തിരുവനന്തപുരം: കോവിഡിനുശേഷം ഹൃദ്രോഗംമൂലം യുവാക്കൾ കുഴഞ്ഞുവീണു മരിക്കുന്ന സംഭവങ്ങൾക്ക് കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന ഐസിഎംആറിന്റെ പഠനം ശരിവെച്ച് ആരോഗ്യവകുപ്പ്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി വഴി ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) നടത്തിയ പഠനം ആധികാരികമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയതിനുപിന്നാലെയാണ് സംസ്ഥാന ആരോഗ്യവകുപ്പും അതേ നിലപാടിലേക്ക് നീങ്ങുന്നത്.
നേരത്തേ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്ന യുവാക്കളിലും കുട്ടികളിലും കോവിഡിനുശേഷം ഹൃദയസ്തംഭനം, മറ്റു ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, രക്താതിസമ്മർദം എന്നിവ കൂടിയിട്ടുണ്ടെന്ന് ഡൽഹി എയിംസിന്റെയും മറ്റും പഠനങ്ങളുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
വാക്‌സിൻ മരണനിരക്ക് കുറച്ചു
വാക്സിൻ സ്വീകരിക്കുന്നതിനുമുൻപ് കോവിഡ് -19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ പെട്ടെന്നുള്ള മരണസാധ്യത നാലിരട്ടിയായിരുന്നു. വാക്‌സിന്റെ രണ്ടുഡോസ് സ്വീകരിച്ചത് രോഗം ഗുരുതരമാവുന്നതും മരണസാധ്യതയും കുറച്ചുവെന്നാണ് ഐസിഎംആർ പഠനം. ജനിതകകാരണങ്ങൾ, മദ്യപാനം, ആയാസകരമായ വ്യായാമങ്ങൾ, ജീവിതശൈലി, കോവിഡാനന്തര സങ്കീർണതകൾ തുടങ്ങിയവയൊക്കെയാണ് യുവാക്കളിലെ പെട്ടെന്നുള്ള മരണത്തിന് കാരണങ്ങളെന്നാണ് നിഗമനം. 18-നും 45-നും ഇടയിൽ പ്രായമുണ്ടായിരുന്നവരിൽ രണ്ടു പഠനങ്ങളാണ് ഐസിഎംആർ നടത്തിയത്. 19 സംസ്ഥാനങ്ങളിലെ 47 ആശുപത്രികളിൽ അകാലമരണം സംഭവിച്ച 726 പേരുടെ വിവരങ്ങളാണ് ആദ്യം വിശകലനം ചെയ്തത്.
രക്തം കട്ടപിടിക്കുന്നതടക്കമുള്ള രോഗങ്ങളുമായി ചികിത്സയിലുണ്ടായിരുന്ന 292 രോഗികളിലായിരുന്നു രണ്ടാമത്തെ പഠനം. നേരത്തേത്തന്നെയുണ്ടായിരുന്ന രോഗം, വാക്‌സിൻ സ്വീകരിക്കുംമുൻപുതന്നെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നവർ, നിയന്ത്രണമില്ലാത്ത പുകവലി, ഒന്നിലധികം രോഗങ്ങൾ എന്നിവയൊക്കെയാണ് ഈ വിഭാഗത്തിലുള്ളവരെ മരണത്തിലേക്ക് നയിച്ചതെന്നും പഠനത്തിൽ കണ്ടെത്തിയിരുന്നു.
Content Highlights: ICMR Study Confirms: COVID-19 Vaccines Not Linked to Youth Cardiac Deaths
Published: 13 Dec 2025, 04:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented