കോവിഡിനുശേഷമുള്ള യുവാക്കളുടെ അപ്രതീക്ഷിത മരണനിരക്കും കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന് എയിംസ് പഠനം. ‘Burden of Sudden Death in Young Adults: A One-Year Observational Study at a Tertiary Care Centre in India' എന്ന പഠനം ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ മുഖപത്രമായ 'ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ച്'-ലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

To advertise here,

18-നും 45-നും ഇടയിൽ പ്രായമുള്ളവരിലുണ്ടായ അപ്രതീക്ഷിത മരണ കേസുകളാണ് പഠനം പരിശോധിച്ചത്. ഇതിലെ പോസ്റ്റ്‌മോർട്ടം ഇമേജിങ്, ഓട്ടോപ്‌സി, ഹിസ്റ്റോപാത്തോളജിക്കൽ പരിശോധനകൾ എന്നിവ ഗവേഷകർ വിലയിരുത്തി. തുടർന്ന്, ചെറുപ്പക്കാരിലുണ്ടായ മരണങ്ങളും കോവിഡ്-19 വാക്സിനേഷനും തമ്മിൽ ബന്ധമില്ലെന്നതാണ് നിഗമനം. മരണങ്ങളിൽ ഭൂരിഭാഗവും മറ്റ് മെഡിക്കൽ കാരണങ്ങളാലാണ് സംഭവിച്ചതെന്നും ഇതിൽ ഹൃദ്രോഗമാണ് പ്രധാന കാരണമായി കണ്ടെത്തിയതെന്നും ഗവേഷകർ വ്യക്തമാക്കി.

കോവിഡ്-19 വാക്സിനുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങളും തെറ്റായ റിപ്പോർട്ടുകളും പ്രചരിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു പഠനം പുറത്തുവരുന്നത് വളരെ പ്രധാനമാണെന്ന് എയിംസ് ഡൽഹിയിലെ ഡോക്ടർ ഡോ. സുധീർ കുമാർ അറാവ പറഞ്ഞു. പൊതുജനം വിശ്വസനീയമായ ശാസ്ത്രീയ ഉറവിടങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ മാത്രം വിശ്വസിക്കണം. വാക്സിനേഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പൊതുജനവിശ്വാസത്തെ ദുർബലപ്പെടുത്താൻ സാധ്യതയുള്ള തെറ്റായ വിവരങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐസിഎംആർ പഠനം പറയുന്നത്

വാക്സിൻ സ്വീകരിക്കുന്നതിനുമുൻപ്‌ കോവിഡ് -19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ പെട്ടെന്നുള്ള മരണസാധ്യത നാലിരട്ടിയായിരുന്നു. വാക്‌സിന്റെ രണ്ടുഡോസ് സ്വീകരിച്ചത് രോഗം ഗുരുതരമാവുന്നതും മരണസാധ്യതയും കുറച്ചുവെന്നാണ് ഐസിഎംആർ പഠനം പറയുന്നത്. ജനിതകകാരണങ്ങൾ, മദ്യപാനം, ആയാസകരമായ വ്യായാമങ്ങൾ, ജീവിതശൈലി, കോവിഡാനന്തര സങ്കീർണതകൾ തുടങ്ങിയവയൊക്കെയാണ് യുവാക്കളിലെ പെട്ടെന്നുള്ള മരണത്തിന് കാരണങ്ങളെന്നാണ് നിഗമനം. 18-നും 45-നും ഇടയിൽ പ്രായമുണ്ടായിരുന്നവരിൽ രണ്ടു പഠനങ്ങളാണ് ഐസിഎംആർ നടത്തിയത്. 19 സംസ്ഥാനങ്ങളിലെ 47 ആശുപത്രികളിൽ അകാലമരണം സംഭവിച്ച 726 പേരുടെ വിവരങ്ങളാണ് ആദ്യം വിശകലനം ചെയ്തത്‌.

രക്തം കട്ടപിടിക്കുന്നതടക്കമുള്ള രോഗങ്ങളുമായി ചികിത്സയിലുണ്ടായിരുന്ന 292 രോഗികളിലായിരുന്നു രണ്ടാമത്തെ പഠനം. നേരത്തേത്തന്നെയുണ്ടായിരുന്ന രോഗം, വാക്‌സിൻ സ്വീകരിക്കുംമുൻപുതന്നെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നവർ, നിയന്ത്രണമില്ലാത്ത പുകവലി, ഒന്നിലധികം രോഗങ്ങൾ എന്നിവയൊക്കെയാണ് ഈ വിഭാഗത്തിലുള്ളവരെ മരണത്തിലേക്ക് നയിച്ചതെന്നും പഠനത്തിൽ കണ്ടെത്തിയിരുന്നു.