ബെം​ഗളൂരു: കർണാടകയിലെ യുവാക്കൾക്കിടയിലെ ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ കോവിഡ് വാക്സിൻ അല്ലെന്ന് കണ്ടെത്തി വിദ​ഗ്ധസമിതി. കോവിഡ് വാക്സിനോ, കോവിഡ് അണുബാധയ്ക്കോ, ദീർഘകാലകോവിഡിനോ ഈ മരണങ്ങളുമായി ബന്ധമില്ലെന്ന് സമിതി കണ്ടെത്തി. കഴിഞ്ഞ നാൽപതു ദിവസത്തിനിടെ ഹാസൻ ജില്ലയിൽ 21 ഹൃദയാഘാത മരണങ്ങൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ആരോ​ഗ്യമന്ത്രി ദിനേശ് ​ഗുണ്ടുറാവു വിദ​ഗ്ധ സമിതിയുടെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. 

To advertise here,

കോവി‍ഡിനു തൊട്ടുപിന്നാലെയുള്ള ഘട്ടത്തിൽ പലരിലും ഹൃദ്രോ​ഗസംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഇങ്ങനെ സംഭവിക്കില്ലെന്നും നിലവിൽ മഹാമാരി പിന്നിട്ട് മൂന്നുവർഷമായെന്നും റിപ്പോർട്ടിലുണ്ട്. കോവിഡും ഹൃദയാഘാതവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യാനായി ആ​ഗോളതലത്തിൽ ലഭ്യമായിട്ടുള്ള നിരവധി ​ഗവേഷണങ്ങളും സമിതി പരിശോധിച്ചു. അവയിലൊന്നും കോവിഡ് വാക്സിനേഷനും പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവ് കണ്ടെത്താനായില്ലെന്നും സമിതി വ്യക്തമാക്കി. 

പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങൾക്കു പിന്നിലെ പ്രധാന കാരണം ഹൈപ്പർടെൻഷൻ, ഡയബറ്റിസ്, പുകവലി തുടങ്ങിയവ ആകാമെന്നും സമിതി വ്യക്തമാക്കി. കോവിഡ് കാലത്തിനുശേഷം ജീവിതരീതിയിൽ വന്ന മാറ്റങ്ങളും മറ്റും ഡയബറ്റിസ്, ഹൈപ്പർടെൻഷൻ, കൊളസ്ട്രോൾ തുടങ്ങിയവയുടെ നിലയിൽ വർധനവുണ്ടാക്കുകയും ഇത് അപകടസാധ്യതാ ഘടകങ്ങളായി മാറിയിട്ടുണ്ടാവാമെന്നും വിദ​ഗ്ധസമിതി വ്യക്തമാക്കുന്നു. 

ഹാസൻ ജില്ലയിൽ മാത്രം ഇരുപതിലേറെപ്പേർ ഹൃദയാഘാതത്താൽ മരിച്ച സാഹചര്യത്തിലാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. കോവിഡ് വാക്സിനും പ്രസ്തുത മരണങ്ങളും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പറഞ്ഞിരുന്നു. ആ​ഗോളതലത്തിൽ തന്നെ നിരവധി പഠനങ്ങൾ വാക്സിനും ഹൃദയസ്തംഭനവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 

അതിനിടെ യുവാക്കൾക്കിടയിലെ ഹൃദയാഘാതം മൂലമുള്ള മരണങ്ങളും കോവിഡ് വാക്സിനേഷനും തമ്മിൽ ബന്ധമില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഐസിഎംആറിന്റെയും (Indian Council of Medical Research) എൻസിഡിസിയുടെയും (National Centre for Disease Control) പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് വാക്സിനും ഹൃദയാഘാതവും തമ്മിൽ നേരിട്ട് ബന്ധമില്ലെന്ന് കണ്ടെത്തിയത്. രാജ്യത്തെ ഹൃദയാഘാത മരണങ്ങളുടെ വർധനവിൽ വിവിധ ഏജൻസികളിലൂടെ അന്വേഷണം നടത്തിവരികയാണെന്നും ആരോ​ഗ്യമന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കുകയുണ്ടായി.

കോവിഡ് വാക്സിനേഷനല്ല മറിച്ച് നേരത്തേയുള്ള ആരോ​ഗ്യപ്രശ്നങ്ങളും ഉദാസീനമായ ജീവിതരീതിയും ജനിതക ഘടകങ്ങളും യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങൾക്ക് പിന്നിലെ പ്രധാന കാരണമാണെന്ന് ഇരുപഠനങ്ങളും പറയുന്നുണ്ട്. പൗരന്മാരുടെ ക്ഷേമം സംരക്ഷിക്കുന്നതിനായി തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പൊതുജനാരോ​ഗ്യ സംരക്ഷണത്തിന് ഇന്ത്യാ ​ഗവൺമെന്റ് പ്രതിജ്ഞാബദ്ധരാണെന്നും ആരോ​ഗ്യമന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.