻതോതിൽ കോവാക്സിൻ ഉത്‌പാദിപ്പിച്ച് വാക്സിൻക്ഷാമം പരിഹരിക്കാൻ കഴിയുമായിരുന്നു. അതിനായി കേന്ദ്രസർക്കാർ തയ്യാറായില്ല.
മോദിസർക്കാർ ഈ സാധ്യതകൾ പ്രയോജനപ്പെടുത്താതെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് 3500 കോടിയും ഭാരത് ബയോടെക്കിന് 1500 കോടിയും സാമ്പത്തികസഹായം നൽകുകയാണുണ്ടായത്. അതിനിടെ, ചെറുകിട പൊതുമേഖലാ വാക്സിൻ കമ്പനികളായ മഹാരാഷ്ട്രയിലെ ഹാഫ്ക്കിൻ ബയോഫാർമസ്യൂട്ടിക്കൽ കോർപ്പറേഷനും (65 കോടി) ഹൈദരാബാദിലെ നാഷണൽ െഡയറി ഡിവലപ്മെന്റ് ബോർഡിനുകീഴിലുള്ള ഇന്ത്യൻ ഇമ്യൂണോളജിക്കൽ ലിമിറ്റഡിനും (60 കോടി) ബുൽന്ദ്ഷഹറിലെ ഭാരത് ഇമ്മ്യൂണോളജിക്കൽസ് ആൻഡ് ബയോളജിക്കൽസ് ലിമിറ്റഡിനും (30 കോടി) തുച്ഛമായ സാമ്പത്തികസഹായം നൽകാൻമാത്രമാണ് തീരുമാനമാനിച്ചത്. മാത്രമല്ല ഭാരത്ബയോടെക്കിന്റെ െബംഗളൂരുവിലെ പുതിയകേന്ദ്രത്തിന് 65 കോടി രൂപകൂടി നൽകുകയും ചെയ്തു. യുപിഎ സർക്കാർ പൊതുമേഖല വാക്സിൻ ഫാക്ടറികളോട് സ്വീകരിച്ച നിഷേധാത്മകനയം എൻഡിഎ സർക്കാരും പിന്തുടരുകയാണുണ്ടായത്.
വാക്സിൻ നയതന്ത്രം
ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള കോവാക്സ് (Covax) സംരംഭത്തിലൂടെ വികസ്വരരാജ്യങ്ങൾക്ക് സൗജന്യമായി വാക്സിൻ ലഭ്യമാക്കാൻ പല പദ്ധതികളും നടപ്പാക്കിയിരുന്നു, കോവിഡ് ചികിത്സയ്ക്കും രോഗനിർണയത്തിനും പ്രതിരോധത്തിനുമുള്ള സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും സന്തുലിതവും തുല്യവുമായ കോവിഡ് സാങ്കേതികവിദ്യാ ലഭ്യത എല്ലാ രാജ്യങ്ങൾക്കും ഉറപ്പാക്കുന്നതിനുമായി ലോകാരോഗ്യസംഘടന, ഗാവി (GAVI: The Global Alliance for Vaccines and Immunizations) , സെപ്പി (CEPI:The Coalition for Epidemic Preparedness Innovations) എന്നീ പ്രസ്ഥാനങ്ങളുമായിച്ചേർന്ന് ആക്ട് (ACT: The Access to COVID-19 Tools Acceleratory) എന്നൊരു പ്രസ്ഥാനം ആരംഭിച്ചിരുന്നു. ആക്ടിന്റെ വാക്സിൻ ഗവേഷണത്തിനും വാക്സിന്റെ നീതിയുക്തമായ വിതരണത്തിനുമായുള്ള വിഭാഗമാണ് കോവാക്സ്. വാക്സിൻ നയതന്ത്രത്തിന്റെ ഭാഗമായി ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് കോവാക്സിൻ സംരംഭത്തിലൂടെ 35-ഓളം രാജ്യങ്ങൾക്ക് വാക്സിൻ നൽകിയെന്നത് ശരിയാണ്. 2004-ലെ സുനാമിയെത്തുടർന്ന് ഇന്ത്യ, ഒാസ്‌ട്രേലിയ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന് രൂപവത്‌കരിച്ചിട്ടുള്ള ക്വാഡ് (The Quadrilateral Security Dialogue: QSD: QUAD) രാജ്യങ്ങളുടെ പ്രതിനിധികൾ, ഇൻഡോ-പസിഫിക് രാജ്യങ്ങൾക്ക് നൽകുന്നതിനായി ഇന്ത്യയിൽ 100 കോടി ഡോസ് വാക്സിൻ ഉത്‌പാദിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതാണു തന്റെ ലേഖനത്തിൽ ശശി തരൂർ അതിശയോക്തി കലർത്തി പ്രശംസിച്ചിരിക്കുന്നത്. ഇതിനുപുറമേ ഇന്ത്യ നേരിട്ട് പലരാജ്യങ്ങൾക്കും മൈത്രീ സംരംഭത്തിലൂടെ വാക്സിൻ നൽകിയിരുന്നു. ഇതെല്ലാം സ്വാഗതാർഹമായ നടപടികൾതന്നെ, സംശയമില്ല. എന്നാൽ, അതൊന്നും രാജ്യത്ത് പിന്തുടർന്ന് വന്നിരുന്ന കോവിഡ് നിയന്ത്രണനടപടികളുടെ പാളിച്ചയെ നീതീകരിക്കുന്നില്ല.
