വാഷിങ്ടൺ: യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട പരാജയത്തിന് പിന്നാലെ ഇറാനിലെ ജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി രാജ്യത്തിന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി. തിരഞ്ഞെടുപ്പ് ഫലം ഏതെങ്കിലും തരത്തിൽ യുഎസിന് ഇറാനോടുള്ള നിലപാടിൽ മാറ്റം വരുത്തുമെന്ന് വിശ്വസിക്കരുത് എന്ന് ഖമനേയി എക്‌സിലൂടെ അഭ്യർഥിച്ചു.

To advertise here,

യുഎസിന്റെ ഭാഗത്തുനിന്ന് വീണ്ടും ആക്രമണങ്ങൾ ഉണ്ടായാൽ, പശ്ചിമേഷ്യയിൽ ഇപ്പോൾ നടക്കുന്ന യുദ്ധം കൂടുതൽ വ്യാപകമാക്കുമെന്നും ഖമനേയി താക്കീത് നൽകി. അതേസമയം, വോട്ടർമാർക്കിടയിൽ ഉയർന്നുവന്ന് യുദ്ധവിരുദ്ധവികാരത്തെ ഇറാൻ സ്വാഗതം ചെയ്തു. ഈ വർഷത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയങ്ങളിലൊന്ന് യുഎസ്-ഇറാൻ യുദ്ധമായിരുന്നു.

ഒറ്റരാത്രികൊണ്ടാണ് വാഷിങ്ടണിലെ അധികാര സന്തുലനം മാറിമറിഞ്ഞത്. പ്രതിനിധി സഭയുടെയും (House) സെനറ്റിന്റെയും (Senate) നിയന്ത്രണം ഡെമോക്രാറ്റുകൾ കൈക്കലാക്കി. ട്രംപ് നടപ്പിലാക്കിയ നയങ്ങൾക്കെതിരെയുള്ള ജനങ്ങളുടെ വ്യക്തമായ വിധിയെഴുത്തായാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തെ പൊതുവിൽ വിലയിരുത്തപ്പെടുന്നത്. എന്നാൽ ഈ മാറ്റം, യുഎസിന്റെ ഇറാൻ നയത്തിൽ അയവുണ്ടാകാൻ പോകുന്നു എന്നതിന്റെ സൂചനയായി കാണരുതെന്ന് ഖമനേയി ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഇറാനുനേരെയുള്ള ആക്രമണങ്ങൾ അമേരിക്ക വീണ്ടും തുടരുകയാണെങ്കിൽ പശ്ചിമേഷ്യയിലെ യുദ്ധം കൂടുതൽ വ്യാപിക്കുമെന്നും ഇറാന്റെ പരമോന്നത നേതാവ് മുന്നറിയിപ്പ് നൽകി. 'ഇനിയും ഇത്തരം അധിനിവേശങ്ങൾ ആവർത്തിക്കുകയാണെങ്കിൽ, യുദ്ധത്തിന്റെ വ്യാപ്തി വളരെ വലുതായിരിക്കും.' അദ്ദേഹം പറഞ്ഞു. മാർച്ചിൽ അധികാരം ഏറ്റെടുത്ത ശേഷം ഖമനേയി ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതിയില്ലായ്മ മുതലെടുത്താണ് ചരിത്രപരവും നിർണായകവുമായ വിജയത്തിലൂടെ ഡെമോക്രാറ്റുകൾ ജനപ്രതിനിധി സഭയുടെയും സെനറ്റിന്റെയും നിയന്ത്രണം തിരിച്ചുപിടിച്ചത്. ഇതോടെ, ട്രംപിന്റെ ഭരണത്തിന്റെ അവസാന രണ്ട് വർഷങ്ങളിൽ അദ്ദേഹത്തിന്റെമേൽ നിയന്ത്രണം കൊണ്ടുവരാനുള്ള യഥാർത്ഥ അധികാരം നേടിയിരിക്കുകയാണ് ഡെമോക്രാറ്റുകൾ.

അതേസമയം, ദി ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് അനുരഞ്ജന നിലപാടാണ് ട്രംപ് സ്വീകരിച്ചത്. 'ഈ ഫലങ്ങൾ പൂർണമായും അംഗീകരിക്കാൻ ഞാൻ തയ്യാറാണ്. എന്നും ഡെമോക്രാറ്റുകളുമായി ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധനാണ്.' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട പരാജയം തനിക്ക് നേരിട്ട പ്രഹരമായി കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.