കോവിഡ് മരുന്നുകളുടെ അമിതവില
കോവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളിൽ ബഹുരാഷ്ട്രമരുന്നുകമ്പനികൾ മാർക്കറ്റ് ചെയ്തുവരുന്ന കോവിഡ് മരുന്നുകളുടെ അമിതവില ഉയർത്തുന്ന പ്രശ്നങ്ങൾ ഇന്ത്യയടക്കം പലരാജ്യങ്ങളും അഭിമുഖീകരിച്ചിരുന്നു. കോവിഡിനുള്ള സവിശേഷ ആന്റിവൈറലുകളും മറ്റും കണ്ടെത്തിയിട്ടില്ലെങ്കിലും രോഗലക്ഷണങ്ങളും രോഗതീവ്രതയും കുറയ്ക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ നൽകിവരുന്ന പല മരുന്നുകളും പ്രയോജനകരമെന്ന് കണ്ടിട്ടുണ്ട്. ഇവയിൽ പ്രധാനപ്പെട്ട മരുന്നാണ് റെംഡെസിവിർ (Remdesivir) എന്ന ആന്റിവൈറൽ മരുന്ന്. ജിലിയാഡ് സയൻസസ് (Gilead Sciences) എന്ന അമേരിക്കൻ കമ്പനിയാണ് റെംഡെസിവീറിന്റെ പേറ്റന്റ് ഉടമകളും ഉത്‌പാദകരും. കേരളസർക്കാർ അർഹരായ എല്ലാ കോവിഡ് രോഗികൾക്കും സാമ്പത്തികബാധ്യത കണക്കിലെടുക്കാതെ വലിയ വിലകൊടുത്ത് വാങ്ങി സൗജന്യമായി റെംഡെസിവിർ നൽകിയിരുന്നു.
ഈ സാഹചര്യത്തിൽ ഇന്ത്യൻ പേറ്റന്റ് നിയമത്തിലെ 92-ാം നിർബന്ധിത ലൈസൻസിങ് (Compulsory Licensing) വകുപ്പ് പ്രയോഗിച്ച് റെംഡെസിവിർ കുറഞ്ഞവിലയ്ക്ക് ഉത്‌പാദിപ്പിക്കാൻ തയ്യാറുള്ള കമ്പനിക്ക് അതിനുള്ള അവകാശം നൽകണമെന്ന ആവശ്യം ഉയർന്നുവന്നിരുന്നത് കേന്ദ്രസർക്കാർ അവഗണിച്ചു. ദക്ഷിണാഫ്രിക്കയുമായിച്ചേർന്ന് ഇന്ത്യ, കെനിയ, മൊസാംബിക്, പാകിസ്താൻ, ബൊളീവിയ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ കോവിഡ് നിയന്ത്രണം കൈവരിക്കുന്നതുവരെ വാക്സിൻ അടക്കമുള്ള കോവിഡ് ഉത്‌പന്നങ്ങൾ പേറ്റന്റ്‌നിയമങ്ങളിൽ നിന്ന് ഒഴിവാക്കിത്തരണമെന്ന് ലോകവ്യാപരസംഘടനയോട് (World Trade Organisation) ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ നീക്കത്തിൽനിന്ന് ഇന്ത്യ, അമേരിക്കൻ സമ്മർദത്തെത്തുടർന്ന് പിന്മാറുകയാണുണ്ടായത്.
Content Highlights: Modi Govt`s COVID Vaccine Policy: A Critical Analysis
Published: 08 Apr 2025, 09:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented